---
title: "കരുണാകരന്റെ പേരിൽ പുതിയ ആശുപത്രി തുടങ്ങുന്നത് രാഷ്ട്രീയമല്ലേ?  ആശുപത്രികളിൽ പൊതിച്ചോറ് വിതരണം തുടരുമെന്ന് വി.കെ സനോജ്"
english_title: "VK Sanoj: DYFI Will Continue Food Distribution, Muraleedharan Politicised Issue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373367/dyfi-vk-sanoj-muraleedharan-hospital-food-controversy-kannur"
published_at: "2026-07-19T16:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ca9a643107_dyfi-vk-sanoj-muraleedharan-hospital-food-controversy-kannur.jpg"
keywords: ["DYFI", "VK Sanoj", "K Muraleedharan", "Hospital Food", "Kerala Politics", "Kannur"]
---

# കരുണാകരന്റെ പേരിൽ പുതിയ ആശുപത്രി തുടങ്ങുന്നത് രാഷ്ട്രീയമല്ലേ?  ആശുപത്രികളിൽ പൊതിച്ചോറ് വിതരണം തുടരുമെന്ന് വി.കെ സനോജ്

> **Lead Summary:** **കണ്ണൂർ: **സർക്കാർ ആശുപത്രികളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് രംഗത്ത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും, ഈ കാരുണ്യപ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തിയത് മന്ത്രി കെ.മുരളീധരനും ജി. സുധാകരൻ എംഎൽഎയുമാണെന്ന് വി.കെ സനോജ്. 

## Article Content

**കണ്ണൂർ: **സർക്കാർ ആശുപത്രികളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് രംഗത്ത്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും, ഈ കാരുണ്യപ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തിയത് മന്ത്രി കെ.മുരളീധരനും ജി. സുധാകരൻ എംഎൽഎയുമാണെന്ന് വി.കെ സനോജ്. 

ഡിവൈഎഫ്ഐയുടെ ഈ ജനകീയ ഭക്ഷണ വിതരണ പദ്ധതിയിൽ മണ്ണ് വാരി ഇടാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കണ്ണൂരിൽ ആരോപിച്ചു. ഡിവൈഎഫ്ഐ ഇന്നലെവരെ എങ്ങനെയാണോ ആശുപത്രികളിൽ സൗജന്യമായി ഭക്ഷണം നൽകിയത്, അതുപോലെ തന്നെ നാളെയും വിതരണം ചെയ്യുന്നത് തുടരും.

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തടസ്സപ്പെടുത്താൻ കെ.മുരളീധരനെ കൊണ്ട് കഴിയില്ലെന്നും സനോജ് വ്യക്തമാക്കി. ആശുപത്രികളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ലക്ഷക്കണക്കിന് പേർക്ക് രക്തദാനം ചെയ്യുന്നുണ്ട്. കൂടാതെ സംഘടനയുടെ ആംബുലൻസുകൾ രോഗികളെ കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കുന്നുമുണ്ട്.

ഇതൊക്കെ വേണ്ടെന്നു പറയാൻ മന്ത്രിക്ക് സാധിക്കുമോ എന്ന് സനോജ് ചോദിച്ചു. കെ. മുരളീധരൻ സ്വന്തം പിതാവായ കെ. കരുണാകരന്റെ പേരിലല്ലേ പുതിയ ആശുപത്രി തുടങ്ങുന്നത്, അത് രാഷ്ട്രീയമല്ലേ എന്നും വി.കെ സനോജ് ചോദ്യമുയർത്തി. ഡിവൈഎഫ്ഐ പൊതിച്ചോറുകൾ ശേഖരിക്കുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട സാധാരണക്കാരുടെ വീടുകളിൽ നിന്നാണ്.

അതുകൊണ്ട് തന്നെ ഡിവൈഎഫ്ഐക്ക് പൊതിച്ചോർ കൊടുത്താൽ അത് അർഹതപ്പെട്ട പാവപ്പെട്ട രോഗികളുടെ കൈകളിൽ തന്നെ വിവേചനമില്ലാതെ എത്തുമെന്ന് ജനങ്ങൾക്ക് പൂർണ്ണമായ ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373367/dyfi-vk-sanoj-muraleedharan-hospital-food-controversy-kannur)