---
title: "'പൊതിച്ചോർ വിതരണം നിരോധിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് ആരോഗ്യമന്ത്രിക്ക് ഉള്ളത്? വിശക്കുന്നവന് ആഹാരം നൽകുന്നത് മനുഷ്യത്വം'; പിണറായി വിജയൻ "
english_title: "Pinarayi Vijayan Slams UDF Govt Over Ban On Pothichoru Distribution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373388/pinarayi-vijayan-slams-udf-govt-pothichoru-ban-kerala"
published_at: "2026-07-19T20:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5651f58966b_pinarayi-vijayan-slams-k-muraleedharan-sabarimala-statement.jpg"
keywords: ["Pinarayi Vijayan", "Pothichoru Ban", "UDF Government", "Health Ministry", "K Muraleedharan"]
---

# 'പൊതിച്ചോർ വിതരണം നിരോധിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് ആരോഗ്യമന്ത്രിക്ക് ഉള്ളത്? വിശക്കുന്നവന് ആഹാരം നൽകുന്നത് മനുഷ്യത്വം'; പിണറായി വിജയൻ 

> **Lead Summary:** തിരുവനന്തപുരം: പൊതിച്ചോറ് വിതരണം നിരോധിച്ച യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും പൊതിച്ചോറ് വിതരണം നിരോധിച്ച നടപടി മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

## Article Content

തിരുവനന്തപുരം: പൊതിച്ചോറ് വിതരണം നിരോധിച്ച യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും പൊതിച്ചോറ് വിതരണം നിരോധിച്ച നടപടി മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

> "പൊതിച്ചോർ വിതരണം നിരോധിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് യുഡിഎഫ് സർക്കാരിനും ആരോഗ്യമന്ത്രിക്കും ഉള്ളത്?" എന്ന് പിണറായി വിജയൻ ചോദിച്ചു.ആരോഗ്യമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം വിശക്കുന്നവർക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

**ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം**

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ, നിലവിലുള്ള പരിഹാരങ്ങൾ പോലും ഇല്ലാതാക്കുന്നത് എത്രത്തോളം വിചിത്രമാണ്! സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ വർഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന പൊതിച്ചോർ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യു.ഡി.എഫ് സർക്കാരിനും ആരോഗ്യമന്ത്രിക്കുമുളളത്?

ഒരുവിധ രാഷ്ട്രീയ പരിഗണനകളും ഇല്ലാതെ ചികിൽസ തേടുന്നവർക്കും കൂട്ടിരിപ്പുകാർക്കും നൽകി വരുന്ന മാതൃകാപരമായ സന്നദ്ധ പ്രവർത്തനമാണ് ഇത്. അതിൽ സങ്കുചിതരാഷ്ട്രീയത്തിൻ്റെ വിഷം കലക്കാൻ മനുഷ്യത്വമില്ലാത്തവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ഭിന്നതകൾക്കുമെല്ലാം അതീതമായി സർവ്വരേയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഈ പൊതിച്ചോർ വിതരണം ബദൽ സംവിധാനങ്ങൾ നടപ്പാക്കുന്നതിനു മുൻപാണ് തിരക്കുപിടിച്ച് നിരോധിക്കുന്നത്. എന്തു നേട്ടമാണ് അതുകൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത്?

ആരോഗ്യമേഖല ഈയടുത്തു കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോഴും അവയ്ക്ക് പരിഹാരങ്ങൾ കാണാതെ മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്! കഴിഞ്ഞ രണ്ടു മാസം കൊണ്ട് പകർച്ചവ്യാധികളിൽ നിന്നു 150 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

വിവിധ ജില്ലകളിൽ നിന്നായി റിപ്പോർട്ട് ചെയ്തത് ഗുരുതരമായ 20 ചികിത്സാപിഴവുകൾ! ഷിഗല്ല വ്യാപനം മാത്രം മുൻകാലത്തേക്കാൾ 10 ഇരട്ടിയിലേറെയായി. ഈ ഘട്ടത്തിലും ഡോക്ടർമാരുടെ നിയമനം അനന്തമായി നീണ്ടു പോവുകയും ആശുപത്രികളിൽ മരുന്നുകളുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.

എന്നിട്ടും പൊതിച്ചോർ വിതരണം പോലെ ജനോപകാരപ്രദമായ ഒരു പ്രവർത്തനം ആശുപത്രികളിൽ നിരോധിക്കാനാണ് സർക്കാരിനു തിടുക്കം. ഇവർക്ക് ആരോടാണ്, എന്തിനോടാണ് പ്രതിബദ്ധത? രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമാണ് ഒരു സർക്കാരിനെ നയിക്കണ്ടത്. വിശക്കുന്നവന് ആഹാരം നൽകുക എന്നത് മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സർക്കാരിന് ഉണ്ടാകേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373388/pinarayi-vijayan-slams-udf-govt-pothichoru-ban-kerala)