---
title: "കുഞ്ഞുജീവനുകൾക്ക് ആരാണ് ഉത്തരം നൽകുക? 'ഐ.സി.യുവിന്റെ ഗ്ലാസിനപ്പുറം: ദേവാൻഷും ഇയാസും ചോദിക്കുന്ന ചോദ്യം'"
english_title: "Kerala Child Deaths: Devansh and Iyas Case Raises Questions on Healthcare System"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373196/kerala-child-deaths-devansh-Iyas-icu-healthcare-system-failure"
published_at: "2026-07-18T15:17:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b508072b05_kerala-child-deaths-devansh-Iyas-icu-healthcare-system-failure.jpg"
keywords: ["Child Death", "Devansh Shaurya", "Iyas", "Baby Memorial Hospital", "Kasaragod General Hospital", "Healthcare Kerala", "Medical Negligence"]
---

# കുഞ്ഞുജീവനുകൾക്ക് ആരാണ് ഉത്തരം നൽകുക? 'ഐ.സി.യുവിന്റെ ഗ്ലാസിനപ്പുറം: ദേവാൻഷും ഇയാസും ചോദിക്കുന്ന ചോദ്യം'

> **Lead Summary:** ഒരു പിഞ്ചുകുഞ്ഞിന്റെ കൈവിരലുകൾ എത്ര ലോലമാണല്ലേ? അമ്മയുടെ ഒരു വിരൽ പോലും മുഴുവനായി എത്തിപ്പിടിക്കാൻ കഴിയാത്തത്ര ചെറുത്. ആ കുഞ്ഞു കൈവിരലുകളിൽ ഒരു കുടുംബത്തിന്റെ മാത്രമല്ല, ഈ ലോകത്തിന്റെ മുഴുവൻ പ്രതീക്ഷകളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

## Article Content

ഒരു പിഞ്ചുകുഞ്ഞിന്റെ കൈവിരലുകൾ എത്ര ലോലമാണല്ലേ? അമ്മയുടെ ഒരു വിരൽ പോലും മുഴുവനായി എത്തിപ്പിടിക്കാൻ കഴിയാത്തത്ര ചെറുത്. ആ കുഞ്ഞു കൈവിരലുകളിൽ ഒരു കുടുംബത്തിന്റെ മാത്രമല്ല, ഈ ലോകത്തിന്റെ മുഴുവൻ പ്രതീക്ഷകളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

ആ പിഞ്ചോമനകൾക്ക് ഒരു വ്യാധി ഉണ്ടായാൽ നമ്മൾ ആശുപത്രിയിലേക്ക് ഓടുന്നത് ‘ഇവിടെ നല്ല ചികിത്സ കിട്ടും’ എന്ന് വിശ്വസിച്ചാണ്. ‘നമ്മുടെ കുഞ്ഞ് തിരിച്ചുവരും’ എന്ന് പ്രാർത്ഥിച്ചാണ്.

പക്ഷേ ചിലപ്പോൾ ആ പ്രതീക്ഷകൾ ഐ.സി.യുവിലെ തണുത്ത ഗ്ലാസ് ഭിത്തിയിൽ തട്ടി തിരിച്ചുവരുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നിരന്തരം ആവർത്തിക്കുന്നത്. ഡോക്ടറുടെ ‘ഞങ്ങൾ പരമാവധി ശ്രമിച്ചു’ എന്ന ഒറ്റവാചകത്തിൽ ഒരു വീടിന്റെ വെളിച്ചവും ലോകത്തിന്റെ പ്രതീക്ഷകളും കെട്ടുപോകും. ഒരു തൊട്ടിലിലെ ചിരി നിലയ്ക്കും. ഒരു അമ്മയുടെ മടിത്തട്ട് എന്നെന്നേക്കുമായി ശൂന്യമാകും.

കണ്ണൂർ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രി. രാജ്യം മുഴുവൻ അറിയുന്ന ഒരു മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ശൃംഖല.അവിടെയാണ് ഒന്നര വയസ്സ് മാത്രം പ്രായമുള്ള ദേവാൻഷ് ശൗര്യ അവസാനമായി ശ്വസിച്ചത്.

> പേരിന് അർത്ഥം "ദൈവത്തിന്റെ അംശം".അമ്മയുടെ മുലപ്പാൽ ഗന്ധം മാറാതെ, അച്ഛന്റെ തോളത്ത് കയറി കളിക്കേണ്ട പ്രായം.

