---
title: "സോനം വാങ്ചുകിന്റെ ആരോഗ്യനില സാധാരണ നിലയിൽ: നിർജലീകരണ ലക്ഷണമെന്ന് ആശുപത്രി"
english_title: "Sonam Wangchuk Health Stable But Dehydrated, Hospital Says Amid Hunger Strike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373266/sonam-wangchuk-hospitalized-delhi-hunger-strike-health-update"
published_at: "2026-07-18T22:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5af0fcc899a_delhi-police-detains-sonam-wangchuk-jantar-mantar-hunger-strike.jpg"
keywords: ["Sonam Wangchuk", "Delhi", "Hunger Strike", "Safdarjung Hospital", "Ladakh"]
---

# സോനം വാങ്ചുകിന്റെ ആരോഗ്യനില സാധാരണ നിലയിൽ: നിർജലീകരണ ലക്ഷണമെന്ന് ആശുപത്രി

> **Lead Summary:** **ഡൽഹി: **നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് സഫ്ദർജങ് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി വൃത്തങ്ങൾ പറയുന്നതനുസരിച്ച് സോനത്തിന്റെ പൾസ്, ബിപി, ഓക്സിജൻ നില എന്നിവ സാധാരണ നിലയിലാണ്.

## Article Content

**ഡൽഹി: **നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് സഫ്ദർജങ് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി വൃത്തങ്ങൾ പറയുന്നതനുസരിച്ച് സോനത്തിന്റെ പൾസ്, ബിപി, ഓക്സിജൻ നില എന്നിവ സാധാരണ നിലയിലാണ്.

എന്നാൽ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ചികിത്സ നൽകാൻ കുടുംബം അനുമതി നൽകുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.എയിംസിലെ വിദഗ്ധ ഡോക്ടർമാരും ചികിത്സാ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐ.വി. ദ്രാവകം, ഒ.ആർ.എസ്, മരുന്നുകൾ എന്നിവ സ്വീകരിക്കാൻ സോനം വിസമ്മതിച്ചു.

സങ്കീർണതകൾ ഒഴിവാക്കാൻ അടിയന്തര ചികിത്സ ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ഇന്ന് രാവിലെ 7 മണിയോടെ ഡൽഹി ഹൈകോടതി ഉത്തരവ് പ്രകാരമാണ് സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം ജന്തർമന്തറിലെ സമരവേദിയിലെത്തിയത്. സോനത്തെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിജെപി പ്രവർത്തകർ തടഞ്ഞു.

തുടർന്ന് മഫ്തിയിൽ എത്തിയ പൊലീസ് സംഘം ഡോക്ടർമാർക്കൊപ്പം സമരവേദിയിൽ പ്രവേശിച്ചു. അർധസൈനിക വിഭാഗത്തിന്റെ സഹായത്തോടെ സോനം വാങ്ചുകിനെ ബലമായി ആംബുലൻസിൽ കയറ്റി സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി. മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തുണികൊണ്ട് മറച്ചാണ് സോനത്തെ ആംബുലൻസിലേക്ക് കൊണ്ടുപോയത്.

ലഡാക്കിലെ ഭരണപരമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സോനം വാങ്ചുക് നിരാഹാര സമരം നടത്തുന്നത്. നിരാഹാരം തുടരുന്നതിനിടെ ആരോഗ്യനില വഷളായതോടെയാണ് കോടതി ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373266/sonam-wangchuk-hospitalized-delhi-hunger-strike-health-update)