---
title: "മദ്യലഹരിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു....! കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു, പ്രതി പിടിയിൽ "
english_title: "Kottayam Central Junction: Youth Stabbed to Death After Altercation, Accused Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373290/kottayam-central-junction-stabbing-death-youth-arrested"
published_at: "2026-07-19T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c4146b6257_kottayam-central-junction-stabbing-death-youth-arrested.jpg"
keywords: ["Kottayam News", "Central Junction", "Stabbing", "Youth Death", "Kerala Police", "Crime News"]
---

# മദ്യലഹരിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു....! കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു, പ്രതി പിടിയിൽ 

> **Lead Summary:** **കോട്ടയം: **നഗരമധ്യത്തിലുണ്ടായ വാക്കേറ്റത്തെയും ഏറ്റുമുട്ടലിനെയും തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി വൈകി സെൻട്രൽ ജംക്‌ഷനിലാണ് സംഭവം നടന്നത്. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുരയിടത്തിൽ വിനീത് ആണ് കൊല്ലപ്പെട്ടത്.

## Article Content

**കോട്ടയം: **നഗരമധ്യത്തിലുണ്ടായ വാക്കേറ്റത്തെയും ഏറ്റുമുട്ടലിനെയും തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി വൈകി സെൻട്രൽ ജംക്‌ഷനിലാണ് സംഭവം നടന്നത്. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുരയിടത്തിൽ വിനീത് ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ (39) പൊലീസ് കൺട്രോൾ റൂം സംഘം സാഹസികമായി പിടികൂടി. മദ്യലഹരിയിലായിരുന്ന യുവാക്കൾ തമ്മിൽ തെരുവിൽ വെച്ച് കടുത്ത വാക്കേറ്റമുണ്ടാകുകയും തുടർന്ന് ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു.

തർക്കത്തിനിടെ ശ്രീകാന്ത് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വിനീതിനെ ക്രൂരമായി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സമയം സമീപത്തുതന്നെ വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥർ വിവരമറിഞ്ഞ് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.

ഈ സമയം ചോരയൊലിക്കുന്ന ആയുധവുമായി നിൽക്കുകയായിരുന്ന പ്രതിയെ പോലീസ് അതിസാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് ഉടൻ തന്നെ 108 ആംബുലൻസ് വിളിച്ച് ഗുരുതരമായി പരുക്കേറ്റ വിനീതിനെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തുനിന്നു തന്നെ പിടികൂടിയ പ്രതിയെ കൺട്രോൾ റൂം വാഹനത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട വിനീതിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373290/kottayam-central-junction-stabbing-death-youth-arrested)