---
title: "കോഴിക്കോട്  കൊയിലാണ്ടിയിൽ  ബസിൽ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കണ്ടക്ടർക്ക് 20 വർഷം കഠിനതടവും ഡ്രൈവർക്ക് 5 വർഷവും ശിക്ഷ "
english_title: "Koyilandy POCSO Case: Bus Conductor Gets 20 Years, Driver 5 Years Jail for Minor Sexual Assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373232/koyilandy-bus-pocso-case-conductor-driver-jail-sentence"
published_at: "2026-07-18T17:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e052e205d2_pocso.jpg"
keywords: ["Koyilandy", "POCSO Case", "Bus Sexual Assault", "Minor Girl", "Conductor Arrest", "Fast Track Court"]
---

# കോഴിക്കോട്  കൊയിലാണ്ടിയിൽ  ബസിൽ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കണ്ടക്ടർക്ക് 20 വർഷം കഠിനതടവും ഡ്രൈവർക്ക് 5 വർഷവും ശിക്ഷ 

> **Lead Summary:** കൊയിലാണ്ടി:(കോഴിക്കോട് ): ബസിൽ യാത്ര ചെയ്ത 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരായ കണ്ടക്ടർക്കും ഡ്രൈവർക്കും കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി കഠിനതടവും പിഴയും വിധിച്ചു.

## Article Content

കൊയിലാണ്ടി:(കോഴിക്കോട് ): ബസിൽ യാത്ര ചെയ്ത 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരായ കണ്ടക്ടർക്കും ഡ്രൈവർക്കും കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി കഠിനതടവും പിഴയും വിധിച്ചു.

കോടഞ്ചേരി നിറഞ്ഞപാറ കുളത്തുമീത്തൽ വീട്ടിൽ സജിത്ത് സജി (23), നരിക്കുനി ഏരവന്നൂർ ചെമ്പക്കുന്ന് കോളനി സ്വദേശി സുധി (42) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ സജിത്ത് സജിക്ക് 20 വർഷം കഠിനതടവും 75,000 രൂപ പിഴയും, രണ്ടാം പ്രതി സുധിക്ക് 5 വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ. നൗഷാദലി വിധിച്ചത്.

2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ കണ്ടക്ടറും ഡ്രൈവറുമായ പ്രതികൾ പരിചയം നടിച്ച് വശത്താക്കുകയായിരുന്നു. രാത്രി നാരങ്ങാതോട് ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയ ശേഷം ബസിനുള്ളിൽ വച്ച് പെൺകുട്ടിയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചു.

സംഭവം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് നടന്ന കൗൺസിലിംഗിൽ പെൺകുട്ടി വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കോടഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.കേസ് ഡിവൈഎസ്‌പിമാരായ പി. പ്രമോദ്, എം.പി. വിനോദ് എന്നിവരാണ് അന്വേഷണം നടത്തിയത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ അതീവ ഗുരുതരമായ കുറ്റകൃത്യമായതിനാൽ POCSO നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.വിചാരണ വേഗത്തിൽ പൂർത്തിയാക്കിയ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. സമൂഹത്തിൽ വലിയ പ്രതിഷേധം ഉയർത്തിയ ഈ സംഭവത്തിൽ കോടതി വിധി വന്നതോടെ ഇരയ്ക്കും കുടുംബത്തിനും നീതി ലഭിച്ചതായി നാട്ടുകാർ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373232/koyilandy-bus-pocso-case-conductor-driver-jail-sentence)