പകരം കിട്ടിയത് എന്താണ്? ഓക്സിജൻ മാസ്കിന്റെ ഇറുക്കം. മോണിറ്ററിലെ നിർത്താത്ത ബീപ്പ് ശബ്ദം.‘അനാസ്ഥ’ എന്ന് കുടുംബം കരഞ്ഞുപറഞ്ഞു. ബില്ലിന്റെ കണക്കുകൾ കൂടുംതോറും പ്രതീക്ഷയും കൂടി. ‘ലക്ഷങ്ങൾ കൊടുക്കുന്നു, അപ്പോൾ കുഞ്ഞ് രക്ഷപ്പെടും’ എന്ന് ഓരോ രക്ഷിതാവും സ്വയം പറഞ്ഞ് സമാധാനിച്ചു.പക്ഷേ അവസാനം കിട്ടിയത് ഒരു ഡെത്ത് സർട്ടിഫിക്കറ്റും, കെട്ടിപ്പിടിക്കാൻ പറ്റാത്ത ഒരു ചെറിയ ശരീരവും മാത്രം.

ആശുപത്രി ഡോക്ടർമാർ പറഞ്ഞു: ‘എല്ലാ പ്രോട്ടോക്കോളും പാലിച്ചു’.പക്ഷേ ഒരു കുഞ്ഞിന്റെ ജീവൻ വിലമതിക്കാനാകാത്തതാണ്. ആ ജീവൻ രക്ഷിക്കാനുള്ള സംവിധാനത്തിൽ ഒരു സെക്കൻഡ് വീഴ്ച വന്നാൽ പോലും അതിന് ഉത്തരവാദികൾ ആരാണ്?ബില്ല് അടയ്ക്കാൻ സ്വർണം പണയം വച്ചും ലോൺ എടുത്തും നിൽക്കുന്ന മാതാപിതാക്കൾക്ക് ഉത്തരം ആരാണ് നൽകുക?

കാസർഗോഡ് ജനറൽ ആശുപത്രി. സർക്കാർ സംവിധാനത്തിന്റെ നട്ടെല്ല്. പാവങ്ങളുടെ അവസാന പ്രതീക്ഷ. ഇവിടെയാണ് നാലാം ക്ലാസിൽ പഠിക്കുന്ന ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ഇയാസ് മരിച്ചത്.

ഉദര ശസ്ത്രക്രിയയ്ക്കായിരുന്നു കുഞ്ഞിനെ കൊണ്ടുവന്നത്. ‘ഓപ്പറേഷൻ കഴിഞ്ഞാൽ സുഖമാകും മോനെ’ എന്ന് അമ്മ പറഞ്ഞ് ഉറക്കിയ കുഞ്ഞ്. പക്ഷേ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് ഹൃദയമിടിപ്പ് നിലച്ചു. ‘ഡോക്ടർ ഇല്ല, ഉപകരണം ഇല്ല, കാത്തിരിക്കൂ’ ഈ മൂന്ന് വാക്കുകൾക്കിടയിൽ ഒരു ജീവൻ പതിയെ അണഞ്ഞുപോയി. അമ്മയുടെ മടിയിൽ കിടന്ന് ഒന്ന് ചിരിക്കാൻ പോലും അവന് സമയം കിട്ടിയില്ല.

സ്വകാര്യ ആശുപത്രിയിൽ പണമില്ലാത്തതുകൊണ്ടും, സർക്കാർ ആശുപത്രിയിൽ സൗകര്യമില്ലാത്തതുകൊണ്ടും കുഞ്ഞുങ്ങൾ മരിക്കുകയാണെങ്കിൽ പിന്നെ ഒരു സാധാരണ മനുഷ്യൻ എവിടെയാണ് സുരക്ഷിതൻ?

നൂതന ഓപ്പറേഷൻ തിയേറ്ററുകളും അത്യാധുനിക ഐ.സി.യുവുകളും ഉണ്ടെന്ന് അവകാശപ്പെടുന്ന, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന സ്വകാര്യ ആശുപത്രികളിലും കുഞ്ഞുജീവനുകൾ പൊലിയുന്നു. ‘100% സാക്ഷരതയും മികച്ച ആരോഗ്യ സൂചികകളും’ ഉള്ള കേരളം എന്ന് യുനിസെഫും WHOയും വാഴ്തുന്ന നാട്ടിലും കുഞ്ഞുങ്ങൾക്ക് ചികിത്സ കിട്ടാതെ പോകുന്നു.

