---
title: "'തോൽവി എന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു, എന്നോട് ക്ഷമിക്കുക'; കണ്ണീരോടെ വാർത്താസമ്മേളനം പൂർത്തിയാക്കാനാകാതെ മടങ്ങി സ്കലോണി"
english_title: "Lionel Scaloni Breaks Down in Press Conference After World Cup Final Loss"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373526/lionel-scaloni-cries-press-conference-world-cup-final-loss"
published_at: "2026-07-20T14:59:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5debd53672a_lionel-scaloni-cries-press-conference-world-cup-final-loss.jpg"
keywords: ["Latest news", "Lionel Scaloni", "Argentina", "World Cup Final", "Football", "Messi"]
---

# 'തോൽവി എന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു, എന്നോട് ക്ഷമിക്കുക'; കണ്ണീരോടെ വാർത്താസമ്മേളനം പൂർത്തിയാക്കാനാകാതെ മടങ്ങി സ്കലോണി

> **Lead Summary:** ന്യൂയോർക്ക്: **[**ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് അർജന്റീനിയൻ പരിശീലകൻ ലയണൽ സ്കലോണി.

## Article Content

ന്യൂയോർക്ക്: **[**ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് അർജന്റീനിയൻ പരിശീലകൻ ലയണൽ സ്കലോണി.

തോൽവിയുടെ കടുത്ത വിഷമത്തിൽ സംസാരിക്കാനാകാതെ, വാർത്താസമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ച് കണ്ണീരോടെയാണ് അദ്ദേഹം മടങ്ങിയത്. ഹാളിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ കൈയ്യടികൾക്കിടയിലൂടെയാണ് വികാരാധീനനായ സ്കലോണി പുറത്തേക്ക് പോയത്.

ടീമിന്റെ പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യത്തിൽ അന്തിമ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും, 2026 ഡിസംബർ വരെയുള്ള തന്റെ നിലവിലെ കരാർ കാലാവധി പൂർത്തിയാക്കുമെന്നാണ് സ്കലോണി നൽകുന്ന സൂചന.

കിരീടം നഷ്ടപ്പെട്ടതിൽ കടുത്ത സങ്കടമുണ്ടെങ്കിലും പെട്ടെന്നൊരു രാജിക്ക് താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

> തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ നയിച്ച 48-കാരനായ സ്കലോണിക്ക്, ന്യൂജേഴ്‌സിയിൽ എക്സ്ട്രാ ടൈമിൽ വഴങ്ങിയ ആ ഒരൊറ്റ ഗോൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. "ഞാൻ പ്രസിഡന്റുമായി സംസാരിക്കും.

> എനിക്ക് എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. കരാർ കാലാവധി ഞാൻ പൂർത്തിയാക്കും. പക്ഷേ ഇത്രയും വലിയൊരു നേട്ടത്തിന് ശേഷം ഇനിയെന്ത് എന്നതിനെക്കുറിച്ച് എനിക്ക് കുറച്ചുകൂടി കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്," സ്കലോണി പറഞ്ഞു.

28 വർഷത്തെ അർജന്റീനയുടെ കിരീട വരൾച്ച അവസാനിപ്പിച്ച്, ലോകകപ്പ് ഉൾപ്പെടെ 4 പ്രധാന കിരീടങ്ങൾ ടീമിന് നേടിക്കൊടുത്ത പരിശീലകനാണ് സ്കലോണി. എന്നാൽ സ്പെയിനിനെതിരെയുള്ള ഫൈനലിൽ ടീം പൂർണ്ണമായും ലയണൽ മെസിയെ മാത്രം ആശ്രയിക്കുന്ന അവസ്ഥയായിരുന്നുവെന്നും ഇനിയൊരു പുതിയ തലമുറയെ വാർത്തെടുക്കുക എന്നത് കഠിനമായ ദൗത്യമാണെന്നും അദ്ദേഹം സമ്മതിച്ചു.

മുന്നോട്ട് പോകണമെങ്കിൽ മാനസികമായി റീസെറ്റ് ചെയ്യണമെന്നും വീണ്ടുമൊരു മികച്ച ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കണമെന്നും പറഞ്ഞാണ് സ്കലോണി വാക്കുകൾ അവസാനിപ്പിച്ചത്.

39-ാം വയസ്സിലും ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമായും തിളങ്ങിയ ക്യാപ്റ്റൻ ലയണൽ മെസിയെ പ്രശംസിക്കാനും സ്കലോണി മറന്നില്ല. മെസി എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനാണെന്നും അദ്ദേഹം ആഗ്രഹിക്കുന്നിടത്തോളം കാലം കളിക്കുമെന്നും സ്കലോണി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373526/lionel-scaloni-cries-press-conference-world-cup-final-loss)