---
title: " കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകം: ഞാൻ രണ്ട് കയ്യും പൊക്കി അവനെ എടുത്തു നോക്കി, സുഖമില്ലാതെ കിടന്നു മരിച്ചതാണെങ്കിൽ എനിക്ക് ഇത്ര സങ്കടമില്ലായിരുന്നു, പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ"
english_title: "Kozhikode Murder: Youth Found Dead In Palayam, Police Suspect Planned Killing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373336/kozhikode-palayam-youth-murder-biju-police-investigation"
published_at: "2026-07-19T12:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c7d5d1eb6a_kozhikode-palayam-youth-murder-biju-drug-mafia-.jpg"
keywords: ["Kozhikode Crime", "Palayam Murder", "Biju Murder", "Kerala Police", "Drug Mafia"]
---

#  കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകം: ഞാൻ രണ്ട് കയ്യും പൊക്കി അവനെ എടുത്തു നോക്കി, സുഖമില്ലാതെ കിടന്നു മരിച്ചതാണെങ്കിൽ എനിക്ക് ഇത്ര സങ്കടമില്ലായിരുന്നു, പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് പാളയത്തെ ബിജുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. പുലർച്ചെ മൂന്ന് മണിയോടെ ബിജുവിന്റെ അമ്മയാണ് ചോരയിൽ കുളിച്ച കിടക്കുന്ന മകനെ ആദ്യം കാണുന്നത് പശുവിനെ നോക്കാനും ഫാമിലെ പണികൾക്കുമായി പുലർച്ചെ മൂന്ന് മണിക്ക് വിളിക്കാൻ ചെന്നതായിരുന്നു അമ്മ.

## Article Content

**കോഴിക്കോട്: **കോഴിക്കോട് പാളയത്തെ ബിജുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. പുലർച്ചെ മൂന്ന് മണിയോടെ ബിജുവിന്റെ അമ്മയാണ് ചോരയിൽ കുളിച്ച കിടക്കുന്ന മകനെ ആദ്യം കാണുന്നത് പശുവിനെ നോക്കാനും ഫാമിലെ പണികൾക്കുമായി പുലർച്ചെ മൂന്ന് മണിക്ക് വിളിക്കാൻ ചെന്നതായിരുന്നു അമ്മ.

> "മൂന്ന് മണിക്ക് വിളിക്കാൻ ചെന്നപ്പോൾ മുറിയിലെ ലൈറ്റും ഫാനും ഓഫായിരുന്നു. സാധാരണ അവൻ ഉള്ളിൽ നിന്ന് കുറ്റിയിട്ടാണ് കിടക്കാറുള്ളത്. എന്നാൽ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. എന്തോ പന്തികേട് തോന്നി ലോക്ക് തുറന്ന് ലൈറ്റിട്ടു നോക്കിയപ്പോഴാണ് എന്റെ മോൻ ചോരയിൽ കുളിച്ച് കിടക്കുന്നത് കാണുന്നത്.

> ഞാൻ രണ്ട് കയ്യും പൊക്കി അവനെ എടുത്തു നോക്കി, ശ്വാസമൊന്നുമില്ലായിരുന്നു. കഴുത്തിലും വയറിലുമൊക്കെ വലിയ മുറിവുകളുണ്ടായിരുന്നു. ചുമരിലൊക്കെ ചോര തെറിച്ചിട്ടുണ്ടായിരുന്നു. അവൻ സുഖമില്ലാതെ കിടന്നു മരിച്ചതാണെങ്കിൽ എനിക്ക് ഇത്ര സങ്കടമില്ലായിരുന്നു, ഇത് ആരോ അപായപ്പെടുത്തിയതാണ്. എന്റെ മോന് നീതി വേണം" പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ  പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് നാടിനെ നടിക്കിയ അരുംകൊല നടന്നത്. പുതിയ കോവിലകം പറമ്പ് സ്വദേശിയായ ബിജുവിനെയാണ് സ്വന്തം വീട്ടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തര മണിക്ക് അമ്മയോടൊപ്പമിരുന്നാണ് ബിജു ഭക്ഷണം കഴിച്ചത്. തുടർന്ന് രാത്രി 11.30 വരെ സഹോദരിയും കുട്ടികളും ഫോണിൽ സംസാരിച്ചിരുന്നു.

എന്നാൽ അതിനുശേഷം ഫോൺ വിളിച്ചിട്ട് എടുക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അർധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് കുടുംബം കരുതുന്നത്. ബിജുവിന്റെ പിതാവ് പശുവിനെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലായിരുന്നു. അതേസമയം ബിജുവിന്റേത് കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും, പ്രതികളെക്കുറിച്ച് ചില സുചനകൾ ലഭിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി വ്യക്തമാക്കി. പ്രദേശത്ത് ലഹരിമാഫിയയുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ ബിജു പലപ്പോഴും പരസ്യമായി പ്രതികരിക്കാറുണ്ടായിരുന്നു എന്നും കുടുംബവും നാട്ടുകാരും പറയുന്നു.

പാളയത്തെ ലോഡ്ജ് കേന്ദ്രീകരിച്ചും ഗ്രൗണ്ട് കേന്ദ്രീകരിച്ചും രാത്രികാലങ്ങളിൽ ലഹരിസംഘങ്ങൾ കറങ്ങിനടക്കാറുണ്ട് പരിചയമില്ലാത്ത ആരെ കണ്ടാലും അല്ലെങ്കിൽ ലഹരിസംഘങ്ങൾ പ്രശ്നമുണ്ടാക്കിയാലും ബിജു ചോദ്യം ചെയ്യാറുണ്ടായിരുന്നു. ഇന്നലെ രാത്രിയും ഇത്തരത്തിൽ എന്തെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിനെ ബിജു ചോദ്യം ചെയ്തതാകാം അക്രമത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ സംശയം. കുടുംബത്തിന്റെ ഈ സംശയങ്ങൾ പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373336/kozhikode-palayam-youth-murder-biju-police-investigation)