---
title: "'ചെന്താമര മരിക്കുന്നതു വരെ പേടി മാറില്ല, അയാള്‍ക്ക് വധശിക്ഷ കൊടുത്തതില്‍ ഒരുപാട് സന്തോഷം'; കോടതി വിധിയിൽ പ്രതികരണവുമായി സുധാകരന്റെയും സജിതയുടെയും മക്കള്‍"
english_title: "Nenmara Double Murder: Victim's Daughters React to Chenthamara's Death Sentence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373493/nenmara-double-murder-victims-daughters-reaction-death-sentence-new"
published_at: "2026-07-20T12:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dd0aebd5f6_nenmara-double-murder-victims-daughters-reaction-death-sentence.jpg"
keywords: ["Nenmara Double Murder", "Chenthamara", "Death Sentence", "Palakkad Court", "Victim Family"]
---

# 'ചെന്താമര മരിക്കുന്നതു വരെ പേടി മാറില്ല, അയാള്‍ക്ക് വധശിക്ഷ കൊടുത്തതില്‍ ഒരുപാട് സന്തോഷം'; കോടതി വിധിയിൽ പ്രതികരണവുമായി സുധാകരന്റെയും സജിതയുടെയും മക്കള്‍

> **Lead Summary:** പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിൽ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ രംഗത്ത്. വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും, പ്രതി ജീവിച്ചിരിക്കുന്നിടത്തോളം കാലം തങ്ങൾക്ക് പേടി മാറില്ലെന്ന് കുട്ടികൾ പറഞ്ഞു.

## Article Content

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിൽ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ രംഗത്ത്. വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും, പ്രതി ജീവിച്ചിരിക്കുന്നിടത്തോളം കാലം തങ്ങൾക്ക് പേടി മാറില്ലെന്ന് കുട്ടികൾ പറഞ്ഞു.

> "അയാൾക്ക് വധശിക്ഷ കൊടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും അയാൾക്ക് ഒരു മാറ്റവുമില്ല. അയാൾക്ക് ഒന്നിലും പേടിയില്ല. അയാൾ അനുഭവിച്ച് അതിനുള്ളിൽ ഇരിക്കണം. തൂക്കുകയർ കൊടുത്തതിൽ സന്തോഷമുണ്ട്" എന്നാണ് മക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോടതിയിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും ആ വിശ്വാസം കോടതി കാത്തുവെന്നും കുട്ടികൾ വ്യക്തമാക്കി. വിധിക്കായി കഠിനമായി പ്രവർത്തിച്ച കോടതിക്കും അഭിഭാഷകർക്കും മാധ്യമങ്ങൾക്കും ഉൾപ്പെടെ എല്ലാവരോടും നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു.

> പ്രതിഭാഗം അപ്പീലിന് പോയാൽ തങ്ങൾക്കും നിയമപരമായ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മക്കൾ അറിയിച്ചു. കൊലപാതകം നടന്ന സ്വന്തം നാട്ടിലേക്ക് ഇനി മടങ്ങില്ലെന്ന നിലപാടിലാണ് കുട്ടികൾ. "അച്ഛന്റെയും എല്ലാവരുടെയും ഓർമ ഞങ്ങൾക്കുണ്ട്. പഴയ ഓർമകളൊക്കെ വരുന്നത് വിഷമമാണ്.

> ഞങ്ങൾ അങ്ങോട്ട് പോകുന്നില്ല" എന്ന് അവർ പറഞ്ഞു. കോടതി വിധിച്ച 20 ലക്ഷം രൂപ പിഴത്തുക കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് വീതിച്ച് നൽകുന്നത് തങ്ങൾക്ക് ആശ്വാസമാകുമെന്നും കുട്ടികൾ പ്രതികരിച്ചു.2025 ജനുവരി 27നാണ് നെന്മാറയിൽ അയൽവാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

കേസ് പരിഗണിച്ച പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതിക്ക് മാനസാന്തരം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും നിരീക്ഷിച്ചാണ് വധശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373493/nenmara-double-murder-victims-daughters-reaction-death-sentence-new)