---
title: "സുരക്ഷ ഇല്ലേ ...? സ്വകാര്യ റിസോ‍ർട്ടിലെ സിപ്പ്ലൈനിൽനിന്ന് 40 അടി താഴ്ചയിലേക്ക് വീണു; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്"
english_title: "Dandeli Zipline Accident: Tourist Falls 40 Feet, Suffers Serious Injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373467/dandeli-zipline-accident-tourist-falls-40-feet-serious-injury"
published_at: "2026-07-20T11:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dbab6cba2f_dandeli-zipline-accident-tourist-falls-40-feet-serious-injury.jpg"
keywords: ["Dandeli", "Zipline Accident", "Karnataka Tourism", "Adventure Sports", "Tourist Injury", "Resort Safety"]
---

# സുരക്ഷ ഇല്ലേ ...? സ്വകാര്യ റിസോ‍ർട്ടിലെ സിപ്പ്ലൈനിൽനിന്ന് 40 അടി താഴ്ചയിലേക്ക് വീണു; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** ദന്തേലി: കർണാടകത്തിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ദന്തേലിയിൽ സാഹസിക വിനോദമായ സിപ്പ്ലൈനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സ്വകാര്യ റിസോർട്ടുകളിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

## Article Content

ദന്തേലി: കർണാടകത്തിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ദന്തേലിയിൽ സാഹസിക വിനോദമായ സിപ്പ്ലൈനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സ്വകാര്യ റിസോർട്ടുകളിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

ജൂലൈ 3 ന് ഉത്തര കന്നഡയിലെ ദന്തേലിയിലുള്ള ഒരു സ്വകാര്യ റിസോർട്ടിലാണ് അപകടം ഉണ്ടായത്. വിജയപുര സ്വദേശി കുബേർ സുർപൂരി (24) ആണ് പരിക്കേറ്റത്. സിപ്പ്ലൈനിൽ കയറി സെക്കൻഡുകൾക്കകം നിയന്ത്രണം നഷ്ടപ്പെട്ട് 40 അടി താഴ്ചയിലേക്ക് യുവാവ് വീഴുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണുന്നത്.

താഴെയുള്ള നടയിലേക്കാണ് ഇയാൾ ഇടിച്ചു വീണത്.അപകടത്തിന് പിന്നാലെ ഉടൻ തന്നെ യുവാവിനെ ദന്തേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി വിജയപുരയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മഹാരാഷ്ട്രയിലെ മിറാജിലേക്ക് കൊണ്ടുപോയി.

അപകടത്തിൽ കുബേറിന്റെ കൈയ്ക്കും കാലിനും ഒന്നിലധികം പൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. അതോടൊപ്പം നാഡികൾക്കും തകരാർ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ദന്തേലി. എന്നാൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് റിസോർട്ടുകളിലെ സുരക്ഷാ മാനദണ്ഡങ്ങളും ജീവനക്കാരുടെ പരിശീലനവും സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിസോർട്ട് അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373467/dandeli-zipline-accident-tourist-falls-40-feet-serious-injury)