---
title: "കനത്ത മഴയിൽ വിറങ്ങലിച്ച് കശ്മീർ; രജൗറിയിലും പൂഞ്ചിലും മിന്നൽ പ്രളയം; എട്ട്  മരണം, ആറ്  പേരെ കാണാതായി"
english_title: "Jammu Kashmir Flash Flood: 8 Dead, 6 Missing In Rajouri And Poonch"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373341/jammu-kashmir-flash-flood-rajouri-poonch-8-dead-amit-shah-"
published_at: "2026-07-19T13:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c7fad6b79b_jammu-kashmir-flash-flood-rajouri-poonch-8-dead-amit-shah-.jpg"
keywords: ["Jammu Kashmir Flood", "Rajouri", "Poonch", "Amit Shah", "Flash Flood", "Weather Alert"]
---

# കനത്ത മഴയിൽ വിറങ്ങലിച്ച് കശ്മീർ; രജൗറിയിലും പൂഞ്ചിലും മിന്നൽ പ്രളയം; എട്ട്  മരണം, ആറ്  പേരെ കാണാതായി

> **Lead Summary:** ** **ജമ്മു കശ്മീരിലെ രജൗറിയിലും പൂഞ്ചിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ പെയ്തിറങ്ങിയ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. ദുരന്തത്തിൽ ആറുപേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

## Article Content

** **ജമ്മു കശ്മീരിലെ രജൗറിയിലും പൂഞ്ചിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ പെയ്തിറങ്ങിയ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. ദുരന്തത്തിൽ ആറുപേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

കശ്മീരിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുരിതബാധിതർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും നദീതീരങ്ങളിൽനിന്നും നൂറുകണക്കിന് ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്.

പ്രളയത്തിൽ നിരവധി വീടുകൾ തകരുകയും ദേശീയ-സംസ്ഥാന പാതകളിലടക്കം വൻതോതിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. രജൗറിയിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരം പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ നിരവധി വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടായി. ഡാർഹൽ തവി നദി ഉൾപ്പെടെ അഞ്ചിലധികം നദികളാണ് ഇപ്പോൾ അപകട നിലയ്ക്ക് മുകളിലായി കരകവിഞ്ഞൊഴുകുന്നത്.

പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിൽ അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥയെത്തുടർന്ന് പഹൽഗാം, ബാൽതാൽ റൂട്ടുകളിലൂടെയുള്ള അമർനാഥ് യാത്രയും വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനവും താൽക്കാലികമായി നിർത്തിവച്ചു.

സംസ്ഥാനത്ത് പ്രളയസ്ഥിതി രൂക്ഷമായതോടെ ഡൽഹിയിലായിരുന്ന ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കി അടിയന്തരമായി ശ്രീനഗറിലേക്ക് മടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373341/jammu-kashmir-flash-flood-rajouri-poonch-8-dead-amit-shah-)