---
title: "ജോലി വാഗ്ദാനം ചെയ്ത് പീഡനം; പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ച് സി.പി.എം അംഗമായ സി സുജിത്ത്"
english_title: "Sreekrishnapuram Panchayat Member C Sujith Resigns Over Sexual Assault Case Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373279/sreekrishnapuram-panchayat-member-c-sujith-resigns-over-sexual-assault-case-palakkad"
published_at: "2026-07-19T06:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c276798199_sreekrishnapuram-panchayat-member-c-sujith-resigns-assault-case.jpg"
keywords: ["Palakkad", "Sreekrishnapuram Panchayat", "C Sujith", "Sexual Assault Case", "CPM"]
---

# ജോലി വാഗ്ദാനം ചെയ്ത് പീഡനം; പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ച് സി.പി.എം അംഗമായ സി സുജിത്ത്

> **Lead Summary:** പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം സി. സുജിത്ത് മെമ്പർ സ്ഥാനം രാജിവെച്ചു.പഞ്ചായത്തിലെ 13-ാം വാർഡായ രാഗംകോർണറിനെ പ്രതിനിധീകരിക്കുന്ന സുജിത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു.

## Article Content

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം സി. സുജിത്ത് മെമ്പർ സ്ഥാനം രാജിവെച്ചു.പഞ്ചായത്തിലെ 13-ാം വാർഡായ രാഗംകോർണറിനെ പ്രതിനിധീകരിക്കുന്ന സുജിത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു.

സി.പി.എം അംഗമായ ഇയാൾക്കെതിരെ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് യുവതി ശ്രീകൃഷ്ണപുരം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കേസിനെ തുടർന്ന് സുജിത്ത് മുൻകൂർ ജാമ്യം നേടിയിരുന്നു.

പീഡന കേസ് വന്നതിന് ശേഷം തുടർച്ചയായി നടന്ന രണ്ട് ഭരണസമിതി യോഗങ്ങളിലും സുജിത്ത് പങ്കെടുത്തിരുന്നില്ല. മൂന്നാമത്തെ ഭരണസമിതി യോഗം ചേരുന്നതിന് തൊട്ടുമുമ്പ് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സുജിത്ത് രാജിക്കത്ത് കൈമാറി. അതേസമയം സുജിത്തിന്റെ രാജി പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി.

ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ എൽ.ഡി.എഫിന് 12, യു.ഡി.എഫിന് 3, ബി.ജെ.പിക്ക് 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.രാജി സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകും. തുടർന്ന് രാഗംകോർണർ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373279/sreekrishnapuram-panchayat-member-c-sujith-resigns-over-sexual-assault-case-palakkad)