---
title: "മെഴുക് തിരി കരുതിക്കോ...! കേരളത്തിൽ ഇന്നും പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി"
english_title: "Kerala Faces Power Cuts Today, KSEB Announces Load Restriction During Peak Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373231/kerala-power-cut-today-kseb-load-restriction-peak-hours"
published_at: "2026-07-18T17:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f6d13e78ca_kerala-power-cut-today-kseb-load-restriction-peak-hours.jpg"
keywords: ["Kerala Power Cut", "KSEB", "Electricity Crisis", "Load Shedding Kerala", "UDF Government"]
---

# മെഴുക് തിരി കരുതിക്കോ...! കേരളത്തിൽ ഇന്നും പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് വൈദ്യുതി ബോർഡിന്റെ ആസൂത്രണത്തിലെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഇല്ലാതായതോടെ കേരളം ഇന്നും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ശനിയാഴ്ച വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് വൈദ്യുതി ബോർഡിന്റെ ആസൂത്രണത്തിലെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഇല്ലാതായതോടെ കേരളം ഇന്നും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ശനിയാഴ്ച വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി അറിയിച്ചു.

എന്നാൽ വൈദ്യുതി എപ്പോൾ പോകുമെന്നോ എത്രനേരം ഈ നിയന്ത്രണം നീളുമെന്നോ സംബന്ധിച്ച് യാതൊരുവിധ വ്യക്തതയും ബോർഡ് നൽകിയിട്ടില്ല. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.

തുടർച്ചയായുള്ള ഈ അപ്രഖ്യാപിത പവർ കട്ടിൽ യുഡിഎഫ് സർക്കാരിനെതിരെ ജനങ്ങളാകെ കടുത്ത പ്രതിഷേധത്തിലാണ്. അടിയന്തര ശസ്‌ത്രക്രിയകളടക്കം മുടങ്ങുമോ എന്ന ആശങ്കയിലാണ്‌ ആരോഗ്യപ്രവർത്തകർ. ഇതിനു പുറമെ വ്യവസായ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ തുടങ്ങിയവയും വൻ പ്രതിസന്ധി നേരിടുന്നുണ്ട്.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ മിക്കവാറും തെരുവുവിളക്കുകൾ കണ്ണടച്ച സ്ഥിതിയിലാണ്. ഏത് സമയവും വൈദ്യുതി നിലയ്‌ക്കുന്ന സ്ഥിതി കുട്ടികളുടെ പഠനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ അര മണിക്കൂർ വൈദ്യുതി നിലയ്‌ക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും രാത്രി ഏഴിന് ശേഷം പലയിടത്തും മണിക്കൂറുകളോളമാണ് പവർകട്ട്‌ നീളുന്നത്.

വൈദ്യുതി എപ്പോള്‍ വരുമെന്ന് കെഎസ്‌ഇബി ഓഫീസുകളില്‍ അന്വേഷിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പലയിടത്തും പകൽനേരത്തും ദീർഘനേരം വൈദ്യുതി മുടങ്ങുന്നുണ്ട്‌. കഴിഞ്ഞ ജൂൺ 16നാണ്‌ സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373231/kerala-power-cut-today-kseb-load-restriction-peak-hours)