---
title: "കോഴിക്കോട് വടകരയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി  സ്വർണവും പണവും കവർന്നു"
english_title: "Vadakara Ayanchery Robbery: Trader Abducted Using Pepper Spray, Cash and Gold Looted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373358/vadakara-ayanchery-trader-abduction-robbery-pepper-spray"
published_at: "2026-07-19T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c9d3242011_vadakara-ayanchery-trader-abduction-robbery-pepper-spray.jpg"
keywords: ["Latest news", "Vadakara", "Kozhikode", "Robbery", "Pepper Spray", "Trader Attack", "Kerala Crime News"]
---

# കോഴിക്കോട് വടകരയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി  സ്വർണവും പണവും കവർന്നു

> **Lead Summary:** കോഴിക്കോട് : വടകര ആയഞ്ചേരിയിൽ വ്യാപാരിയെ കാറിടിച്ച് വീഴ്തിയ ശേഷം പെപ്പർ സ്പ്രേ തളിച്ച് തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു. വില്യാപ്പള്ളി അക്ഷയ കോളേജിന് പിൻവശം കാർത്തികപ്പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷ് എം. ആണ് കവർച്ചയ്ക്ക് ഇരയായത്.

## Article Content

കോഴിക്കോട് : വടകര ആയഞ്ചേരിയിൽ വ്യാപാരിയെ കാറിടിച്ച് വീഴ്തിയ ശേഷം പെപ്പർ സ്പ്രേ തളിച്ച് തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു. വില്യാപ്പള്ളി അക്ഷയ കോളേജിന് പിൻവശം കാർത്തികപ്പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷ് എം. ആണ് കവർച്ചയ്ക്ക് ഇരയായത്.

സംഭവത്തിൽ നാലംഗ സംഘത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂൺ 17ന് രാത്രി എട്ടുമണിയോടെയാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. ആയഞ്ചേരിയിലെ കട അടച്ചശേഷം സന്തോഷ് മരുമകനൊപ്പം മോട്ടോർസൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഞാലിമുക്ക് വാഴയിൽതാഴ എന്ന സ്ഥലത്തെത്തിയപ്പോൾ, മുൻകൂട്ടി ആസൂത്രണം ചെയ്ത് ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗസംഘം ഇവരുടെ ബൈക്കിൽ മനഃപൂർവം ഇടിപ്പിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ സന്തോഷും മരുമകനും റോഡിലേക്ക് തെറിച്ചുവീണു. തുടർന്ന് കാറിൽനിന്ന് ഇറങ്ങിയ സംഘം നിലത്ത് വീണുകിടന്ന സന്തോഷിന്റെ മുഖത്ത് പെപ്പർ സ്പ്രേ തളിച്ചു. പിന്നീട് ഇദ്ദേഹത്തെ ബലമായി പിടിച്ചുവലിച്ച് കാറിനുള്ളിലേക്ക് കയറ്റി സംഘം കടന്നുകളഞ്ഞു.

യാത്രയ്ക്കിടെ സന്തോഷിന്റെ കൈവശമുണ്ടായിരുന്ന 25,000 രൂപയും 4.5 ഗ്രാം സ്വർണവും പ്രതികൾ കവർന്നു. തുടർന്ന് നെല്ലിമുക്ക് എന്ന സ്ഥലത്തെത്തിയപ്പോൾ ഇദ്ദേഹത്തെ കാറിൽനിന്ന് റോഡിലേക്ക് തള്ളിയിട്ടശേഷം സംഘം രക്ഷപ്പെട്ടു.

അപായപ്പെടുത്തി കവർച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ എത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373358/vadakara-ayanchery-trader-abduction-robbery-pepper-spray)