---
title: "മഞ്ഞ് ഉരുകുന്നു....! ഗവ. പ്ലീഡർ നിയമന വിവാദം; അലോഷ്യസ് സേവ്യറിനെ കാണാമെന്നറിയിച്ച് മുഖ്യമന്ത്രി"
english_title: "CM VD Satheesan To Meet KSU President Aloysius Xavier Over Govt Pleader Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373411/cm-vd-satheesan-meet-aloysius-xavier-govt-pleader-row"
published_at: "2026-07-20T05:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5d6ca32a10f_cm-vd-satheesan-meet-aloysius-xavier-govt-pleader-row.jpg"
keywords: ["VD Satheesan", "Aloysius Xavier", "KSU", "Govt Pleader Appointment", "Kerala Congress"]
---

# മഞ്ഞ് ഉരുകുന്നു....! ഗവ. പ്ലീഡർ നിയമന വിവാദം; അലോഷ്യസ് സേവ്യറിനെ കാണാമെന്നറിയിച്ച് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: ഗവ**. പ്ലീഡർ നിയമന വിവാദത്തെ തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തും. ഇന്നോ നാളെയോ തിരുവനന്തപുരത്ത് കാണാമെന്ന് അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അലോഷ്യസിനെ ഫോണിൽ വിളിച്ചു.

## Article Content

**തിരുവനന്തപുരം: ഗവ**. പ്ലീഡർ നിയമന വിവാദത്തെ തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തും. ഇന്നോ നാളെയോ തിരുവനന്തപുരത്ത് കാണാമെന്ന് അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അലോഷ്യസിനെ ഫോണിൽ വിളിച്ചു.

കൂടിക്കാഴ്ചയ്ക്ക് സമയം തേടി അലോഷ്യസ് ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസിന് കത്ത് നൽകിയിരുന്നു. ഇന്ന് ഉച്ച മുതൽ നാളെ വരെ മുഖ്യമന്ത്രി നഗരത്തിലുണ്ടെന്നും കാണാമെന്നും അറിയിച്ചിട്ടുണ്ട്.എസ്എഫ്ഐയിലും എബിവിപിയിലും പ്രവർത്തിച്ചവരെ ഗവ. പ്ലീഡർമാരായി നിയമിച്ചെന്ന് ആരോപിച്ചാണ് അലോഷ്യസ് കഴിഞ്ഞ ദിവസം സർക്കാരിനെതിരെ രംഗത്തെത്തിയത്.

ഇതിനെതിരെ കോൺഗ്രസിന്റെ ഭാഗമായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തിരിച്ചടിച്ചിരുന്നു. സർക്കാർ നിയമനത്തിൽ കെഎസ്‌യു ഇടപെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇരുവരും ഒരേ ചടങ്ങിൽ പങ്കെടുത്തെങ്കിലും അലോഷ്യസിനെ മുഖ്യമന്ത്രി കാണാതെ പോയതിൽ പാർട്ടിക്കുള്ളിലും അതൃപ്തി ഉയർന്നിരുന്നു.

പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയതെന്നാണ് സൂചന. നിയമന തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ട് പോകില്ലെങ്കിലും അലോഷ്യസുമായുള്ള ചർച്ചയോടെ വിവാദം കെട്ടടങ്ങുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373411/cm-vd-satheesan-meet-aloysius-xavier-govt-pleader-row)