---
title: "'നിരാഹാര സമരം അവസാനിപ്പിക്കാം, പക്ഷേ...'; ഉപാധികൾ മുന്നോട്ടുവെച്ച്  സോനം വാങ്ചുക്കിന്റെ എക്സ് പോസ്റ്റ്"
english_title: "Sonam Wangchuk Sets Conditions To End Hunger Strike NEET Issue Delhi March"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373432/sonam-wangchuk-hunger-strike-conditions-neet-delhi-march"
published_at: "2026-07-20T09:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c5a7e9479f_sonam-wangchuk-health-update-delhi-hunger-strike.jpg"
keywords: ["Sonam Wangchuk", "NEET", "Hunger Strike", "Delhi Protest", "Dharmendra Pradhan", "CJP"]
---

# 'നിരാഹാര സമരം അവസാനിപ്പിക്കാം, പക്ഷേ...'; ഉപാധികൾ മുന്നോട്ടുവെച്ച്  സോനം വാങ്ചുക്കിന്റെ എക്സ് പോസ്റ്റ്

> **Lead Summary:** **ദില്ലി: **അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ പുതിയ ഉപാധികൾ മുന്നോട്ടുവെച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടിലെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ പാർട്ടി നേതാക്കളും ഉറപ്പ് നൽകുകയോ ചെയ്താൽ ജൂലൈ 20ന് തന്നെ സമരം അവസാനിപ്പിക്കുമെന്ന് സോനം എക്സിൽ കുറിച്ചു.

## Article Content

**ദില്ലി: **അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ പുതിയ ഉപാധികൾ മുന്നോട്ടുവെച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടിലെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ പാർട്ടി നേതാക്കളും ഉറപ്പ് നൽകുകയോ ചെയ്താൽ ജൂലൈ 20ന് തന്നെ സമരം അവസാനിപ്പിക്കുമെന്ന് സോനം എക്സിൽ കുറിച്ചു.

താൻ നിലവിൽ ആശുപത്രിയിൽ നിയമവിരുദ്ധമായ തടങ്കലിലാണെന്നും സഞ്ചാര സ്വാതന്ത്ര്യം, പ്രസംഗ സ്വാതന്ത്ര്യം, ആശയവിനിമയം എന്നിവ തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും സോനം ആരോപിച്ചു.'ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ സമീപകാല പരാജയങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയോ, താനും സിജെപി നേതൃത്വവും പാർലമെന്റിന്റെ പടിവാതിൽക്കൽ എത്തി എംപിമാർ ഈ വിഷയം ഉന്നയിക്കുമെന്ന് ഉറപ്പ് നൽകുകയോ, അല്ലെങ്കിൽ എംപിമാരും പാർട്ടി നേതാക്കളും ആശുപത്രിയിലെത്തി അതേ ഉറപ്പ് നൽകുകയോ ചെയ്താൽ നാളെ നിരാഹാരം അവസാനിപ്പിക്കും' എന്നാണ് സോനത്തിന്റെ ഉപാധി.

അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി (സിജെപി) ഇന്ന് രാവിലെ 9 മണിക്ക് പാർലമെന്റിലേക്ക് മാർച്ച് നടത്തും. ഇതിനെ 'ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം' എന്നാണ് സോനം വിശേഷിപ്പിച്ചത്. മാർച്ച് വൻ വിജയമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി കനത്ത സുരക്ഷയിലാണ്. ജന്തർ മന്തറിലും പാർലമെന്റ് പരിസരത്തും സുരക്ഷ ശക്തമാക്കി. മെട്രോ സ്റ്റേഷനുകൾ വഴി എത്തുന്നവരെ നിരീക്ഷിക്കും. ആവശ്യമെങ്കിൽ ചില സ്റ്റേഷനുകൾ താൽക്കാലികമായി അടയ്ക്കാനും സാധ്യതയുണ്ട്. പുലർച്ചെ മുതൽ ജന്തർ മന്തറിലേക്ക് പ്രവർത്തകർ എത്തിത്തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373432/sonam-wangchuk-hunger-strike-conditions-neet-delhi-march)