---
title: "മെസ്സി കരഞ്ഞതെന്തിന് ? 'ഏറ്റവും വലിയ മത്സരത്തിൽ തോറ്റു, പക്ഷേ....';  ഫൈനലിലെ തോൽവിക്ക് പിന്നാലെ കരഞ്ഞതിൻ്റെ കാരണം തുറന്ന് പറഞ്ഞ് മെസ്സി"
english_title: "Lionel Messi Opens Up About Tears After World Cup Final Loss To Spain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373430/lionel-messi-tears-world-cup-final-loss-spain-argentina"
published_at: "2026-07-20T08:32:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d9471b9f02_lionel-messi-tears-world-cup-final-loss-spain-argentina.jpg"
keywords: ["Lionel Messi", "World Cup Final", "Argentina", "Spain", "Football", "FIFA World Cup 2026"]
---

# മെസ്സി കരഞ്ഞതെന്തിന് ? 'ഏറ്റവും വലിയ മത്സരത്തിൽ തോറ്റു, പക്ഷേ....';  ഫൈനലിലെ തോൽവിക്ക് പിന്നാലെ കരഞ്ഞതിൻ്റെ കാരണം തുറന്ന് പറഞ്ഞ് മെസ്സി

> **Lead Summary:** **ബ്യൂണസ് അയേഴ്സ്: **ലോകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ സമ്മാനദാന വേളയിൽ കണ്ണീരണിഞ്ഞ ലയണൽ മെസ്സിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആ കണ്ണീരിന് പിന്നിലെ കാരണം ഇപ്പോൾ മെസ്സി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

## Article Content

**ബ്യൂണസ് അയേഴ്സ്: **ലോകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ സമ്മാനദാന വേളയിൽ കണ്ണീരണിഞ്ഞ ലയണൽ മെസ്സിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആ കണ്ണീരിന് പിന്നിലെ കാരണം ഇപ്പോൾ മെസ്സി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

> ഫൈനലിലെ തോൽവി മാത്രമല്ല തന്നെ കരയിപ്പിച്ചതെന്ന് മെസ്സി പറഞ്ഞു. “ഒരു ഫൈനലിൽ തോൽക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. എന്നെ ഇവിടെ വരെ എത്തിച്ച എല്ലാ കാര്യങ്ങളും ആ നിമിഷം മനസിലേക്ക് വന്നു. ഓരോ ത്യാഗവും, ബുദ്ധിമുട്ടുള്ള ഓരോ ദിവസവും, ആളുകൾ ഞങ്ങളെ സംശയിച്ച ഓരോ നിമിഷവും, ഈ ജേഴ്സി തുടരാൻ എന്നെ പ്രേരിപ്പിച്ചതെല്ലാം ഞാൻ ഓർത്തു,” മെസ്സി പറഞ്ഞു.

> ലോകകപ്പ് ഫൈനലിൽ തോറ്റതിന് ശേഷവും അർജൻ്റീന ആരാധകർ തൻ്റെ പേര് ഉച്ചത്തിൽ വിളിച്ചതാണ് ഏറ്റവും വേദനിപ്പിച്ചതെന്നും അതേസമയം അഭിമാനം തോന്നിപ്പിച്ചതെന്നും മെസ്സി കൂട്ടിച്ചേർത്തു.“ഞങ്ങൾ ഏറ്റവും വലിയ മത്സരത്തിൽ തോറ്റു. പക്ഷേ ആരാധകർ ഞങ്ങൾക്ക് പുറം തിരിഞ്ഞില്ല. അവർ ഒരു വെള്ളി മെഡൽ കണ്ടില്ല. ഞങ്ങളുടെ യാത്രയാണ് അവർ കണ്ടത്. ഞങ്ങൾ നൽകിയ പോരാട്ടവും ഹൃദയവും അവർ തിരിച്ചറിഞ്ഞു,” അദ്ദേഹം പറഞ്ഞു.

> സ്റ്റാൻഡിലേക്ക് നോക്കിയപ്പോൾ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച കുടുംബങ്ങളെയും തങ്ങളോടൊപ്പം സ്വപ്നം കണ്ടവരെയും കരഞ്ഞവരെയും കണ്ടതായി മെസ്സി ഓർക്കുന്നു. “ആ സ്നേഹം ഏതൊരു ട്രോഫിയേക്കാളും വലുതാണ്. ഫുട്ബോൾ നിരവധി വിജയങ്ങൾ നൽകും. പക്ഷേ എന്തിനാണ് നമ്മൾ കളിക്കുന്നതെന്ന് ഓർമിപ്പിക്കുന്നത് ഇത്തരം നിമിഷങ്ങളാണ്,” അദ്ദേഹം പറഞ്ഞു.

> “ഈ ജേഴ്സിയുടെ ഭാരവും രാജ്യത്തിൻ്റെ സ്നേഹവും ഈ ബാഡ്ജ് ധരിക്കുന്നതിൻ്റെ ഉത്തരവാദിത്തവും അനുഭവപ്പെട്ടപ്പോഴാണ് കരഞ്ഞത്. ഇത് വെള്ളി മെഡൽ മാത്രമാണ്. പക്ഷേ ഓർമകളും ജനങ്ങളുമായുള്ള ബന്ധവും അർജൻ്റീനയെ പ്രതിനിധീകരിച്ചതിൻ്റെ അഭിമാനവും വിലമതിക്കാനാവാത്തതാണ്,” വികാരാധീനായി മെസ്സി പറഞ്ഞുനിർത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373430/lionel-messi-tears-world-cup-final-loss-spain-argentina)