---
title: "ഇടതുപാളയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യം? കടന്നപ്പള്ളിയും ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി; സെക്കുലർ കോൺഗ്രസ് പരിഗണനയിൽ"
english_title: "Ramachandran Kadannappally AK Saseendran New Party Secular Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373440/kadannappally-saseendran-new-party-secular-congress"
published_at: "2026-07-20T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5da17600a0f_kadannappally-saseendran-new-party-secular-congress.jpg"
keywords: ["Ramachandran Kadannappally", "AK Saseendran", "New Party", "Congress S", "NCP", "Kerala Politics", "LDF"]
---

# ഇടതുപാളയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യം? കടന്നപ്പള്ളിയും ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി; സെക്കുലർ കോൺഗ്രസ് പരിഗണനയിൽ

> **Lead Summary:** തൃശൂർ: മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ധാരണയായി. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് ഇരുവരും നിർണായക തീരുമാനം എടുത്തത്. സെക്കുലർ കോൺഗ്രസ്, ഡെമോക്രാറ്റിക് കോൺഗ്രസ് എന്നീ പേരുകൾ പുതിയ പാർട്ടിക്ക് പരിഗണനയിലുണ്ട്.

## Article Content

തൃശൂർ: മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ധാരണയായി. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് ഇരുവരും നിർണായക തീരുമാനം എടുത്തത്. സെക്കുലർ കോൺഗ്രസ്, ഡെമോക്രാറ്റിക് കോൺഗ്രസ് എന്നീ പേരുകൾ പുതിയ പാർട്ടിക്ക് പരിഗണനയിലുണ്ട്.

ലയന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ രണ്ട് പാർട്ടികളിൽ നിന്നായി 4 പേരടങ്ങിയ സമിതിയെയും രൂപീകരിച്ചു. പി കെ രാജൻ മാഷ്, അഡ്വ വർക്കല ബി രവികുമാർ, ബാബു ഗോപിനാഥ്, മാത്യുസ് കോലഞ്ചേരി എന്നിവരാണ് സമിതി അംഗങ്ങൾ.കോൺഗ്രസിൽ നിന്ന് ഇടതു പാളയത്തിലേക്ക് വന്ന രണ്ട് പാർട്ടികളാണ് കടന്നപ്പള്ളിയുടെ കോൺഗ്രസ് എസും ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള എൻസിപിയും.

ആദ്യം കോൺഗ്രസ് എസിലേക്ക് എൻസിപി ലയിക്കാനായിരുന്നു ആലോചന. എന്നാൽ ബിജെപി വളർച്ച കണക്കിലെടുത്ത് ഒരു പുതിയ പാർട്ടിക്ക് കൂടുതൽ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ചേർന്ന് പുതിയ പാർട്ടി ഉണ്ടാക്കാൻ തീരുമാനിച്ചത്.

'പുതിയ മുഖം, പുതിയ വേഗം, പുതിയ രൂപം' എന്നതാണ് പുതിയ പാർട്ടിയുടെ ലക്ഷ്യം.പ്രാഥമിക ചർച്ചകളിൽ സെക്കുലർ കോൺഗ്രസ്, ഡെമോക്രാറ്റിക് കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് ഡെമോക്രാറ്റിക് തുടങ്ങിയ പേരുകളാണ് പരിഗണിക്കുന്നത്. ഇരുവരും ഇപ്പോൾ ഇടതു മുന്നണിയിലായതിനാൽ ലയനത്തിന് ആശയപരമോ മുന്നണിപരമോ ആയ പ്രശ്നങ്ങളില്ല.അടുത്ത ദിവസം കോൺഗ്രസ് എസിന്റെ എക്സിക്യൂട്ടീവ് യോഗം എറണാകുളത്ത് ചേരും. അതിന് ശേഷം ലയന നടപടികളിലേക്ക് കടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373440/kadannappally-saseendran-new-party-secular-congress)