---
title: " ആരാധകരെ നിങ്ങളറിഞ്ഞോ...? ലോകകപ്പ് ഫൈനൽ ഇനി ബിഗ് സ്ക്രീനിൽ, തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് സ്ക്രീനുകളിൽ ക്രമീകരണം"
english_title: "Kerala Govt To Screen FIFA Final In Kairali Theatres, Declares Holiday For Schools"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373377/fifa-final-kerala-kairali-theatre-screening-holiday-schools-new"
published_at: "2026-07-19T17:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5cbb437367a_fifa-final-kerala-kairali-theatre-screening-holiday-schools-.jpg"
keywords: ["FIFA Final", "Kerala Holiday", "Kairali Theatre", "PC Vishnunath", "VD Satheesan", "N Shamsudeen"]
---

#  ആരാധകരെ നിങ്ങളറിഞ്ഞോ...? ലോകകപ്പ് ഫൈനൽ ഇനി ബിഗ് സ്ക്രീനിൽ, തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് സ്ക്രീനുകളിൽ ക്രമീകരണം

> **Lead Summary:** **തിരുവനന്തപുരം: ** ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ ആവേശം ജനങ്ങളിലെത്തിക്കാൻ സർക്കാർ തിയേറ്ററുകളിൽ തത്സമയ പ്രദർശനം ഒരുക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തിയേറ്റർ കോംപ്ലക്സുകളിലാണ് പ്രദർശനം നടത്താൻ അനുമതി നൽകിയിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: ** ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ ആവേശം ജനങ്ങളിലെത്തിക്കാൻ സർക്കാർ തിയേറ്ററുകളിൽ തത്സമയ പ്രദർശനം ഒരുക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തിയേറ്റർ കോംപ്ലക്സുകളിലാണ് പ്രദർശനം നടത്താൻ അനുമതി നൽകിയിട്ടുള്ളത്.

സിനിമ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. രണ്ട് ജില്ലകളിലുമായി രണ്ട് സ്ക്രീനുകളിലാണ് കളി കാണാനാവുക. തിരുവനന്തപുരത്ത് കൈരളി, നിള തിയേറ്ററുകളിൽ ഇതിനായി വിപുലമായ സൌകര്യങ്ങൾ ഒരുക്കും.

കായിക പ്രേമികളുടെയും ആരാധകരുടെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് തിയേറ്ററുകളിൽ വലിയ സ്ക്രീനിൽ കളി തത്സമയം കാണിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. അതേസമയം, ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കളാഴ്ച) അവധി നൽകാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി.

എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാലാ-സ്കൂൾ പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് മത്സരം കാണുന്നതെന്നും, പുലർച്ചെ കളി കണ്ടുകഴിഞ്ഞ് രാവിലെ തന്നെ സ്കൂളുകളിൽ എത്താൻ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് അവധി നൽകിയതെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.

കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായി ആവശ്യം ഉയർന്നതോടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അനുമതി വാങ്ങിയാണ് ഈ അടിയന്തര അവധി പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373377/fifa-final-kerala-kairali-theatre-screening-holiday-schools-new)