---
title: "സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ആശുപത്രിയിലും നിരാഹാര സമരം തുടരുന്നു"
english_title: "Sonam Wangchuk Health Update: Condition Stable, Continues Hunger Strike in Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373311/sonam-wangchuk-health-update-delhi-hunger-strike"
published_at: "2026-07-19T10:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c5a7e9479f_sonam-wangchuk-health-update-delhi-hunger-strike.jpg"
keywords: ["Sonam Wangchuk", "Jantar Mantar", "Hunger Strike", "Safdarjung Hospital", "Delhi News", "Ladakh"]
---

# സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ആശുപത്രിയിലും നിരാഹാര സമരം തുടരുന്നു

> **Lead Summary:** **ദില്ലി: ** ജന്തർ മന്തറിലെ നിരാഹാര സമരവേദിയിൽനിന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യനില വ്യക്തമാക്കി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.

## Article Content

**ദില്ലി: ** ജന്തർ മന്തറിലെ നിരാഹാര സമരവേദിയിൽനിന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യനില വ്യക്തമാക്കി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.

നിലവിൽ വാങ്ചുക്കിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിലും അദ്ദേഹത്തിന് തുടർചികിത്സ ആവശ്യമാണെന്ന് സഫ്ദർജങ് ആശുപത്രി അധികൃതർ ഞായറാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അതേസമയം, ആശുപത്രി അധികൃതരുടെ കർശന നിർദേശങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സോനം വാങ്ചുക്ക് ആശുപത്രിയിലും തന്റെ നിരാഹാര സമരം കടുപ്പിച്ചു തുടരുകയാണ്.

ജീവൻരക്ഷാ മരുന്നുകളും ഐവി ഫ്ലൂയിഡ്സും സ്വീകരിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ദീർഘനാളത്തെ ഉപവാസം മൂലമുള്ള ശാരീരിക തളർച്ചയും മറ്റ് പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

എങ്കിലും നിലവിൽ രക്തത്തിലെ ചില അളവുകളിൽ ചെറിയ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൽ പറയുന്നു. വരും മണിക്കൂറുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താനും പരിഹരിക്കാനുമായി തുടർച്ചയായ ചികിത്സയും 24 മണിക്കൂറും നീളുന്ന ക്ലിനിക്കൽ നിരീക്ഷണവും അത്യാവശ്യമാണെന്ന് സഫ്ദർജംഗ് ആശുപത്രിയിലെയും എയിംസിലെയും ഡോക്ടർമാർ സംയുക്തമായി വിലയിരുത്തി.

ഇതനുസരിച്ച് ആവശ്യമായ എല്ലാ വൈദ്യസഹായവും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തുടർച്ചയായി വിലയിരുത്തുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373311/sonam-wangchuk-health-update-delhi-hunger-strike)