---
title: "പൊതിച്ചോറിന് പൂട്ടിടാൻ മുരളീധരൻ...! ആശുപത്രികളിൽ രാഷ്ട്രീയ കളി നടക്കില്ല; എന്തുവിലകൊടുത്തും തടയുമെന്ന് ആരോഗ്യമന്ത്രി "
english_title: "Kerala Health Minister K Muraleedharan Opposes DYFI Pothichor in Hospitals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373318/k-muraleedharan-dyfi-pothichor-hospital-politics-"
published_at: "2026-07-19T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c60bf56856_k-muraleedharan-dyfi-pothichor-hospital-politics-.jpg"
keywords: ["K Muraleedharan", "Health Minister Kerala", "DYFI Pothichor", "Hospital Politics", "Pathanamthitta News"]
---

# പൊതിച്ചോറിന് പൂട്ടിടാൻ മുരളീധരൻ...! ആശുപത്രികളിൽ രാഷ്ട്രീയ കളി നടക്കില്ല; എന്തുവിലകൊടുത്തും തടയുമെന്ന് ആരോഗ്യമന്ത്രി 

> **Lead Summary:** **പത്തനംതിട്ട: **സർക്കാർ ആശുപത്രി പരിസരങ്ങളിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ നിലപാട് കൂടുതൽ കർശനമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കകത്ത് യാതൊരു കാരണവശാലും രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും അത് എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**പത്തനംതിട്ട: **സർക്കാർ ആശുപത്രി പരിസരങ്ങളിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ നിലപാട് കൂടുതൽ കർശനമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കകത്ത് യാതൊരു കാരണവശാലും രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും അത് എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വഴി മാത്രമേ ഭക്ഷണം വിതരണം ചെയ്യാൻ പാടുള്ളൂവെന്നും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകളുമായി സർക്കാർ ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഡിവൈഎഫ്ഐ എന്ന സംഘടനയെ മാത്രമല്ല, യൂത്ത് കോൺഗ്രസിന്റെയോ ആർഎസ്എസ് അനുകൂല സംഘടനയായ സേവാഭാരതിയുടെയോ ആയാലും രാഷ്ട്രീയ പശ്ചാത്തലമുള്ള പ്രവർത്തനങ്ങൾ ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ അസന്നിഗ്ധമായി വ്യക്തമാക്കി.

മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ടെന്നീസ് ക്ലബ് അംഗത്വ വിവാദത്തോടും മന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ആരോഗ്യവകുപ്പിന് അത്തരം ഒരു ക്ലബ് അംഗത്വത്തിന്റെ യാതൊരുവിധ ആവശ്യവുമില്ലെന്ന് മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സംഭവത്തെക്കുറിച്ച് വകുപ്പിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കെ. മുരളീധരൻ കൂട്ടിച്ചേർത്തു. 

അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനര്‍ കെട്ടിയുള്ള ഭക്ഷണ വിതരണം അവസാനിപ്പിക്കണമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ രൂക്ഷമായി പ്രതികരിച്ചു. 'ഹൃദയപൂർവ്വം' പദ്ധതി അവസാനിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയ ഡിവൈഎഫ്ഐ, 'ഹൃദയപൂർവ്വം' വെറും പൊതിച്ചോർ വിതരണം മാത്രമല്ലെന്നും അപരനോടുള്ള കരുതലിന്റെയും ശ്രീ നാരായണഗുരു ഉയർത്തിയ സാഹോദര്യ സന്ദേശത്തിന്റെയും പ്രയോഗവൽകരണമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

> "അറിയപ്പെടാത്തവർക്ക് ആശുപത്രികളിൽ ദിവസങ്ങളോളം കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിശപ്പിന് ആശ്വാസമാകുന്ന, വീടുകളിൽ നിന്ന് സ്നേഹപൂർവ്വം ശേഖരിച്ച മനുഷ്യസ്നേഹത്തിന്റെ പങ്കുവെക്കലാണ് ഹൃദയപൂർവ്വം. രാഷ്ട്രീയവും സംഘടനയും മറികടന്ന് ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിച്ച ജനകീയ പ്രവർത്തനമാണ്" - ഡിവൈഎഫ്ഐ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373318/k-muraleedharan-dyfi-pothichor-hospital-politics-)