---
title: "കമന്റ് ബോക്സിൽ മരിക്കുന്നത് ആരാണ്? സംസ്കാരമോ മനുഷ്യരോ? വെറും തമാശ എന്ന് പറഞ്ഞൊഴിയുന്ന ക്രൂരതയുടെ കഥ"
english_title: "Cyber Bullying Kerala: How One Comment Can Destroy A Life On Social Media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373248/cyber-bullying-comment-box-kerala-social-media-impact"
published_at: "2026-07-18T19:21:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b8983ef674_cyber-bullying-comment-box-kerala-social-media-impact.jpg"
keywords: ["Cyber Bullying", "Social Media", "Daya Sujith", "Online Harassment", "Mental Health", "Athira V"]
---

# കമന്റ് ബോക്സിൽ മരിക്കുന്നത് ആരാണ്? സംസ്കാരമോ മനുഷ്യരോ? വെറും തമാശ എന്ന് പറഞ്ഞൊഴിയുന്ന ക്രൂരതയുടെ കഥ

> **Lead Summary:** ** സ്മാർട്ട് **ഫോൺ സ്ക്രീനിലെ വെറും നാലോ അഞ്ചോ വാക്കുകൾ കൊണ്ട് ഒരാളുടെ ജീവിതം തന്നെ തകർക്കാൻ കഴിയുമോ? കേൾക്കുമ്പോൾ നിസ്സാരമായി തോന്നാം. എന്നാൽ ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഒരു ചെറിയ കമന്റ് പോലും ഒരു മനുഷ്യന്റെ ആത്മവിശ്വാസത്തെയും സ്വസ്ഥജീവിതത്തെയും നിമിഷനേരം കൊണ്ട് തകിടം മറിക്കാൻ മതിയാകും.

## Article Content

** സ്മാർട്ട് **ഫോൺ സ്ക്രീനിലെ വെറും നാലോ അഞ്ചോ വാക്കുകൾ കൊണ്ട് ഒരാളുടെ ജീവിതം തന്നെ തകർക്കാൻ കഴിയുമോ? കേൾക്കുമ്പോൾ നിസ്സാരമായി തോന്നാം. എന്നാൽ ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഒരു ചെറിയ കമന്റ് പോലും ഒരു മനുഷ്യന്റെ ആത്മവിശ്വാസത്തെയും സ്വസ്ഥജീവിതത്തെയും നിമിഷനേരം കൊണ്ട് തകിടം മറിക്കാൻ മതിയാകും.

ആർക്കോ വെറുമൊരു വിനോദമോ ട്രോളോ മാത്രമായിരിക്കാം അത്. എന്നാൽ സ്ക്രീനിന്റെ മറുഭാഗത്തിരുന്ന് അത് വായിക്കുന്നയാൾ അനുഭവിക്കുന്നത് കടുത്ത മാനസിക സംഘർഷവും ഒറ്റപ്പെടലുമാണ്. വിരൽത്തുമ്പിലെ ഒരു അശ്രദ്ധമായ ക്ലിക്ക് എങ്ങനെയാണ് ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത് എന്ന് നാം ഗൗരവത്തോടെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇന്ന് സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ്, എക്സ്, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ആളുകൾ ആശയങ്ങൾ പങ്കുവെക്കുകയും സൗഹൃദങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

എന്നാൽ ഈ ഡിജിറ്റൽ ലോകത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. അതാണ് സൈബർ ബുള്ളിയിംഗ്. പരിഹാസ കമന്റ്, അപമാനകരമായ സന്ദേശം, വ്യാജ പ്രചാരണം, സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കൽ, നിരന്തരമായ ഓൺലൈൻ അധിക്ഷേപം എന്നിവയെല്ലാം ഒരാളുടെ മാനസികാരോഗ്യത്തെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കും.

