---
title: "കണ്ണീരായി ആ യാത്ര..! ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ നായ കുറുകെ ചാടി; തലയിടിച്ച് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Kochi Accident: Woman Dies After Bike Skids Due To Dog, Husband Riding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373326/kochi-bike-accident-dog-shini-dies-aluva"
published_at: "2026-07-19T12:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c7129db99d_kochi-bike-accident-dog-shini-dies-aluva.jpg"
keywords: ["Kochi Accident", "Bike Accident Kerala", "Aluva News", "Road Accident", "Dog Crossing"]
---

# കണ്ണീരായി ആ യാത്ര..! ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ നായ കുറുകെ ചാടി; തലയിടിച്ച് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: **നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ ഭാര്യ ഷിനി ആണ് മരിച്ചത്.

## Article Content

**കൊച്ചി: **നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ ഭാര്യ ഷിനി ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.55ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഭർത്താവ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് ഷിനി യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് റോഡിന് കുറുകെ നായ ചാടുകയായിരുന്നു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയും വാഹനം റോഡിലേക്ക് മറിയുകയുമായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ഷിനിയുടെ തലയുടെ പിൻഭാഗത്താണ് ഗുരുതരമായി പരുക്കേറ്റത്. ഉടൻ തന്നെ അവരെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മകൻ: കാർത്തിക്. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആലുവ എടത്തല ശ്മശാനത്തിൽ.

കേരളത്തിൽ തെരുവ് നായ്ക്കൾ കുറുകെ ചാടിയും ബൈക്ക് യാത്രക്കാരെ പിന്തുടർന്ന് ആക്രമിച്ചും ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം സംസ്ഥാനത്ത് ഭീതിജനകമാംവിധം വർധിക്കുകയാണ്.നായ്ക്കൾ പെട്ടെന്ന് റോഡിലേക്ക് ചാടുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വരുന്നതും നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുന്നതുമാണ് മരണകാരണമായി മാറുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373326/kochi-bike-accident-dog-shini-dies-aluva)