---
title: " പ്രിയദർശിനി പ്രിയങ്കരിയാകുമ്പോൾ... നിസ്സഹായതയുടെ മുഖങ്ങളും കട്ടപ്പുറത്താകുന്ന ജീവിതങ്ങളും"
english_title: "Priyadarshini Scheme: Relief for Women, But What About Others and Private Buses?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373307/priyadarshini-ksrtc-women-free-travel-impact-new-"
published_at: "2026-07-19T10:07:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c57ab94245_priyadarshini-ksrtc-women-free-travel-impact.jpg"
keywords: ["Priyadarshini", "KSRTC", "Women Free Travel", "Kerala Transport", "Private Bus Crisis", "Susmitha surendran"]
---

#  പ്രിയദർശിനി പ്രിയങ്കരിയാകുമ്പോൾ... നിസ്സഹായതയുടെ മുഖങ്ങളും കട്ടപ്പുറത്താകുന്ന ജീവിതങ്ങളും

> **Lead Summary:** > ദാ... “പ്രിയദർശിനി” വരുന്നുണ്ടേ... വേഗം കയറിക്കോളൂ...എത്ര സമാധാനത്തോടെയും സന്തോഷം നിറഞ്ഞ മുഖത്തോടെയുമാണ് ഓരോ സ്ത്രീകളും പ്രിയദർശിനിയെ വരവേൽക്കുന്നത്. ഒരു രണ്ടുവയസ്സുകാരിക്ക് തോന്നുന്ന അതേ കൗതുകം ഇവിടെയും കാണാം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രിയപ്പെട്ടവന്റെ തോളോടൊപ്പം ചേർന്ന് നിൽക്കുന്നവൾക്ക് പ്രിയദർശിനി ഒരു ആശ്വാസമാകുന്നു.

## Article Content

> ദാ... “പ്രിയദർശിനി” വരുന്നുണ്ടേ... വേഗം കയറിക്കോളൂ...എത്ര സമാധാനത്തോടെയും സന്തോഷം നിറഞ്ഞ മുഖത്തോടെയുമാണ് ഓരോ സ്ത്രീകളും പ്രിയദർശിനിയെ വരവേൽക്കുന്നത്. ഒരു രണ്ടുവയസ്സുകാരിക്ക് തോന്നുന്ന അതേ കൗതുകം ഇവിടെയും കാണാം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രിയപ്പെട്ടവന്റെ തോളോടൊപ്പം ചേർന്ന് നിൽക്കുന്നവൾക്ക് പ്രിയദർശിനി ഒരു ആശ്വാസമാകുന്നു.

**

> “അമ്മേ, ഇന്നത്തെ ബസിന്റെ പൈസ തായോ” എന്ന് മക്കൾ ഉറക്കെ വിളിച്ചു പറയുമ്പോൾ അടുക്കളപ്പണിയിൽ നിന്ന് വെപ്രാളത്തോടെ ഓടിവന്ന് പൈസ പരതുന്ന അമ്മമാർക്ക് ഇന്ന് ആ വെപ്രാളമില്ല. രാവിലത്തെ ഓട്ടത്തിനിടയിൽ തനിക്കുള്ള വണ്ടിക്കൂലി തികയുമോ എന്ന് തപ്പുന്ന സ്ത്രീകൾക്ക് ഇന്ന് സമാധാനത്തിന്റെ ദിനങ്ങളാണ്.

KSRTC ബസ് കേരളക്കരയ്ക്ക് പുതുമയല്ലെങ്കിലും പ്രിയദർശിനിയുടെ തുടക്കത്തോടെ പുതിയ ഒരു സുഹൃത്തിനെ ജീവിതത്തിലേക്ക് കിട്ടിയ സന്തോഷമാണ് സ്ത്രീകൾക്ക്. ഒരു കുഞ്ഞിന്റെ ജനത്തിനായി കാത്തിരിക്കുന്ന അമ്മമാരെ നാം കാണാറുണ്ട്. അതുപോലെ തന്നെ ജൂൺ 15 എന്ന ഒരു ദിവസത്തിനുവേണ്ടി എണ്ണി കഴിഞ്ഞ ഒരു കൂട്ടം സ്ത്രീകളെയും നാം കണ്ടു.

‘KSRTCയിൽ കയറാതെ മുൻപ് സ്വകാര്യ ബസിനെ ആശ്രയിച്ചിരുന്ന’ സ്ത്രീകൾ മുഴുവനും ഇന്ന് Rs: 0 സീറോ ടിക്കറ്റ് കൈയിൽ കിട്ടാൻ കൊതിക്കുന്നവരാണ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പിക്കാൻ കഴിഞ്ഞു. ദൈനംദിന യാത്രയ്ക്കായി ചെലവഴിക്കുന്ന പണം ഇന്ന് ഒരുവട്ടം കൂടി കൈയിൽ മുറുക്കിപ്പിടിക്കാൻ സ്ത്രീകൾക്ക് ആകുമ്പോൾ ഒരു തരത്തിൽ പ്രിയദർശിനി വിജയമായി മാറുകയാണ്.

എന്നാൽ സന്തോഷം നിറഞ്ഞ മുഖങ്ങൾ യാത്രയിലുടനീളം കാണുമ്പോൾ നിരാശയുടെയും നിസ്സഹായതയുടെയും ജീവിതങ്ങളെ കൂടി നാം കാണേണ്ടതുണ്ട്, തൊട്ടറിയേണ്ടതുണ്ട്.