‘ആരോഗ്യ കേരളം’ എന്ന് നെഞ്ചത്തടിച്ച് പറയുമ്പോൾ, ഐ.സി.യുവിൽ കരയുന്ന ഒരു അമ്മയുടെ ശബ്ദം കൂടി കേൾക്കുന്നുണ്ടോ? ഈ രണ്ട് മരണങ്ങളും ഒറ്റപ്പെട്ടതല്ല. ഇത് ഒരു രോഗം ബാധിച്ച ശരീരത്തിന്റെ പഴുപ്പാണ്.

സ്വകാര്യ ആശുപത്രികൾ ലാഭം മാത്രം ലക്ഷ്യമാക്കുന്നു എന്ന പരാതി പുതിയതല്ല. ടെസ്റ്റുകൾ, സ്കാനുകൾ, മരുന്നുകൾ, ഐ.സി.യു ചാർജുകൾ - ദിവസം കഴിയുന്തോറും ബില്ല് പെരുകുന്നു. രക്ഷിതാക്കൾ ചോദിക്കുന്നു: ‘ഇത്രയും കൊടുത്തിട്ടും എന്തുകൊണ്ട് എന്റെ കുഞ്ഞ് രക്ഷപ്പെട്ടില്ല?’ മറുപടി ഇല്ല. കാരണം ചിലപ്പോൾ ചികിത്സയേക്കാൾ വലുതാണ് ബില്ല്.

ഒരു മെഡിക്കൽ പിഴവ് സംഭവിക്കുമ്പോൾ ആദ്യം നടക്കുന്നത് ‘മൂടിവെക്കൽ’ ആണ്. ആന്തരിക അന്വേഷണം, കമ്മിറ്റി റിപ്പോർട്ട്, മാസങ്ങൾ നീളുന്ന വാദങ്ങൾ. അതിൽ ഒതുങ്ങുന്നു. കുറ്റക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കൽ, ക്രിമിനൽ കേസ് പോലുള്ള കർശന നടപടി ഉണ്ടാകുന്നില്ല.

ഇത് ആശുപത്രികൾക്ക് ‘തെറ്റ് ആവർത്തിക്കാനുള്ള’ ധൈര്യം കൊടുക്കുന്നു. രോഗിയുടെ കുടുംബം കോടതികയറി നീതി തേടണം. അതുവരെ ആശുപത്രി പതിവുപോലെ പ്രവർത്തിക്കും. ഒരു കുഞ്ഞ് ഐ.സി.യുവിൽ കിടക്കുമ്പോൾ രക്ഷിതാവിന് ചോദ്യങ്ങൾ ചോദിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകില്ല. ഡോക്ടർ പറയുന്നത് വേദവാക്യം പോലെ കേൾക്കും.

> “നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകൂ” എന്ന ഒറ്റവാക്ക് കൊണ്ട് ആശുപത്രികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുന്നു. ഭയവും നിസ്സഹായതയും കൊണ്ട് ഒരു അമ്മ ചോദിക്കും: ‘ഡോക്ടറെ, എന്താണ് സംഭവിക്കുന്നത്?’ അതിന് കിട്ടുന്നത് ദേഷ്യമോ നിശ്ശബ്ദതയോ ആണ്.

> ദേവാൻഷിന്റെയും ഇയാസിന്റെയും മാതാപിതാക്കൾക്ക് ഇന്ന് ഉത്തരം വേണം. നീതി വേണം. പക്ഷേ അതിനപ്പുറം നമ്മൾ ഓരോരുത്തരോടും ഒരു ചോദ്യമുണ്ട്. ആരോഗ്യം ഒരു ‘സേവനം’ അല്ല. അത് ഭരണഘടന നൽകുന്ന "അവകാശം" ആണ്. ആ അവകാശം സംരക്ഷിക്കാൻ സർക്കാരും ആശുപത്രികളും നമ്മളും ഉത്തരവാദികളാണ്.

അന്വേഷണം വേണം. റിപ്പോർട്ട് വേണം. നടപടി വേണം. പക്ഷേ അതിനേക്കാൾ വേണ്ടത് മാറ്റമാണ്. അടുത്ത ദേവാൻഷും ഇയാസും ജനിക്കുന്നതിന് മുമ്പ്.

അല്ലെങ്കിൽ ‘ആരോഗ്യ കേരളം’ എന്ന വാക്ക്, കുഞ്ഞുങ്ങളുടെ കരച്ചിൽ മൂടുന്ന ഒരു പരസ്യവാചകം മാത്രമായി അവശേഷിക്കും. ഐ.സി.യുവിന്റെ ഗ്ലാസിന് പുറത്ത് കരയുന്ന അമ്മമാരുടെ കൂട്ടം കൂടിക്കൊണ്ടിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373196/kerala-child-deaths-devansh-Iyas-icu-healthcare-system-failure)