---
title: "ഇതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ല, പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ പലരും സഭ കാണുമായിരുന്നില്ല'"
english_title: "Pothichor Row: K Surendran Slams K Muraleedharan's Community Kitchen Decision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373333/k-surendran-criticises-muraleedharan-community-kitchen-pothichor-"
published_at: "2026-07-19T12:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c78cd2a315_k-surendran-criticises-muraleedharan-community-kitchen-pothichor-.jpg"
keywords: ["K Surendran", "K Muraleedharan", "Pothichor", "Community Kitchen", "BJP Kerala", "Hospital Food"]
---

# ഇതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ല, പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ പലരും സഭ കാണുമായിരുന്നില്ല'

> **Lead Summary:** **കോഴിക്കോട്: ** സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം ഇനി മുതൽ കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. വിവിധ സന്നദ്ധ-യുവജന സംഘടനകൾ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്താൻ പുതിയ സർക്കാർ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരിച്ചു.

## Article Content

**കോഴിക്കോട്: ** സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണം ഇനി മുതൽ കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമാക്കുമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. വിവിധ സന്നദ്ധ-യുവജന സംഘടനകൾ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്താൻ പുതിയ സർക്കാർ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷമായ വിമർശനം. ഇതിൽ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ലെന്നും പൊതിച്ചോറ് കഴിച്ചവരൊക്കെ വോട്ട് നൽകിയിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെയുള്ള പല നേതാക്കളും സഭ കാണില്ലായിരുന്നുവെന്നും സുരേന്ദ്രൻ കുറിച്ചു.

ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ വിതരണം ചെയ്യുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് നല്ലതാണെന്നും എന്നാൽ കേരളത്തിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വിജയിക്കില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് തന്നെ ഈ പദ്ധതി പൊളിഞ്ഞു പാളീസായതാണെന്നും ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ ദുരഭിമാനം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ആർക്കും ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യാമെന്നും എന്നാൽ അത് ആശുപത്രിക്കുള്ളിൽ ബാനറും കൊടിയും കെട്ടിയാകരുതെന്നും അത് കമ്മ്യൂണിറ്റി കിച്ചൻ വഴി ക്രോഡീകരിക്കുമെന്നുമാണ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത്. ആലപ്പുഴയിലും മറ്റ് മെഡിക്കൽ കോളേജുകളിലും ഉടൻ തന്നെ ഈ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

*കെ.സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം...*

സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല.

പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373333/k-surendran-criticises-muraleedharan-community-kitchen-pothichor-)