---
title: "‘മുഖ്യമന്ത്രിക്ക് തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരം, നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്‌യുക്കാർ പ്രതികരിക്കും’; വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ്"
english_title: "KSU Thrissur President Gokul Guruvayoor Slams Kerala CM VD Satheesan Over Appointments"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373126/ksu-gokul-guruvayoor-slams-vd-satheesan-appointments-controversy"
published_at: "2026-07-18T10:56:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b0f157992a_ksu-gokul-guruvayoor-slams-vd-satheesan-appointments-controversy.jpg"
keywords: ["VD Satheesan", "KSU", "Gokul Guruvayoor", "Congress", "Kerala CM", "Appointment Controversy"]
---

# ‘മുഖ്യമന്ത്രിക്ക് തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരം, നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്‌യുക്കാർ പ്രതികരിക്കും’; വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ്

> **Lead Summary:** തൃശൂർ: നിയമനങ്ങളിൽ ഉണ്ടായ ശ്രദ്ധക്കുറവ് ചൂണ്ടിക്കാട്ടിയതിന് മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്‌യു പ്രസ്ഥാനത്തെ അപമാനിച്ചെന്ന് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

## Article Content

തൃശൂർ: നിയമനങ്ങളിൽ ഉണ്ടായ ശ്രദ്ധക്കുറവ് ചൂണ്ടിക്കാട്ടിയതിന് മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്‌യു പ്രസ്ഥാനത്തെ അപമാനിച്ചെന്ന് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

> നിയമനങ്ങളിലെ പിഴവുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു കെഎസ്‌യുവിന്റെ ലക്ഷ്യമെന്ന് ഗോകുൽ ഗുരുവായൂർ പറഞ്ഞു. "കെഎസ്‌യു ഉന്നയിച്ച വിഷയം പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും" എന്ന് രണ്ട് വരിയിൽ അവസാനിപ്പിക്കേണ്ട കാര്യമാണ് മുഖ്യമന്ത്രി മറ്റ് തലങ്ങളിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

> "തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ അത് തിരുത്തുന്നതിന് പകരം ശ്രദ്ധ ക്ഷണിച്ചവർക്കും പരാതി പറഞ്ഞവർക്കും എതിരെ മുഖം തിരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പരാതി പറയുമ്പോൾ 'ആര്, എന്ത്, അവർക്കെന്ത് കാര്യം' എന്നുള്ള ധിക്കാര സ്വരം ആകരുത്" എന്നും ഗോകുൽ ഗുരുവായൂർ കുറിപ്പിൽ വ്യക്തമാക്കി.

> നിലവിലെ വിവാദങ്ങൾക്ക് കാരണം "തനിക്ക് മുകളിൽ ആരുമില്ല" എന്ന അഹങ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു. "വിഷയം ഇത്രയേറെ വഷളാക്കിയത് താനെന്ന പോയിമയും, തനിക്ക് മുകളിൽ ആരുമില്ലെന്ന അഹങ്കാരവുമാണ്. അത് പറയാതിരിക്കാൻ വയ്യ" എന്ന് ഗോകുൽ ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചു.

നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്‌യുക്കാർ ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നടക്കുന്ന നിയമനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നത് പ്രസ്ഥാനത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും, അതിനെ അപമാനമായി കാണുന്ന സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്‌യു സംസ്ഥാന നേതൃത്വം നേരത്തെ തന്നെ നിയമനങ്ങളിലെ അനാസ്ഥയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനമുണ്ടായതെന്നാണ് ജില്ലാ പ്രസിഡന്റിന്റെ ആരോപണം.

**ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
**

*ചോദ്യം വളരെ സിംപിൾ ആണ് സർ,*

*കോൺഗ്രസ് നേതൃത്വം നൽകുന്ന UDF മന്ത്രിസഭ നടത്തുന്ന രാഷ്ട്രീയ നിയമനങ്ങളിൽ എപ്രകാരം ആണ് SFI,DYFI,ABVP,BJP പ്രവർത്തകർ ഉൾപ്പെടുന്നത്.....?*

*അത്തരത്തിൽ അറിയാതെ എങ്കിലും SFI,ABVP പ്രവർത്തകർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ,അവർക്ക് നിയമനം ലഭിച്ചിട്ടുണ്ട് എങ്കിൽ ആ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്നത് തെറ്റാണോ ?*

*അത്തരത്തിൽ തങ്ങളുടെ കൂടി അധ്വാനത്തിൻ്റെ ഫലമായി രൂപീകരിക്കപ്പെട്ട ഞങ്ങളുടെ സർക്കാരിന് അത്തരത്തിൽ ഒരു ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി യുടെ ശ്രദ്ധയിൽ പെടുത്താനും, ആ തെറ്റ് തിരുത്തണം എന്ന് പറയാനും പാടില്ലാ എന്നാണോ ?*

*അത്തരത്തിൽ തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ അത് തിരുത്തുന്നതിന് പകരം, ശ്രദ്ധ ക്ഷണിച്ചവരെ പരാതിപറഞ്ഞവർക്കെതിരെ മുഖം തിരിക്കുന്ന നിലപാട് ശരിയല്ല സാർ,*

*അത്തരത്തിൽ KSU കാർ പരാതി പറയുമ്പോൾ പാർട്ടിയിലെ ഏതെങ്കിലും ഒരു നേതാവിൻ്റെ പേരെടുത്ത് ഉദ്ധരിച്ച് ഗ്രൂപ്പ് സംവിധാനത്തിൻ്റെ ഭാഗമായി ഉണ്ടാവുന്ന ആരോപണം ആണെനുള്ള ന്യായീകരണം അല്ലാ ഉണ്ടാവേണ്ടത്....?*

*ആര് എന്ത്, അവർക്കെന്ത് കാര്യം എന്നുള്ള ധിക്കാര സ്വരവും അല്ലാ ഉണ്ടാവേണ്ടത്....!*

*KSU പ്രവർത്തകർ ഉന്നയിച്ച ആശങ്ക അത് പരിശോധിച്ച് ഉചിതമായ തീരുമാനം ഞങൾ കൂട്ടമായി കൈക്കൊള്ളും എന്ന് രണ്ടു വരി വാചകത്തിൽ അവസാനിപ്പിക്കേണ്ട ഒരു വിഷയത്തെ, ചാനലുകൾക്ക് മുന്നിൽ സംഘടനയെ ഒന്നാകെ അപമാനിക്കുന്ന പരസ്യ പ്രസ്താവന നൽകി ഇത്രയേറെ വഷളാക്കിയത് ചിലരുടെ മാത്രം താൻ പോയിമ കൊണ്ടും,തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരവും കൊണ്ടാണ് എന്ന് പറയാതിരി വയ്യാ....*

*ഇതെല്ലാം കാണുമ്പോൾ ഞങൾ KSU ക്കാർക്ക് വിഷമം ഉണ്ടാവും സാർ,*

*കാരണം ഇന്നും സ്വന്തം പ്രായത്തേക്കാൾ അധികം കേസുകളും, കഴിഞ്ഞ 10 വർഷ കാലം ദിനം പ്രതി മേൽ പറഞ്ഞ SFI,DYFI,ABVP പ്രവർത്തകരുമായി നിരന്തരം സംഘർഷം ഉണ്ടായതും കേസുകളിൽ പ്രതി ചേർക്കപ്പെട്ടതും,ആശുപത്രി വാസം അനുഭവിക്കേണ്ടി വന്നതും ഞങ്ങൾക്കാണ് സാർ....*

*ഇന്നും ഇവരോടൊക്കെ മല്ലടിച്ച് കൊടി പിടിച്ചു തന്നെ ആണ് കേരളത്തിലെ കലാലയങ്ങളിൽ KSU മുന്നോട്ട് പോകുന്നത്...*

*അങ്ങനെ ഉള്ള സാഹചര്യത്തിൽ മേൽ പറഞ്ഞ സംഭവ വികാസങ്ങൾ കണ്മുന്നിൽ കാണുമ്പോൾ ആരുടെ മുന്നിലും നട്ടെല്ല് പണയം വെക്കാത്ത KSU കാർ പ്രതികരിക്കും സാർ....*

* ഗോകുൽ ഗുരുവായൂർ *

*(KSU തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ്)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373126/ksu-gokul-guruvayoor-slams-vd-satheesan-appointments-controversy)