---
title: " 'അര്‍ജന്റീന തോറ്റതിന് പിന്നില്‍ കെ.സി വേണുഗോപാൽ..!'സൈബർ ആക്രമണത്തിനെതിരെ ആഭ്യന്തരമന്ത്രിക്ക് നിവേദനം; ത്രിവർണ പതാക പിടിക്കുന്ന ഒരു കോൺഗ്രസ് പ്രവർത്തകനും ഇങ്ങനെ ചെയ്യില്ലെന്ന്  പ്രവീൺ കുമാർ  എംഎൽഎ"
english_title: "Widespread Cyber Attack Against KC Venugopal: Congress MLA Praveen Kumar Alleges Racket Behind It"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373478/kc-venugopal-cyber-attack-praveen-kumar-mla-allegation"
published_at: "2026-07-20T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dc3fbe9106_kc-venugopal-cyber-attack-praveen-kumar-mla-allegation.jpg"
keywords: ["KC Venugopal", "Praveen Kumar MLA", "Cyber Attack", "Kozhikode", "Fake Social Media Accounts", "Ramesh Chennithala"]
---

#  'അര്‍ജന്റീന തോറ്റതിന് പിന്നില്‍ കെ.സി വേണുഗോപാൽ..!'സൈബർ ആക്രമണത്തിനെതിരെ ആഭ്യന്തരമന്ത്രിക്ക് നിവേദനം; ത്രിവർണ പതാക പിടിക്കുന്ന ഒരു കോൺഗ്രസ് പ്രവർത്തകനും ഇങ്ങനെ ചെയ്യില്ലെന്ന്  പ്രവീൺ കുമാർ  എംഎൽഎ

> **Lead Summary:** കോഴിക്കോട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നതായി കോൺഗ്രസ് എംഎൽഎ പ്രവീൺ കുമാർ ആരോപിച്ചു. കെ.സി വേണുഗോപാലുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പോലും ആക്രമണത്തിന് ആയുധമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

## Article Content

കോഴിക്കോട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നതായി കോൺഗ്രസ് എംഎൽഎ പ്രവീൺ കുമാർ ആരോപിച്ചു. കെ.സി വേണുഗോപാലുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പോലും ആക്രമണത്തിന് ആയുധമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് എംഎൽഎയുടെ പ്രതികരണം.കേരളത്തിൽ കോൺഗ്രസ് എംഎൽഎമാരെ സൃഷ്ടിക്കുന്നതിൽ കെ.സി വേണുഗോപാൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് പ്രവീൺ കുമാർ പറഞ്ഞു. നിലവിൽ നിയമസഭയിലുള്ള 63 എംഎൽഎമാർക്കും ഊർജം നൽകിയ നേതാവാണ് അദ്ദേഹം.

എന്നാൽ ആ നേതാവിനെ തന്നെ മനഃപൂർവം ടാർഗറ്റ് ചെയ്യുകയാണ് ചിലർ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നിലവിലെ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഒരു സംഘം റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ അതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരല്ലെന്നും എംഎൽഎ വ്യക്തമാക്കി.

> "ത്രിവർണ പതാക പിടിക്കുന്ന ഒരു കോൺഗ്രസ് പ്രവർത്തകനും ഇത്തരം പ്രവർത്തികൾക്ക് മുതിരില്ല" എന്നും അദ്ദേഹം പറഞ്ഞു.അർജന്റീന ഫുട്ബോൾ ടീം തോറ്റതിന് പോലും കെ.സി വേണുഗോപാലാണ് കാരണക്കാരനെന്ന രീതിയിൽ പോലും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് പ്രവീൺ കുമാർ പരിഹാസരൂപേണ ചൂണ്ടിക്കാട്ടി.

സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസിന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ അഞ്ച് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കുറ്റവാളികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തിൽ പരാമർശിച്ചിട്ടുണ്ട്.

താൻ നടത്തിയ വാർത്താ സമ്മേളനം ഒരു വ്യക്തിക്ക് വേണ്ടിയല്ല, മറിച്ച് പാർട്ടിക്ക് വേണ്ടിയാണെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി വി.ഡി സതീശനെ ആർക്കും കാണാമെന്നും കെഎസ്‌യുവിനെ പാർട്ടി ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373478/kc-venugopal-cyber-attack-praveen-kumar-mla-allegation)