---
title: "സ്പാനിഷ് പടയ്ക്ക് മുന്നിൽ അർജന്റീന വീഴും; റൊണാൾഡോയുടെ പ്രവചനം ചർച്ചയാകുന്നു"
english_title: "World Cup Final Prediction: Ronaldo Backs Spain to Beat Argentina Easily"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373378/ronaldo-predicts-spain-win-world-cup-final-against-argentina"
published_at: "2026-07-19T17:24:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cbc8e282b2_ronaldo-predicts-spain-win-world-cup-final-against-argentina.jpg"
keywords: ["Latest news", "Ronaldo", "Spain", "Argentina", "World Cup Final", "Lionel Messi", "Football News"]
---

# സ്പാനിഷ് പടയ്ക്ക് മുന്നിൽ അർജന്റീന വീഴും; റൊണാൾഡോയുടെ പ്രവചനം ചർച്ചയാകുന്നു

> **Lead Summary:** ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്റീനയെ മറികടന്ന് സ്പെയിൻ അനായാസം കിരീടം ചൂടുമെന്ന് ബ്രസീൽ ഇതിഹാസ സ്ട്രൈക്കർ റൊണാൾഡോ നസാരിയോ.

## Article Content

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്റീനയെ മറികടന്ന് സ്പെയിൻ അനായാസം കിരീടം ചൂടുമെന്ന് ബ്രസീൽ ഇതിഹാസ സ്ട്രൈക്കർ റൊണാൾഡോ നസാരിയോ.

ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് പടയെ തടയാൻ ലയണൽ മെസിക്കും സംഘത്തിനും കഴിയില്ലെന്ന് ഇഎസ്‌പിഎൻ ബ്രസീലിന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.

തുടർച്ചയായ 37 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് സ്പെയിൻ ഫൈനലിലെത്തിയത്. ഈ ലോകകപ്പിലെ 7 മത്സരങ്ങളിൽ നിന്ന് വെറും ഒരു ഗോൾ മാത്രമാണ് സ്പാനിഷ് പ്രതിരോധം വഴങ്ങിയത്.

മറുഭാഗത്ത്, 1962-ൽ ബ്രസീലിന് ശേഷം ലോകകിരീടം നിലനിർത്തുന്ന ആദ്യ പുരുഷ ടീമാവുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇറങ്ങുന്നത്. ലയണൽ മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരം കൂടിയാണിത്.

> "സ്പെയിൻ വളരെ അനായാസമായി ജയിക്കും. പന്തടക്കിവെച്ച് കളി നിയന്ത്രിക്കാനുള്ള അവരുടെ ശേഷി അപകടകരമാണ്. മത്സരത്തിൽ സ്പെയിൻ ആദ്യമേ ലീഡെടുത്താൽ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ അർജന്റീനയ്ക്ക് കഴിയില്ല," റൊണാൾഡോ വ്യക്തമാക്കി. അതേസമയം, ഖത്തർ ലോകകപ്പിന് ശേഷം തുടർച്ചയായ രണ്ടാം തവണയും ഫൈനലിലെത്തിയ അർജന്റീനയുടെ കുതിപ്പിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

1998-ൽ ബ്രസീലിനെ ഫൈനലിലെത്തിച്ച് ഗോൾഡൻ ബോൾ നേടുകയും, 2002 ലോകകപ്പ് ഫൈനലിൽ ഇരട്ട ഗോളുകളോടെ ബ്രസീലിനെ ചാമ്പ്യന്മാരാക്കുകയും ചെയ്ത റൊണാൾഡോയ്ക്ക് വലിയ മത്സരങ്ങളിലെ സമ്മർദ്ദത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്.

ടൂർണമെന്റിന്റെ തുടക്കം മുതൽ ഫ്രാൻസും സ്പെയിനുമായിരുന്നു തന്റെ ഫേവറിറ്റുകളെന്നും ബ്രസീൽ മുൻ താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373378/ronaldo-predicts-spain-win-world-cup-final-against-argentina)