---
title: "അതിരുകടക്കരുത്...! ലോകകപ്പ് ഫൈനൽ മത്സരം: വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി കോഴിക്കോട് സിറ്റി പൊലീസ്"
english_title: "Kozhikode City Police Issues Guidelines for World Cup Final Celebrations, Bans Bike Racing and Fireworks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373168/kozhikode-police-guidelines-world-cup-final-celebrations-ban-bike-racing"
published_at: "2026-07-18T13:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b318e4eaeb_kozhikode-police-guidelines-world-cup-final-celebrations-ban-bike-racing.jpg"
keywords: ["Kozhikode Police", "World Cup Final", "Kozhikode City", "Traffic Rules", "Celebration Guidelines"]
---

# അതിരുകടക്കരുത്...! ലോകകപ്പ് ഫൈനൽ മത്സരം: വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി കോഴിക്കോട് സിറ്റി പൊലീസ്

> **Lead Summary:** കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് കർശന നിയന്ത്രണവുമായി കോഴിക്കോട് സിറ്റി പൊലീസ്. ആഘോഷങ്ങൾ അതിരുകടക്കരുതെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കി.

## Article Content

കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് കർശന നിയന്ത്രണവുമായി കോഴിക്കോട് സിറ്റി പൊലീസ്. ആഘോഷങ്ങൾ അതിരുകടക്കരുതെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കി.

അപകടകരമായ ബൈക്ക് റേസിങ്, വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിൽ വാഹനമോടിക്കൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിക്കൽ എന്നിവയ്ക്കാണ് പ്രധാനമായും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പൊതുജന സമാധാനം തകർക്കുന്ന മറ്റേതൊരു പ്രവർത്തനവും അനുവദിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.ആഘോഷങ്ങളുടെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നീ നിയമങ്ങൾക്കും മോട്ടോർ വാഹന നിയമങ്ങൾക്കും അനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി.

കായികമത്സരങ്ങളുടെ വിജയാഹ്ലാദങ്ങൾ സമാധാനപരമായും നിയമം പാലിച്ചും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിച്ചും നടത്തണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. മാതാപിതാക്കളും വാഹന ഉടമകളും പ്രത്യേകം ശ്രദ്ധിക്കണം. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആരും നിയമലംഘനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് വീട്ടുകാർ ഉറപ്പാക്കേണ്ടതാണ്.

നഗരത്തിലെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിനുമാണ് പൊലീസ് ഈ നടപടികൾ സ്വീകരിക്കുന്നത്. ഇതിനായി കോഴിക്കോട് സിറ്റി പൊലീസ് സ്വീകരിക്കുന്ന നിർദ്ദേശങ്ങളോടും പരിശോധനകളോടും പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് അറിയിപ്പിൽ ആവശ്യപ്പെട്ടു.

ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് നഗരത്തിൽ വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങളും ശക്തമാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373168/kozhikode-police-guidelines-world-cup-final-celebrations-ban-bike-racing)