---
title: " കുറച്ച് നാൾ അങ്ങോട്ടേയ്ക്ക് പോകേണ്ട..! യുവാവിന് നേർക്ക് കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു, സംഘം ചേർന്ന്  വെട്ടി കൊല്ലാനും ശ്രമം; 'ലിയോയെ' കൊച്ചിയിൽ നിന്നും നാട് കടത്തി"
english_title: "Kochi Police Exile Habitual Offender Leo Under KAAPA for 6 Months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373572/kochi-police-kaapa-leo-exile-6-months-athemanur"
published_at: "2026-07-20T17:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5e143df2747_kochi-police-kaapa-leo-exile-6-months-athemanur.jpg"
keywords: ["Kochi Police", "KAAPA", "Kerala Anti Social Activities Act", "Leo", "Perumbavoor", "Attempt to Murder"]
---

#  കുറച്ച് നാൾ അങ്ങോട്ടേയ്ക്ക് പോകേണ്ട..! യുവാവിന് നേർക്ക് കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു, സംഘം ചേർന്ന്  വെട്ടി കൊല്ലാനും ശ്രമം; 'ലിയോയെ' കൊച്ചിയിൽ നിന്നും നാട് കടത്തി

> **Lead Summary:** കൊച്ചി: വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിയെ കാപ്പ ചുമത്തി കൊച്ചി പോലീസ് 6 മാസത്തേക്ക് നാട് കടത്തി. അശമന്നൂർ പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോക്കെതിരെയാണ് എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്രയുടെ ഉത്തരവ്.

## Article Content

കൊച്ചി: വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിയെ കാപ്പ ചുമത്തി കൊച്ചി പോലീസ് 6 മാസത്തേക്ക് നാട് കടത്തി. അശമന്നൂർ പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോക്കെതിരെയാണ് എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്രയുടെ ഉത്തരവ്.

2020-ൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം കണ്ടന്തറ ഭാഗത്ത് വെച്ച് ഒരു യുവാവിനെ കൈത്തോക്ക് ഉപയോഗിച്ച് വെടിവെച്ച്, തുടർന്ന് സംഘം ചേർന്ന് വാളും കത്തിയും ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 6-ാം പ്രതിയാണ് ലിയോ.

ഈ കേസ് പെരുമ്പാവൂർ പോലീസാണ് രജിസ്റ്റർ ചെയ്തത്.ഇതിന് പുറമെ കഴിഞ്ഞ മെയ് മാസത്തിൽ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ കുറുപ്പംപടി പോലീസും ലിയോയെ പ്രതി ചേർത്തിരുന്നു. ഈ കേസുകൾ ഉൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലം പരിഗണിച്ചാണ് ലിയോക്കെതിരെ കേരളാ ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ ചുമത്താൻ പോലീസ് ശുപാർശ നൽകിയത്.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം അടുത്ത 6 മാസത്തേക്ക് ലിയോ എറണാകുളം ജില്ലാ അതിർത്തി വിട്ട് നിൽക്കണം.

കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആയുധ നിയമ ലംഘനം, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസ് എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ലിയോ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്ത് നിരന്തരം കുറ്റകൃത്യങ്ങൾ നടത്തി സാധാരണക്കാരെ ഭീഷണിപ്പെടുത്തിയിരുന്ന ലിയോയെ നാട് കടത്തിയതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373572/kochi-police-kaapa-leo-exile-6-months-athemanur)