---
title: "കോഴിക്കോട്ടുകാരെ ശ്രദ്ധിക്കണേ...! ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്"
english_title: "Kerala Weather Update: Yellow Alert in 5 Districts, Heavy Rain and Strong Winds Forecast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373297/kerala-weather-yellow-alert-5-districts-heavy-rain-"
published_at: "2026-07-19T09:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c4b979cbd9_kerala-weather-yellow-alert-5-districts-heavy-rain.jpg"
keywords: ["Kerala Weather", "Yellow Alert", "Heavy Rain Kerala", "Malabar Rain", "Kalla Kadal Warning", "IMD"]
---

# കോഴിക്കോട്ടുകാരെ ശ്രദ്ധിക്കണേ...! ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മലബാർ മേഖലയിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മലബാർ മേഖലയിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ചക്രവാതച്ചുഴികളുടെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നത്. കൂടാതെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് കടലാക്രമണ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രവചിക്കപ്പെടുന്നുണ്ട്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാവിലെ 8.30 മുതൽ രാത്രി 11.30 വരെ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കന്യാകുമാരി തീരങ്ങളിലും നാളെ (20/07/2026) പകൽ 5.30 മുതൽ വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും യാതൊരു കാരണവശാലും കടലിൽ ഇറങ്ങരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373297/kerala-weather-yellow-alert-5-districts-heavy-rain-)