---
title: "പാർലമെന്റ് മാർച്ചിന് തയ്യാറെടുത്ത് കോക്രോച്ച് ജനത പാർട്ടി; ദില്ലിയിൽ കനത്ത സുരക്ഷ"
english_title: "Cockroach Janata Party Parliament March Delhi Security Tightened"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373427/cockroach-janata-party-parliament-march-delhi-security"
published_at: "2026-07-20T08:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d89b4ca212_cockroach-janata-party-parliament-march-delhi-security.jpg"
keywords: ["Delhi Protest", "Cockroach Janata Party", "Parliament March", "Jantar Mantar", "Sonam Wangchuk"]
---

# പാർലമെന്റ് മാർച്ചിന് തയ്യാറെടുത്ത് കോക്രോച്ച് ജനത പാർട്ടി; ദില്ലിയിൽ കനത്ത സുരക്ഷ

> **Lead Summary:** **ദില്ലി: **പാർലമെന്റ് മാർച്ചുമായി കോക്രോച്ച് ജനത പാർട്ടി രംഗത്ത്. ഇന്ന് രാവിലെ 9 മണിയോടെ ജന്തർ മന്തറിൽ എത്താൻ അനുകൂലികൾക്ക് പാർട്ടി ആഹ്വാനം നൽകി.ലഡാക്കിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി നഗരം കനത്ത സുരക്ഷയിലാണ്.

## Article Content

**ദില്ലി: **പാർലമെന്റ് മാർച്ചുമായി കോക്രോച്ച് ജനത പാർട്ടി രംഗത്ത്. ഇന്ന് രാവിലെ 9 മണിയോടെ ജന്തർ മന്തറിൽ എത്താൻ അനുകൂലികൾക്ക് പാർട്ടി ആഹ്വാനം നൽകി.ലഡാക്കിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി നഗരം കനത്ത സുരക്ഷയിലാണ്.

സുരക്ഷയ്ക്കായി 25 ബറ്റാലിയൻ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ജന്തർ മന്തർ, പാർലമെന്റ് പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകൾ വഴി എത്തുന്നവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കുമായി ചർച്ച നടത്താനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല.ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തലും ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനത പാർട്ടിയുടെയും അനുകൂലികളുടെയും പ്രതിഷേധം.

അതേസമയം, സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ല. ഹർജി പരിഗണിച്ച ഹൈക്കോടതി, കേന്ദ്രത്തിന് വിശദീകരണം തേടി നോട്ടീസ് നൽകുകയായിരുന്നു.

നിലവിൽ സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കുടുംബത്തിന് കാണാൻ അനുവാദമുണ്ട്. സോനം ഡോക്ടർമാരുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വാങ്ചുകിനെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സഫ്ദർജംഗ് സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ വിശ്വാസമില്ലെന്നും, അദ്ദേഹത്തെ തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അടിയന്തര ഹർജി നൽകിയത്.

അതിനിടെ, ഭാര്യയിലൂടെ സോനം വാങ്ചുക് സമരക്കാർക്ക് സന്ദേശം കൈമാറി. ഇന്ന് പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ച് ഇന്ത്യയുടെ 'രണ്ടാം സ്വാതന്ത്ര്യ സമരമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് വൻ വിജയമാക്കാൻ പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസമാണ് ജന്തർ മന്തറിൽ നിരഹാര സമരം നടത്തി വന്ന സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്.

പിന്നാലെയാണ് ഭർത്താവ് നിയമവിരുദ്ധ തടങ്കലിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനനുവദിക്കണം എന്നാവശ്യപ്പെട്ട് സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആഗ്മോ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതർ നൽകുന്നത് തെറ്റായ പരിശോധന വിവരങ്ങളാണെന്നും സ്വകാര്യ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ അക്കാര്യം വ്യക്തമായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373427/cockroach-janata-party-parliament-march-delhi-security)