---
title: "അല്പം മനുഷ്യത്വമാകാം...! കൈക്കൂലി കൊടുത്തില്ല, യുവതിയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി മർദ്ദിച്ചു; വാർഡ് സെക്രട്ടറിയും കുടുംബവും ഉൾപ്പെടെ 9 പേർ അറസ്റ്റിൽ"
english_title: "Andhra Pradesh: Woman Stripped And Assaulted For Refusing Bribe, Ward Secretary Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373345/andhra-pradesh-guntur-woman-assault-bribe-ward-secretary-arrested"
published_at: "2026-07-19T14:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c8ce448e9a_andhra-pradesh-guntur-woman-assault-bribe-ward-secretary-arrested.jpg"
keywords: ["Andhra Pradesh", "Guntur Crime", "Bribe Case", "Woman Assault", "Chandrababu Naidu", "Ward Secretary"]
---

# അല്പം മനുഷ്യത്വമാകാം...! കൈക്കൂലി കൊടുത്തില്ല, യുവതിയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി മർദ്ദിച്ചു; വാർഡ് സെക്രട്ടറിയും കുടുംബവും ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

> **Lead Summary:** **അമരാവതി: ** ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ 10,000 രൂപ കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ നഗ്നയാക്കി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിലായി. നാഗരംപാലെമിലെ വാർഡ് സെക്രട്ടറിയായ മല്ലേല വെങ്കട രമണ മൂർത്തിയും ഇയാളുടെ കുടുംബാംഗങ്ങളുമാണ് പോലീസിന്റെ പിടിയിലായത്.

## Article Content

**അമരാവതി: ** ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ 10,000 രൂപ കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ നഗ്നയാക്കി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിലായി. നാഗരംപാലെമിലെ വാർഡ് സെക്രട്ടറിയായ മല്ലേല വെങ്കട രമണ മൂർത്തിയും ഇയാളുടെ കുടുംബാംഗങ്ങളുമാണ് പോലീസിന്റെ പിടിയിലായത്.

ജൂലൈ 15-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രദേശവാസിയായ നാഗേശ്വര റാവു എന്നയാളുടെ വീട്ടിലെ കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. റാവുവിന്റെ വീട്ടിലെ വാട്ടർ മോട്ടോർ റോഡിന് തടസ്സമാണെന്ന് ആരോപിച്ച് ഇത് മാറ്റാൻ വാർഡ് സെക്രട്ടറി മൂർത്തി പണം ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ മുനിസിപ്പൽ അധികൃതർ നടത്തിയ പരിശോധനയിൽ റോഡിന് തടസ്സമില്ലെന്ന് കണ്ടെത്തിയതോടെ റാവുവിന്റെ ഭാര്യ മോട്ടോർ മാറ്റാൻ വിസമ്മതിക്കുകയും കൈക്കൂലി നൽകില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇതേച്ചൊല്ലി പകൽസമയത്ത് തർക്കമുണ്ടായെങ്കിലും മടങ്ങിപ്പോയ പ്രതി, രാത്രിയോടെ സ്വന്തം കുടുംബങ്ങളുമായെത്തി  യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് നഗ്നയാക്കിയായിരുന്നു മർദ്ദനം. തുടർന്ന് ഇരയായ കുടുംബം പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ വൈകിയതിനെ തുടർന്ന് നാഗരംപാലെം സർക്കിൾ ഇൻസ്പെക്ടർ സത്യാനാരായണനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

അറസ്റ്റിലായ വാർഡ് സെക്രട്ടറിയുടെ ഭാര്യ, മക്കൾ, മറ്റ് ബന്ധുക്കൾ എന്നിവർക്കെതിരെ ബിഎൻഎസിലെ 331 (6), 74, 79, 115 (2), 118 (1), 3 (5) എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തി. ഇത്തരം കിരാതമായ സംഭവങ്ങൾ ഇനി സംസ്ഥാനത്ത് ആവർത്തിക്കരുതെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373345/andhra-pradesh-guntur-woman-assault-bribe-ward-secretary-arrested)