---
title: "രാഷ്ട്രീയ സ്വാധീനം വെച്ച് കെണിയൊരുക്കി...! ജോസ് കെ. മാണിയുടെ പേര് പറഞ്ഞ് ജോലി വാഗ്ദാനം; ഒൻപത് ലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ "
english_title: "Kerala Job Fraud: Man Arrested for Duping Rs 9 Lakh Using Jose K Mani's Name"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373119/kottayam-job-fraud-jose-k-mani-name-rs-9-lakh-arrest-"
published_at: "2026-07-18T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b0b699041f_kottayam-job-fraud-jose-k-mani-name-rs-9-lakh-arrest.jpg"
keywords: ["Kottayam News", "Job Fraud Kerala", "Jose K Mani", "Science City Job", "Thalayolapparambu Police"]
---

# രാഷ്ട്രീയ സ്വാധീനം വെച്ച് കെണിയൊരുക്കി...! ജോസ് കെ. മാണിയുടെ പേര് പറഞ്ഞ് ജോലി വാഗ്ദാനം; ഒൻപത് ലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ 

> **Lead Summary:** **കോട്ടയം: ** കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുമായുള്ള സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 9 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ എ.ജെ. ജോസഫിനെയാണ് തലയോലപ്പറമ്പ് പൊലീസ്‌ പിടികൂടിയത്.

## Article Content

**കോട്ടയം: ** കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുമായുള്ള സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 9 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ എ.ജെ. ജോസഫിനെയാണ് തലയോലപ്പറമ്പ് പൊലീസ്‌ പിടികൂടിയത്.

കോട്ടയം സയൻസ് സിറ്റിയിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയിൽ നിന്നുമാണ് പ്രതി പലതവണകളായി വൻ തുക കൈക്കലാക്കിയത്.

2025 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിലാണ് പ്രതി പരാതിക്കാരനിൽ നിന്ന് ഒൻപത് ലക്ഷത്തിലേറെ രൂപ വാങ്ങിയത്. എന്നാൽ തുക നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരിക്കുകയും, താൻ ക്രൂരമായി വഞ്ചിക്കപ്പെടുകയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെ ഇരയായ വ്യക്തി തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വഞ്ചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. രാഷ്ട്രീയ നേതാക്കളുടെ പേര് ഉപയോഗിച്ചുള്ള ജോലി തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373119/kottayam-job-fraud-jose-k-mani-name-rs-9-lakh-arrest-)