---
title: "ക്ലാസ് മുറിയിൽ അധ്യാപകരുടെ അവിഹിത ചുംബനം? ഒടുവിൽ ഭാര്യ വെച്ച ക്യാമറയിൽ കുടുങ്ങി, രണ്ടുപേരെയും സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്"
english_title: "UP Kannauj School Teachers Suspended After Inappropriate Video Viral In Classroom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373251/up-kannauj-school-teachers-suspended-viral-video-classroom"
published_at: "2026-07-18T19:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b8b49e440a_up-kannauj-school-teachers-suspended-viral-video-classroom.jpg"
keywords: ["Uttar Pradesh", "School Teachers Suspended", "Viral Video", "Classroom Incident"]
---

# ക്ലാസ് മുറിയിൽ അധ്യാപകരുടെ അവിഹിത ചുംബനം? ഒടുവിൽ ഭാര്യ വെച്ച ക്യാമറയിൽ കുടുങ്ങി, രണ്ടുപേരെയും സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** **ലഖ്‌നൗ: ** ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ഒരു സർക്കാർ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ വച്ച് രണ്ട് അധ്യാപകർ നടത്തിയ അനുചിതമായ പ്രവർത്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിവാദം. സംഭവത്തിൽ അസിസ്റ്റന്‍റ് അധ്യാപകനെയും വനിതാ അസിസ്റ്റന്‍റ് അധ്യാപികയെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.

## Article Content

**ലഖ്‌നൗ: ** ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ഒരു സർക്കാർ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ വച്ച് രണ്ട് അധ്യാപകർ നടത്തിയ അനുചിതമായ പ്രവർത്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിവാദം. സംഭവത്തിൽ അസിസ്റ്റന്‍റ് അധ്യാപകനെയും വനിതാ അസിസ്റ്റന്‍റ് അധ്യാപികയെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.

കനൗജ് ജില്ലയിലെ സൗരിഖ് ബ്ലോക്കിന് കീഴിലുള്ള ബജേദി ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം. ദൃശ്യങ്ങളിൽ ഇരുവരും ശൈത്യകാല വസ്ത്രങ്ങൾ ധരിച്ചിരുന്നതിനാൽ സംഭവം കഴിഞ്ഞ ശൈത്യകാലത്താണ് നടന്നതെന്നാണ് കരുതുന്നത്. ക്ലാസ് മുറിയിൽ തന്‍റെ കസേരയിൽ ഇരിക്കുകയായിരുന്ന വനിതാ അധ്യാപികയെ പുരുഷ അധ്യാപകൻ ചുംബിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.

ഇരുവരും ക്ലാസ് റൂമിൽ വച്ച് ചുംബിക്കുന്ന നിരവധി വീഡിയോകളാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.അധ്യാപകന്‍റെ ഭാര്യയ്ക്ക് ഭർത്താവിന്‍റെ പെരുമാറ്റത്തിൽ സംശയം ഉണ്ടായിരുന്നതായും ഇതേ തുടർന്ന് അവർ സ്കൂളിൽ രഹസ്യ ക്യാമറ സ്ഥാപിച്ചതായുമാണ് റിപ്പോർട്ടുകൾ. ആ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വീഡിയോകൾ വൈറലായതോടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. സംഭവം ഗൗരവമേറിയതാണെന്ന് കണ്ട വിദ്യാഭ്യാസ അധികൃതർ അന്വേഷണ വിധേയമായി ഇരുവരെയും സസ്പെൻഡ് ചെയ്തു. ജൂലൈ 13-ന് ജില്ലാ ബേസിക് എജ്യൂക്കേഷൻ ഓഫീസർ സന്ദീപ് കുമാർ ആരോപണങ്ങൾ അന്വേഷിക്കാൻ സൗരിഖിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ വിശ്വനാഥ് പഥക്കിനോട് നിർദ്ദേശിച്ചിരുന്നു.

അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകൾ നടക്കുന്ന സ്കൂളിൽ ഇത്തരമൊരു സംഭവം ഉണ്ടായത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷയ്ക്കും അന്തസ്സിനും കോട്ടം തട്ടിയതായി ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373251/up-kannauj-school-teachers-suspended-viral-video-classroom)