---
title: "ഞെട്ടലോടെ പൊലീസ് സേന...! ത്രിപുര ഡിജിപി പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി"
english_title: "Tripura DGP Anurag Dhankar Found Dead in Agartala, Suicide Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373525/tripura-dgp-anurag-dhankar-found-dead-in-agartala-suicide-suspected"
published_at: "2026-07-20T14:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dea18d5e2b_tripura-dgp-anurag-dhankar-found-dead-in-agartala-suicide-suspected.jpg"
keywords: ["Tripura DGP", "Anurag Dhankar", "Agartala", "IPS Officer", "Police Headquarters", "Suicide", "Manik Saha", "Tripura Police"]
---

# ഞെട്ടലോടെ പൊലീസ് സേന...! ത്രിപുര ഡിജിപി പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി

> **Lead Summary:** അഗർത്തല: ഞെട്ടിക്കുന്ന സംഭവത്തിൽ ത്രിപുര സംസ്ഥാന പൊലീസ് മേധാവി അനുരാഗ് ധങ്കറിനെ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

അഗർത്തല: ഞെട്ടിക്കുന്ന സംഭവത്തിൽ ത്രിപുര സംസ്ഥാന പൊലീസ് മേധാവി അനുരാഗ് ധങ്കറിനെ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

1994 ബാച്ച് ഐപിഎസ് ഓഫീസറായ അനുരാഗ് ധങ്കർ മൂന്ന് പതിറ്റാണ്ടായി സേവനത്തിലുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അദ്ദേഹം ത്രിപുരയുടെ ഡിജിപിയായി ചുമതലയേറ്റത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വെടിയേറ്റാണ് ഡിജിപിയുടെ മരണം സംഭവിച്ചത്.

സർവീസ് റിവോൾവർ ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിവച്ചതാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവം നടന്നയുടൻ അദ്ദേഹത്തെ അഗർത്തലയിലെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവസ്ഥലത്ത് പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.1995 മുതൽ 2003 വരെ ത്രിപുര കേഡറിൽ വിവിധ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച അനുരാഗ് ധങ്കർ പിന്നീട് ഒരു വർഷക്കാലം കൊസോവോയിലെ യുഎൻ മിഷന്റെ ഭാഗമായി പ്രവർത്തിച്ചു.

അതിനുശേഷം കേന്ദ്ര ഡെപ്യൂട്ടേഷനിൽ സിബിഐയിലും സിഐഎസ്എഫിലും നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. കേന്ദ്ര സേവനത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും ത്രിപുരയിൽ തിരിച്ചെത്തിയത്.സംഭവം അറിഞ്ഞ് ഉടൻ തന്നെ മുഖ്യമന്ത്രി മാണിക് സാഹ ഉൾപ്പെടെയുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൊലീസ് ആസ്ഥാനത്തെത്തി.

ഡിജിപിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകി. ഇതുവരെ ഡിജിപിയുടെ മരണ കാരണത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും അന്വേഷണത്തിനും ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവം സംസ്ഥാനത്തെ പൊലീസ് സേനയിലും രാഷ്ട്രീയ രംഗത്തും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

***(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373525/tripura-dgp-anurag-dhankar-found-dead-in-agartala-suicide-suspected)