---
title: "ഡൽഹിയിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച: വായയ്ക്കുള്ളിൽ ബാൻഡേജ് തിരുകി തോക്കുചൂണ്ടി 9 ലക്ഷവും സ്വർണവും കവർന്നു"
english_title: "Delhi Robbery Armed Gang Ties Family Steals 9 Lakh and Gold"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373529/delhi-robbery-armed-gang-ties-family-steals-9-lakh-and-gold"
published_at: "2026-07-20T15:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dedd04a388_delhi-robbery-armed-gang-ties-family-steals-9-lakh-and-gold.jpg"
keywords: ["Latest News", "Delhi", "Robbery", "Delhi Robbery"]
---

# ഡൽഹിയിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച: വായയ്ക്കുള്ളിൽ ബാൻഡേജ് തിരുകി തോക്കുചൂണ്ടി 9 ലക്ഷവും സ്വർണവും കവർന്നു

> **Lead Summary:** **ന്യൂഡൽഹി:[ **വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിൽ സിനിമാറ്റിക് മോഡൽ കവർച്ച. പ്രമുഖ സാമൂഹിക പ്രവർത്തകനായ ഹരീഷ് ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സായുധ സംഘം ഒൻപത് ലക്ഷം രൂപയും വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും കവർന്നു. കുടുംബാംഗങ്ങളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, വായയ്ക്കുള്ളിൽ ബാൻഡേജ് തിരുകി കൈകാലുകൾ കയറുകൊണ്ട് കെട്ടിയിട്ട ശേഷമായിരുന്നു വൻ മോഷണം.

## Article Content

**ന്യൂഡൽഹി:[ **വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിൽ സിനിമാറ്റിക് മോഡൽ കവർച്ച. പ്രമുഖ സാമൂഹിക പ്രവർത്തകനായ ഹരീഷ് ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സായുധ സംഘം ഒൻപത് ലക്ഷം രൂപയും വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും കവർന്നു. കുടുംബാംഗങ്ങളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, വായയ്ക്കുള്ളിൽ ബാൻഡേജ് തിരുകി കൈകാലുകൾ കയറുകൊണ്ട് കെട്ടിയിട്ട ശേഷമായിരുന്നു വൻ മോഷണം.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. മീറ്റിങ്ങിനായി വന്നതാണെന്ന് പറഞ്ഞ് ഹരീഷ് ചന്ദ്രനെ ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് അക്രമികൾ വീട്ടിലെത്തിയത്.

സംഭാഷണത്തിനിടെ ഫോൺ സ്വിച്ച് ഓഫായതോടെ, ഹരീഷ് ചന്ദ്രൻ പറഞ്ഞിട്ടാണ് വന്നതെന്നും ചായ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് സംഘം വീടിനുള്ളിൽ കടക്കുകയായിരുന്നു. ഹരീഷിന്റെ ഭാര്യയും മൂന്ന് മക്കളുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.

അകത്തുകയറിയ ഉടൻ തോക്കുചൂണ്ടി വീട്ടുകാരെ ബന്ദികളാക്കുകയായിരുന്നു. ഇവർ പുറത്തുപറയാതിരിക്കാൻ വായയിൽ ബാൻഡേജ് കുത്തിത്തിരുകി കൈകാലുകൾ ബന്ധിച്ചു. തുടർന്ന് ഒൻപത് ലക്ഷം രൂപയും സ്വർണവും കവർന്ന സംഘം, തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിജിറ്റൽ വീഡിയോ റെക്കോർഡറും (DVR) എടുത്താണ് പിൻവാതിലിലൂടെ രക്ഷപ്പെട്ടത്.

ഏകദേശം ഒരു മണിക്കൂറോളം വീടിനുള്ളിൽ താണ്ഡവമാടിയ സംഘം മടങ്ങിയ ശേഷം, കുടുംബാംഗങ്ങൾ സ്വയം കെട്ടഴിച്ച് പുറത്തെത്തിയാണ് പോലീസിനെ വിവരമറിയിച്ചത്. വീട്ടിലെ ഡിവിആർ നഷ്ടപ്പെട്ടതിനാൽ സമീപപ്രദേശങ്ങളിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മുൻകാല ക്രിമിനൽ സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373529/delhi-robbery-armed-gang-ties-family-steals-9-lakh-and-gold)