---
title: "ആ കത്തിൽ എല്ലാമുണ്ട്...! അസുഖം വന്നിട്ടും ലീവില്ല, മാനേജർ പരസ്യമായി അപമാനിച്ചു, മിഥുന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത് "
english_title: "Thiruvananthapuram: Medical Rep Dies By Suicide, Cites Work Pressure in Note"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373321/trivandrum-medical-rep-mithun-suicide-work-pressure"
published_at: "2026-07-19T11:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c66c49cb12_trivandrum-medical-rep-mithun-suicide-work-pressure.jpg"
keywords: ["Thiruvananthapuram News", "Medical Representative Suicide", "Work Pressure", "Job Stress Kerala"]
---

# ആ കത്തിൽ എല്ലാമുണ്ട്...! അസുഖം വന്നിട്ടും ലീവില്ല, മാനേജർ പരസ്യമായി അപമാനിച്ചു, മിഥുന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത് 

> **Lead Summary:** **തിരുവനന്തപുരം: ( **[**https://truevisionnews.com/**)] തിരുവനന്തപുരത്ത് മെഡിക്കൽ റെപ്രസെന്ററ്റീവായ മിഥുൻ ജീവനൊടുക്കിയ സംഭവത്തിൽ, ജോലിയിൽ പ്രവേശിച്ച അന്നുമുതൽ താൻ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് പുറത്ത്.

## Article Content

**തിരുവനന്തപുരം: ( **[**https://truevisionnews.com/**)] തിരുവനന്തപുരത്ത് മെഡിക്കൽ റെപ്രസെന്ററ്റീവായ മിഥുൻ ജീവനൊടുക്കിയ സംഭവത്തിൽ, ജോലിയിൽ പ്രവേശിച്ച അന്നുമുതൽ താൻ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് പുറത്ത്.

കടുത്ത ജോലി സമ്മർദ്ദം തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും കമ്പനിയിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചിരുന്നില്ലെന്നും കത്തിൽ പരാമർശമുണ്ട്. ഇതോടെ മിഥുൻ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.

അസുഖം ബാധിച്ചാൽ പോലും മിഥുന് അവധി നൽകാൻ കമ്പനി തയ്യാറായിരുന്നില്ലെന്നും മരണം സംഭവിച്ചതിന് ശേഷം കമ്പനി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. ടാർജറ്റ്, സെയിൽസ്, കൺവേർഷൻ എന്നിവയിലെല്ലാം കടുത്ത സമ്മർദ്ദമാണ് മിഥുൻ അനുഭവിച്ചിരുന്നത്.

പിന്തുണ ലഭിക്കാത്തതിനാൽ രാജി വെയ്ക്കാൻ മിഥുൻ ആലോചിച്ചിരുന്നതായും ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം കമ്പനിയിൽ രാജിക്കാര്യം അറിയിച്ചിരുന്നതാണെന്നും രാവിലെ മുതൽ രാത്രി ഒരു മണി വരെ നീളുന്ന കടുത്ത ജോലിഭാരമുണ്ടായിരുന്നതായും കുടുംബം വെളിപ്പെടുത്തി.

കമ്പനി മാനേജർ പരസ്യമായി മിഥുനെ അപമാനിക്കാറുണ്ടായിരുന്നു. രാജി വെക്കുമെന്ന് പറഞ്ഞിട്ടും ജോലിയിൽ തുടരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നു. മിഥുന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഈ സമ്മർദ്ദം. മരണം നടന്ന ശേഷവും ഫോണിലേക്ക് മാനേജറുടെ കോൾ വന്നിരുന്നുവെന്നും, എവിടെ നിൽക്കുന്നു എന്ന് മാത്രം ചോദിച്ച മാനേജറോട് ആള് മരിച്ചുപോയി എന്ന് മറുപടി പറഞ്ഞതിനു ശേഷം പിന്നീട് വിളിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മിഥുൻ ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്നാണ് ഈ മാസം 15-ന് മിഥുനെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373321/trivandrum-medical-rep-mithun-suicide-work-pressure)