---
title: "'സമരം പിൻവലിക്കില്ലെന്നും ലക്ഷ്യം കൈവരിക്കുന്നതുവരെ മുന്നോട്ട് പോകും'; സമരക്കാര്‍ക്ക് സന്ദേശവുമായി സോനം വാങ്ചുക്"
english_title: "Sonam Wangchuk Continues Hunger Strike In Hospital, Demands Dharmendra Pradhan Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373277/sonam-wangchuk-hunger-strike-hospital-dharmendra-pradhan"
published_at: "2026-07-19T06:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c24f2c424f_sonam-wangchuk-hunger-strike-hospital-dharmendra-pradhan.jpg"
keywords: ["Sonam Wangchuk", "Hunger Strike", "Dharmendra Pradhan", "Ladakh", "Education Policy"]
---

# 'സമരം പിൻവലിക്കില്ലെന്നും ലക്ഷ്യം കൈവരിക്കുന്നതുവരെ മുന്നോട്ട് പോകും'; സമരക്കാര്‍ക്ക് സന്ദേശവുമായി സോനം വാങ്ചുക്

> **Lead Summary:** **ഡൽഹി: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള നിരാഹാര സമരം ആശുപത്രിയിലും തുടരുന്നതായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ഭക്ഷണമോ മരുന്നോ ചികിത്സയോ സ്വീകരിക്കാൻ സോനം തയ്യാറായിട്ടില്ല.സമരം പിൻവലിക്കില്ലെന്നും ലക്ഷ്യം കൈവരിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നുമാണ് സോനത്തിന്റെ സന്ദേശം.

## Article Content

**ഡൽഹി: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള നിരാഹാര സമരം ആശുപത്രിയിലും തുടരുന്നതായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ഭക്ഷണമോ മരുന്നോ ചികിത്സയോ സ്വീകരിക്കാൻ സോനം തയ്യാറായിട്ടില്ല.സമരം പിൻവലിക്കില്ലെന്നും ലക്ഷ്യം കൈവരിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നുമാണ് സോനത്തിന്റെ സന്ദേശം.

> ഭാര്യ ഗീതാഞ്ജലി അങ്‌മോയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്."സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നന്ദി. പ്രക്ഷോഭം സമാധാനപരമായി തന്നെ മുന്നോട്ട് കൊണ്ടുപോകണം. പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള മുൻനിശ്ചയിച്ച പരിപാടികൾ തുടരണം" - സോനത്തിന്റെ സന്ദേശത്തിൽ പറയുന്നു.

നിലവിൽ സോനത്തിന്റെ പൾസ്, ബി.പി, ഓക്സിജൻ നില എന്നിവ സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി. എയിംസിലെ വിദഗ്ധ ഡോക്ടറും ചികിത്സാ സംഘത്തിലുണ്ട്.ഐ.വി ദ്രാവകം, ഒ.ആർ.എസ്, മരുന്നുകൾ എന്നിവ സ്വീകരിക്കാൻ സോനം വിസമ്മതിച്ചതായും കുടുംബം ചികിത്സയ്ക്ക് സമ്മതിക്കുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

സങ്കീർണതകൾ ഒഴിവാക്കാൻ ഉടൻ ചികിത്സ അനിവാര്യമാണെന്നും അവർ അറിയിച്ചു.അതിനിടെ സോനത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതുവരെ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജിയും അഭിജിത്ത് ദീപകും തുടങ്ങിയ നിരാഹാര സമരം തുടരും.

പ്രതിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതോടെ സമരം കൂടുതൽ ശക്തമായിട്ടുണ്ട്. ജന്തർ മന്തറിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തുന്നുണ്ട്. ലഡാക്കിന്റെ സംരക്ഷണവും വിദ്യാഭ്യാസ നയങ്ങളിലെ മാറ്റങ്ങളുമാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373277/sonam-wangchuk-hunger-strike-hospital-dharmendra-pradhan)