---
title: "ഒരൊറ്റ ഗോൾ, സ്പെയിനിലേക്ക് ഒഴുകിയെത്തിയത് എത്ര കോടി? 2026 ലോകകപ്പിലെ സമ്മാനത്തുക കണ്ട് കണ്ണ് തള്ളി ഫുട്ബോൾ ലോകം"
english_title: "Spain Wins 2026 FIFA World Cup Record 50 Million Dollar Prize"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373514/spain-wins-2026-fifa-world-cup-record-prize-money"
published_at: "2026-07-20T14:20:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5de1fd27198_spain-wins-2026-fifa-world-cup-record-prize-money.jpg"
keywords: ["FIFA World Cup 2026", "Rodri Golden Ball", "Messi", "Prize Money", "Spain"]
---

# ഒരൊറ്റ ഗോൾ, സ്പെയിനിലേക്ക് ഒഴുകിയെത്തിയത് എത്ര കോടി? 2026 ലോകകപ്പിലെ സമ്മാനത്തുക കണ്ട് കണ്ണ് തള്ളി ഫുട്ബോൾ ലോകം

> **Lead Summary:** ** 2026 **ഫിഫ ലോകകപ്പിൽ ചരിത്രനേട്ടവുമായി സ്പെയിൻ. അധികസമയത്തെ ആവേശകരമായ പോരാട്ടത്തിൽ അർജന്റീനയെ 1-0ന് പരാജയപ്പെടുത്തിയ സ്പെയിൻ രണ്ടാം തവണയും ലോകകപ്പ് കിരീടം സ്വന്തമാക്കി. ഫെറാൻ ടോറസിന്റെ അധികസമയ ഗോളാണ് സ്പെയിനിന് ജയം സമ്മാനിച്ചത്.

## Article Content

** 2026 **ഫിഫ ലോകകപ്പിൽ ചരിത്രനേട്ടവുമായി സ്പെയിൻ. അധികസമയത്തെ ആവേശകരമായ പോരാട്ടത്തിൽ അർജന്റീനയെ 1-0ന് പരാജയപ്പെടുത്തിയ സ്പെയിൻ രണ്ടാം തവണയും ലോകകപ്പ് കിരീടം സ്വന്തമാക്കി. ഫെറാൻ ടോറസിന്റെ അധികസമയ ഗോളാണ് സ്പെയിനിന് ജയം സമ്മാനിച്ചത്.

ഈ കിരീടത്തോടൊപ്പം ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയും സ്പെയിൻ സ്വന്തമാക്കി. ചാമ്പ്യന്മാരായ സ്പാനിഷ് ടീമിന് 50 മില്യൺ ഡോളർ, അതായത് ഏകദേശം ₹430 കോടിയിലധികമാണ് സമ്മാനമായി ലഭിച്ചത്.ഫിഫയുടെ റെക്കോർഡ് സമ്മാന വിതരണ പദ്ധതിയുടെ ഭാഗമായാണ് ഈ വർഷം തുക വർധിപ്പിച്ചത്.

ഫൈനലിൽ തോറ്റെങ്കിലും റണ്ണറപ്പായ അർജന്റീനയ്ക്ക് 33 മില്യൺ ഡോളറും ലഭിച്ചു. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള ടീം കിരീടം നഷ്ടപ്പെടുത്തിയെങ്കിലും സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കി.മൂന്നാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് 29 മില്യൺ ഡോളറും, നാലാം സ്ഥാനക്കാരായ ഫ്രാൻസിന് 27 മില്യൺ ഡോളറുമാണ് ലഭിച്ചത്.

48 ടീമുകൾ പങ്കെടുത്ത 2026 ലോകപ്പിനായി ഫിഫ ആകെ 655 മില്യൺ ഡോളറിലധികം സമ്മാനത്തുകയായി മാറ്റിവെച്ചിരുന്നു. മുൻ ലോകപ്പിനെ അപേക്ഷിച്ച് ഇത് വലിയ വർധനവാണ്. ക്വാർട്ടർ, പ്രീക്വാർട്ടർ, ഗ്രൂപ്പ് ഘട്ടങ്ങളിൽ നിന്ന് പുറത്തായ ടീമുകൾക്കും ഘട്ടം അനുസരിച്ച് വ്യത്യസ്ത തുകകൾ ഫിഫ പ്രഖ്യാപിച്ചു.

വ്യക്തിഗത പുരസ്കാരങ്ങളിലും സ്പെയിനിന്റെ ആധിപത്യമുണ്ടായി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നായകൻ റോഡ്രി സ്വന്തമാക്കി. മികച്ച ഗോൾകീപ്പറായി ഉനായ് സിമോണും മികച്ച യുവതാരമായി പൗ കുബാർസിയും തിരഞ്ഞെടുക്കപ്പെട്ടു. ഗോൾഡൻ ബൂട്ട് ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും, സിൽവർ ബോൾ, സിൽവർ ബൂട്ട് എന്നിവ ലയണൽ മെസിയും നേടി.

ഫെയർ പ്ലേ ട്രോഫി നെതർലൻഡ്സിന് ലഭിച്ചു.യൂറോ 2024 കിരീടത്തിന് പിന്നാലെ ലോകകപ്പ് കൂടി നേടിയ സ്പെയിൻ, റോഡ്രിയുടെ നേതൃത്വത്തിൽ വീണ്ടും ലോക ഫുട്ബോളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373514/spain-wins-2026-fifa-world-cup-record-prize-money)