> “മോളെ, ബാഗ് ഞാൻ പിടിക്കാം. അല്ലെങ്കിൽ മോൾ ഇവിടെ ഇരുന്നോളൂ” എന്ന് പറഞ്ഞുകൊണ്ട് സ്വന്തം സീറ്റ് ഒഴിഞ്ഞുതന്ന അച്ഛന്മാരെ, ചേട്ടന്മാരെ, അനിയന്മാരെ നിങ്ങൾ ഇപ്പോൾ ഓർക്കാറുണ്ടോ? പ്രായമായവരും അല്ലാത്തതുമായ പുരുഷന്മാർ ഇന്ന് പ്രിയദർശിനിയിൽ നിങ്ങളോടൊപ്പം യാത്ര ചെയ്യുമ്പോൾ ഒരിക്കലെങ്കിലും തിരിഞ്ഞുനോക്കാറുണ്ടോ? “ഇവിടെ ഇരുന്നോളൂ” എന്ന് പറഞ്ഞ് സീറ്റിൽ നിന്ന് എഴുന്നേൽക്കാറുണ്ടോ? ഇല്ല. നമ്മൾ അവരെ മറന്നു തുടങ്ങി.

**

> വലിയ ശതമാനം സ്ത്രീകളും ഇന്ന് പ്രിയദർശിനിയെ മാത്രം ആശ്രയിക്കുന്നവരാകുമ്പോൾ നഷ്ടപ്പെടുന്നത് പുരുഷന്മാർക്കുള്ള അവകാശം കൂടിയാണ്. പൈസ കൊടുത്ത് യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് KSRTCയിൽ സീറ്റ് ലഭിക്കാതെ കാൽ കടയുന്ന അവസ്ഥയാണ്. ഉന്തും തള്ളുമായി ബസിൽ കയറുമ്പോൾ “ഇത് ഞങ്ങൾക്കുള്ള സ്ത്രീകൾക്കുള്ള ബസാണ്” എന്ന് സ്വയം വിളിച്ചുപറയുന്ന സ്ത്രീകളും പുതിയ കാഴ്ചയായി മാറിയിരിക്കുന്നു.

പ്രിയദർശിനി ഒരു സഹായമാകുമ്പോൾ ചില സ്ത്രീകളെങ്കിലും അതൊരു അഹങ്കാരമായി കരുതുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അപൂർവമായ ഒരു വാർത്ത നമ്മൾ കാണാൻ ഇടയായി. KSRTCയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കസേരയിട്ട് ഒരു വയോധികൻ യാത്ര ചെയ്യുന്നത്. ചിലർക്കെങ്കിലും ഇത്തരം കാഴ്ചകൾ കാണുമ്പോൾ തമാശയാണെങ്കിലും മറ്റു ചിലരുടെ ദയനീയാവസ്ഥയാണിത്.

KSRTC ബസിനോട് അല്പം കൂടുതൽ സ്നേഹമുള്ളവർക്ക് ഇന്ന് പ്രിയദർശിനി കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ശ്വാസം മുട്ടലാണ്. തിങ്ങിനിറഞ്ഞുകൊണ്ടുള്ള പ്രിയദർശിനി യാത്ര അപകടം വിളിച്ചുവരുത്തുമോ എന്നോർത്ത്.

പ്രിയദർശിനിയുടെ കടന്നുവരവ് ഏറ്റവും കൂടുതൽ ബാധിച്ചത് സ്വകാര്യ ബസുകളെയാണ്. ഒരു കാലത്ത് സ്വകാര്യ ബസ് മാത്രം ആശ്രയിച്ചിരുന്നവർ സ്വകാര്യ ബസ് കാണുമ്പോൾ മുഖം തിരിക്കുന്ന അവസ്ഥയിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. സ്ത്രീകൾ കൂടുതലായും ഫ്രീ ടിക്കറ്റ് ആശ്രയിക്കുമ്പോൾ ഇവിടെ സ്വകാര്യ ബസുകൾ കട്ടപ്പുറത്തേക്ക് കയറുന്നു.

ജൂൺ 15ന് ശേഷം സ്വകാര്യ ബസ് ജീവനക്കാർ നിരത്തുന്ന കണക്കുകൾ ഒക്കെയും തകർച്ചയുടേത് മാത്രമാണ്. നിരത്തിലോടുന്ന ബസ് കാലിയായി പോകുമ്പോൾ താളം തെറ്റുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ ജീവിതം കൂടിയാണ്. എത്രയെത്ര ബസുകളാണ് ഡീസൽ അടിക്കാൻ പോലുമുള്ള പണം ലഭിക്കാത്തതുകൊണ്ട് ഓട്ടം നിർത്തിവെച്ചത്. ബസ് പണിമുടക്ക് നടത്തിയിട്ടും അവർക്ക് ആശ്വസിക്കാൻ പാകത്തിലുള്ള ഒരു ഉത്തരം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

സ്ത്രീകളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുമ്പോൾ ചിന്തിക്കാതെ പോകുന്ന ചിലതുണ്ട്. പട്ടിണി കിടന്നും വയർ മുറുക്കിക്കെട്ടിയും കുടുംബത്തെ പോറ്റുന്ന അച്ഛന്മാരും കുറച്ച് ചെറുപ്പക്കാരും നമുക്ക് ചുറ്റിലുമുണ്ട്. പ്രിയദർശിനി പ്രിയങ്കരിയാകുമ്പോൾ ചിലർക്കെങ്കിലും അതൊരു വേദനയല്ലേ?

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373307/priyadarshini-ksrtc-women-free-travel-impact-new-)