ഒരു ചെറിയ കമന്റ് വെറും വാക്കുകൾ മാത്രമല്ല. ചിലപ്പോൾ അത് ഒരാളുടെ ആത്മവിശ്വാസം തകർക്കും. ബന്ധങ്ങളെ തകർക്കും. പഠനത്തിലും ജോലിയിലും പിന്നോട്ടടിക്കാനും കാരണമാകും.

> "നീ ഒന്നിനും കൊള്ളില്ല", "നിനക്ക് ജീവിക്കേണ്ട കാര്യമില്ല", "ഇത് കണ്ടാൽ തന്നെ വെറുപ്പ് തോന്നുന്നു" പോലുള്ള വാക്കുകൾ ചിലർക്ക് തമാശയായിരിക്കാം. എന്നാൽ അത് വായിക്കുന്ന വ്യക്തിയുടെ മനസ്സിൽ ഉണ്ടാക്കുന്ന ആഘാതം പലപ്പോഴും പുറത്തുകാണില്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന വിഷയങ്ങളിലൊന്നാണ് ദയ സുജിത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ഒരു യൂട്യൂബറുടെ റിയാക്ഷൻ വീഡിയോ. ഒരു ചെറിയ സ്ക്രീനിന് മുന്നിൽ ഇരുന്ന്, കണ്ണിൽ കാണുന്ന ആരുടെയോ ജീവിതം പച്ചയ്ക്ക് കൊത്തിപ്പറിക്കാൻ മടിയില്ലാത്ത ഒരു കൂട്ടം ആളുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നു.

ദയ തന്റെ ഇഷ്ടങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസരിച്ച് ജീവിക്കുന്ന ഒരാളാണ്. അതിനിടയിലേക്കാണ് മറ്റൊരു ക്യാമറ കണ്ണ് അവളിലേക്ക് തിരിഞ്ഞത്. വീഡിയോയിൽ ദയയുടെ അമ്മ മഞ്ജുപിള്ളയുടെ വളർത്തിനെ കുറ്റപ്പെടുത്തുന്നതും കുട്ടികളെ നോക്കാൻ സമയമില്ലെന്ന് പറയുന്നതും കേൾക്കാം.

ഇത്തരത്തിൽ മറ്റൊരാളുടെ ജീവിതത്തിലേക്ക് എത്തിനോക്കി ചൂഷണം ചെയ്യുന്നത് തുച്ഛമായ ലൈക്കിനും വ്യൂസിനും വേണ്ടിയാണെന്ന് എല്ലാവർക്കും അറിയാം. സോഷ്യൽ മീഡിയയിൽ സജീവമാകണമെങ്കിൽ മറ്റൊരാളെ കരിവാരിത്തേക്കേണ്ടത് അനിവാര്യമായിരിക്കുന്ന അവസ്ഥയാണ്. ഒരാളെ എത്രത്തോളം വ്യക്തിഹത്യ ചെയ്യാൻ കഴിയുന്നുവോ അത്രത്തോളം പ്രസക്തി കിട്ടുമെന്നാണ് ഇപ്പോഴത്തെ സ്ഥിതി.

> പലപ്പോഴും ഒരു തമാശയ്ക്കോ നേരംപോക്കിനോ വേണ്ടിയാണ് പലരും സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ ബോഡി ഷെയ്മിങ് ചെയ്യാനും അധിക്ഷേപിക്കാനും മുതിരുന്നത്. എന്നാൽ "വെറും തമാശ" എന്ന് നമ്മൾ തള്ളിക്കളയുന്ന പല കമന്റുകളും മറുഭാഗത്തുള്ള വ്യക്തിയുടെ സ്വകാര്യജീവിതത്തെയും കുടുംബന്ധങ്ങളെയും വരെ ബാധിക്കാറുണ്ട്.

