---
title: "ആഹാ ഇതെന്ത് കൂത്ത്....! വാട്‌സ്ആപ്പ് തർക്കം തെരുവ് യുദ്ധമായി; അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ക്രൂരമർദ്ദനം, വീട് തകർത്തു"
english_title: "Clash Between Argentina And Brazil Fans In Malappuram Over World Cup Final"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373380/malappuram-argentina-brazil-fans-clash-world-cup-violence"
published_at: "2026-07-19T17:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cc2e3d6926_malappuram-argentina-brazil-fans-clash-world-cup-violence.jpg"
keywords: ["Malappuram", "World Cup", "Argentina Fans", "Brazil Fans", "Football Violence"]
---

# ആഹാ ഇതെന്ത് കൂത്ത്....! വാട്‌സ്ആപ്പ് തർക്കം തെരുവ് യുദ്ധമായി; അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി, യുവാവിന് ക്രൂരമർദ്ദനം, വീട് തകർത്തു

> **Lead Summary:** **മലപ്പുറം: **ലോകകപ്പ് ഫൈനൽ ആവേശം അതിരുവിട്ടതിനെത്തുടർന്ന് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. സോഷ്യൽ മീഡിയയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങിയ കടുത്ത തർക്കമാണ് ഒടുവിൽ നേരിട്ടുള്ള വലിയ സംഘർഷത്തിൽ കലാശിച്ചത്.

## Article Content

**മലപ്പുറം: **ലോകകപ്പ് ഫൈനൽ ആവേശം അതിരുവിട്ടതിനെത്തുടർന്ന് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. സോഷ്യൽ മീഡിയയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങിയ കടുത്ത തർക്കമാണ് ഒടുവിൽ നേരിട്ടുള്ള വലിയ സംഘർഷത്തിൽ കലാശിച്ചത്.

ഏറ്റുമുട്ടലിൽ കുറ്റിക്കാട്ടൂർ സ്വദേശിയായ ബ്രസീൽ ആരാധകൻ മുഹമ്മദ് ഷാനിസിന് ക്രൂരമായി മർദ്ദനമേറ്റു. മർദ്ദനത്തിന് പിന്നാലെ അക്രമികൾ ഷാനിസിന്റെ വീടിന് നേരെയും അക്രമം അഴിച്ചുവിട്ടു. വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ അക്രമികൾ അടിച്ചുതകർത്തതായാണ് പരാതി.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ലോകകപ്പ് ഫൈനൽ മത്സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ, ഫാൻസുകാർ തമ്മിൽ കൂടുതൽ സംഘർഷമുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കി. ഫുട്‌ബോൾ ആവേശം അതിക്രമങ്ങളിലേക്ക് കടന്നാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373380/malappuram-argentina-brazil-fans-clash-world-cup-violence)