---
title: "പണത്തിന് വേണ്ടി കൊന്നല്ലേ ....? പുതപ്പിനുള്ളിലേക്ക് പാമ്പിനെ വിട്ട് കടിപ്പിച്ച് ഭർത്താവിനെ കൊന്നു; ഭാര്യയും കാമുകനും രണ്ട് പാമ്പാട്ടികളും അറസ്റ്റിൽ"
english_title: "UP Man Killed By Snake Bite: Wife, Lover And Snake Charmers Arrested In Meerut Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373262/meerut-snake-bite-murder-wife-lover-arrested"
published_at: "2026-07-18T21:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ba8582c567_meerut-snake-bite-murder-wife-lover-arrested.jpg"
keywords: ["Meerut Murder", "Snake Bite Killing", "UP Crime", "Insurance Murder"]
---

# പണത്തിന് വേണ്ടി കൊന്നല്ലേ ....? പുതപ്പിനുള്ളിലേക്ക് പാമ്പിനെ വിട്ട് കടിപ്പിച്ച് ഭർത്താവിനെ കൊന്നു; ഭാര്യയും കാമുകനും രണ്ട് പാമ്പാട്ടികളും അറസ്റ്റിൽ

> **Lead Summary:** **മീററ്റ്: **ഉത്തർപ്രദേശിലെ മീററ്റിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യയും കാമുകനും ചേർന്ന് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാണ്. സംഭവത്തിൽ യുവാവിന്റെ ഭാര്യ, കാമുകൻ, രണ്ട് പാമ്പാട്ടികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മീററ്റ്: **ഉത്തർപ്രദേശിലെ മീററ്റിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യയും കാമുകനും ചേർന്ന് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാണ്. സംഭവത്തിൽ യുവാവിന്റെ ഭാര്യ, കാമുകൻ, രണ്ട് പാമ്പാട്ടികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മീററ്റ് ഹസ്തിനാപുർ സ്വദേശി അതുൽ പവാർ(32)ന്റെ മരണത്തിലാണ് പൊലീസ് ദുരൂഹത നീക്കിയത്. അതുലിന്റെ ഭാര്യ ദാമിനി പവാർ(30), കാമുകൻ തുഷാർ കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇവർക്ക് പാമ്പിനെ എത്തിച്ചുകൊടുത്തതിന് പാമ്പാട്ടികളായ സോനു കുമാർ, ഉദയ് കുമാർ എന്നിവരും പിടിയിലായി.

വെള്ളിയാഴ്ച രാവിലെയാണ് അതുലിനെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എഴുന്നേറ്റപ്പോൾ ഭർത്താവിനെ അബോധാവസ്ഥയിൽ കണ്ടെന്നും കട്ടിലിൽ ഒരു പാമ്പുണ്ടായിരുന്നുവെന്നുമായിരുന്നു ദാമിനിയുടെ ആദ്യ മൊഴി. അയൽക്കാർ ഓടിയെത്തി അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വലതുകാലിലാണ് പാമ്പ് കടിച്ചത്.മരണത്തിൽ സംശയമുണ്ടെന്ന് അതുലിന്റെ കുടുംബം പൊലീസിന് പരാതി നൽകി. ദാമിനിയുടെ മൊഴിയിൽ അവ്യക്തത കണ്ടതോടെ പൊലീസ് അവരെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ദാമിനി കുറ്റം സമ്മതിച്ചു.ഭർത്താവിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കി കാമുകൻ തുഷാറിനൊപ്പം ജീവിക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ദാമിനി മൊഴി നൽകി.

പദ്ധതി പ്രകാരം രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി അതുലിന് നൽകി. ഭർത്താവ് മയക്കത്തിലായപ്പോൾ നേരത്തെ സംഘടിപ്പിച്ച പാമ്പിനെ പുതപ്പിനുള്ളിലേക്ക് കടത്തിവിട്ടു. ഈ സമയം താൻ കുഞ്ഞുമായി മുറിക്ക് പുറത്തിറങ്ങിയെന്നും ദാമിനി പറഞ്ഞു.ദാമിനിയും അതുലും 7 വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ്.

3 മാസം മുൻപ് അതുൽ ഒരു പ്ലേ സ്കൂൾ ആരംഭിച്ചിരുന്നു. ഈ സ്കൂളിലെ വാഹന ഡ്രൈവറാണ് തുഷാർ. ഇതാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തിന് വഴിവെച്ചത്.അന്വേഷണത്തിൽ ദാമിനിയുടെ ഫോണിൽ നിന്ന് തുഷാറിലേക്ക് നിരന്തരം കോളുകൾ പോയത് കണ്ടെത്തി. തുഷാറിന്റെ ഫോണിൽ പാമ്പിന്റെ ഫോട്ടോകളും ഉണ്ടായിരുന്നു.

ഇതോടെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പൂർണ പദ്ധതി പുറത്തായത്.ദാമിനിയുടെ പ്രേരണയിൽ തുഷാറാണ് പാമ്പാട്ടികളിൽ നിന്ന് പാമ്പിനെ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇൻഷുറൻസ് തുക കിട്ടിയ ശേഷം ഒരുമിച്ച് ജീവിക്കാനും, അതിന് മുൻപ് തുഷാർ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാനുമായിരുന്നു പദ്ധതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373262/meerut-snake-bite-murder-wife-lover-arrested)