ലൈക്കും ഷെയറും കമന്റും കേന്ദ്രീകരിച്ചുള്ള സംസ്കാരത്തിൽ പലരും മറ്റുള്ളവരുടെ വികാരങ്ങൾ അവഗണിക്കുന്നു. ട്രോളുകളും മീമുകളും ചിലപ്പോൾ വിനോദമായിരിക്കാം. എന്നാൽ ഒരാളുടെ വ്യക്തിത്വത്തെയും കുടുംബത്തെയും സ്വകാര്യജീവിതത്തെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒരിക്കലും വിനോദമല്ല. ഒരു വൈറൽ പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താം. തെറ്റായ വിവരമോ അധിക്ഷേപമോ പ്രചരിച്ചാൽ പിന്നീട് അത് പിൻവലിച്ചാലും അതിന്റെ ആഘാതം അവസാനിക്കണമെന്നില്ല.

യഥാർത്ഥത്തിൽ നമുക്ക് എന്താണ് സംഭവിക്കുന്നത്? ഫോൺ തുറന്നാൽ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനും, അവരുടെ പോരായ്മകൾ കണ്ടുപിടിച്ച് അതിനടിയിൽ രണ്ട് മോശം വാക്കുകൾ എഴുതാനും നമ്മളിൽ പലർക്കും എന്തൊരു ആവേശമാണ്! സ്വന്തം മുഖം പോലും കാണിക്കാതെ, ഒരു വ്യാജ പ്രൊഫൈലിന്റെ മറവിലിരുന്ന് ആർക്കെതിരെയും എന്തും പറയാമെന്ന ധൈര്യം ഇന്ന് പലർക്കുമുണ്ട്. ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ ഒരു കമന്റ് ബോക്സ് തുറന്നാൽ കാണാം മനുഷ്യരിലെ ഈ ക്രൂരതയുടെ ആഴം.

ഒരു വ്ലോഗർ പുതിയതായി എന്തെങ്കിലും ചെയ്താൽ, അല്ലെങ്കിൽ ആരെങ്കിലും തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിച്ചാൽ, അതിനടിയിൽ കുടുംബത്തെയും മാതാപിതാക്കളെയും വരെ വലിച്ചിഴച്ച് ചീത്തവിളിക്കുന്നത് ഇന്ന് ഒരു ട്രെൻഡായി മാറിയിരിക്കുന്നു. നാം ഓൺലൈനിൽ ടൈപ്പ് ചെയ്യുന്ന ഓരോ വാക്കും സ്ക്രീനിന്റെ മറുഭാഗത്തിരിക്കുന്ന ഒരു മനുഷ്യന്റെ നെഞ്ചിലേക്കാണ് തറക്കുന്നതെന്ന് പലരും ഓർക്കുന്നില്ല.

ഒരു നിമിഷം നമ്മൾ സ്വയം ആലോചിച്ചു നോക്കൂ. നാളെ നമ്മുടെ പ്രിയപ്പെട്ടവർക്കോ നമുക്കോ ഇത്തരമൊരു അനുഭവം ഉണ്ടായാൽ എന്ത് ചെയ്യും? അന്ന് നമ്മൾ അനുഭവിക്കുന്ന ഒറ്റപ്പെടലും വേദനയും താങ്ങാൻ നമുക്കാവുമോ?

സോഷ്യൽ മീഡിയ മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള ഇടമല്ല. ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ആരുടെയും ജീവിതം പണയം വെക്കരുത്. വിരൽത്തുമ്പിലെ ആ ചെറിയ കമന്റ് അമർത്തുന്നതിന് മുമ്പ് ഒരൊറ്റ നിമിഷം മറുഭാഗത്തുള്ള ആ മനുഷ്യനെക്കുറിച്ച് കൂടി ചിന്തിക്കണം. കാരണം, തോൽക്കാൻ മനസ്സില്ലാതെ മുന്നോട്ട് പോകുന്ന ഒരുവന്റെ അവസാനത്തെ പ്രതീക്ഷ കൂടിയാകാം നമ്മൾ ആ സ്ക്രീനിൽ കുറിച്ചിടുന്ന വാക്കുകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373248/cyber-bullying-comment-box-kerala-social-media-impact)