---
title: "കോഴിക്കോട് വടകരയിൽ എഐ തട്ടിപ്പ്; വ്യാജ ട്രേഡിങ് ആപ്പ് വഴി നഷ്ടമായത് വയോധികന് 1.37 കോടി "
english_title: "Vadakara Senior Citizen Loses Rs 1.37 Crore In AI-Based Cyber Fraud, Fake Trading App"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373275/vadakara-ai-cyber-fraud-1-37-crore-lost-fake-trading-app"
published_at: "2026-07-19T06:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c1fa1cc83a_vadakara-ai-cyber-fraud-1-37-crore-lost-fake-trading-app.jpg"
keywords: ["Vadakara", "Cyber Fraud", "AI Scam", "Online Trading App", "Kozhikode"]
---

# കോഴിക്കോട് വടകരയിൽ എഐ തട്ടിപ്പ്; വ്യാജ ട്രേഡിങ് ആപ്പ് വഴി നഷ്ടമായത് വയോധികന് 1.37 കോടി 

> **Lead Summary:** കോഴിക്കോട്: വടകരയിൽ വയോധികൻ എ.ഐ ഉപയോഗിച്ചുള്ള അതിനൂതന സൈബർ തട്ടിപ്പിനിരയായി 1.37 കോടി രൂപ നഷ്ടപ്പെട്ടു. വ്യാജ വീഡിയോയും ഓൺലൈൻ ട്രേഡിങ് ആപ്പും ഉപയോഗിച്ചാണ് തട്ടിപ്പുകാർ വൻ തുക കവർന്നത്. സംഭവത്തിൽ ഇരയായ വയോധികൻ വടകര സൈബർ പൊലീസിൽ പരാതി നൽകി.

## Article Content

കോഴിക്കോട്: വടകരയിൽ വയോധികൻ എ.ഐ ഉപയോഗിച്ചുള്ള അതിനൂതന സൈബർ തട്ടിപ്പിനിരയായി 1.37 കോടി രൂപ നഷ്ടപ്പെട്ടു. വ്യാജ വീഡിയോയും ഓൺലൈൻ ട്രേഡിങ് ആപ്പും ഉപയോഗിച്ചാണ് തട്ടിപ്പുകാർ വൻ തുക കവർന്നത്. സംഭവത്തിൽ ഇരയായ വയോധികൻ വടകര സൈബർ പൊലീസിൽ പരാതി നൽകി.

സോഷ്യൽ മീഡിയയിൽ കണ്ട ഒരു എ.ഐ നിർമിത വീഡിയോയുടെ താഴെ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ലിങ്കിൽ തൊട്ടതോടെ വയോധികന്റെ മൊബൈൽ ഫോൺ ഹാക്കർമാരുടെ നിയന്ത്രണത്തിലായി.പിന്നീട് ഫോൺ ഹാക്ക് ചെയ്ത തട്ടിപ്പുകാർ നൽകിയ നിർദേശപ്രകാരം വയോധികൻ ഒരു വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു ആപ്പ് പ്രചരിപ്പിച്ചത്.

ആപ്പിലൂടെ വിശ്വാസം വളർത്തിയ തട്ടിപ്പുകാർ പല തവണകളായി വയോധികനിൽ നിന്ന് 1.37 കോടി രൂപ നിക്ഷേപിപ്പിച്ചു. നിക്ഷേപിച്ച തുകയ്ക്ക് ഇരട്ടി ലാഭം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പ് മനസ്സിലായത്.പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് വയോധികൻ സൈബർ പൊലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വീഡിയോകളും ആപ്പുകളും വ്യാപകമാകുന്നതായി സൈബർ പൊലീസ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ കാണുന്ന അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, അജ്ഞാത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംശയം തോന്നുന്ന സാഹചര്യത്തിൽ ഉടൻ 1930 സൈബർ ഹെൽപ്‌ലൈനിൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373275/vadakara-ai-cyber-fraud-1-37-crore-lost-fake-trading-app)