---
title: "'ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?' മുഖ്യമന്ത്രി മറുപടി പറയുന്നില്ല, ചോദ്യങ്ങൾ വാളുപോലെ ആ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ്"
english_title: "KK Ragesh Criticizes Kerala CM VD Satheesan Over Adani Meeting and Chartered Flight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373114/kk-ragesh-criticizes-vd-satheesan-adani-meeting-chartered-flight"
published_at: "2026-07-18T10:15:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697763161f1f6_kk_rakesh.jpg"
keywords: ["VD Satheesan", "KK Ragesh", "CPM", "Kerala CM", "Adani", "Chartered Flight"]
---

# 'ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?' മുഖ്യമന്ത്രി മറുപടി പറയുന്നില്ല, ചോദ്യങ്ങൾ വാളുപോലെ ആ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ്

> **Lead Summary:** കണ്ണൂർ: ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിനാണ് കണ്ടതെന്നും അതിന്‍റെ ചെലവ് ആരാണ് വഹിച്ചതെന്നുമുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ മറുപടി പറഞ്ഞില്ലെന്ന വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്.

## Article Content

കണ്ണൂർ: ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിനാണ് കണ്ടതെന്നും അതിന്‍റെ ചെലവ് ആരാണ് വഹിച്ചതെന്നുമുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ മറുപടി പറഞ്ഞില്ലെന്ന വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്.

സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണിത്ര താല്പര്യമെന്ന വിഡ്ഢിച്ചോദ്യം മഞ്ഞപത്രക്കാർക്കും വെട്ടുകിളികൾക്കും ഇട്ടുകൊടുത്ത് തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്ന പതിവ് പല്ലവി ആവർത്തിച്ച് രംഗം കാലിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കെ കെ രാഗേഷ് കുറ്റപ്പെടുത്തി.

ചോദ്യങ്ങൾ വാളുപോലെ ആ തലയ്ക്ക് മുകളിൽ ഇപ്പോഴും തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ് കുറിച്ചു. എം എ ബേബിയുടെ പരാമർശം വളച്ചൊടിച്ച് മൂകാംബികാ യാത്രയ്ക്ക് മതപരമായ പരിവേഷം നൽകുകയാണ് വി ഡി സതീശൻ ചെയ്തത്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിദ്വേഷ പ്രചാരണത്തിന് ഒരു മുഖ്യമന്ത്രി തന്നെ ബോധപൂർവ്വം കരുക്കളൊരുക്കുന്ന അസാധാരണമായ കാഴ്ചയാണ് വാർത്താസമ്മേളനത്തിൽ കണ്ടതെന്ന് കെ കെ രാഗേഷ് ആരോപിച്ചു.

**കുറിപ്പിന്‍റെ പൂർണരൂപം**

***ജൂലൈ 4ന് ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി അദാനി സംഘത്തെ വിഡി സതീശൻ കണ്ടതിനെപ്പറ്റി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ജൂലായ് 7ന് മുഖ്യമന്ത്രിയും അദാനിയും തമ്മിലുള്ള വിഴിഞ്ഞം ഡീലിനെ ന്യായീകരിക്കാൻ ചില മാധ്യമങ്ങൾ കാണിക്കുന്ന അമിതതാല്പര്യങ്ങളെയും വിഡി സതീശനെ വിമർശിക്കുന്നവർക്കെതിരെ അത്തരം മാധ്യമങ്ങൾ കാണിക്കുന്ന അസഹിഷ്ണുതയെയും വിമർശിച്ച് ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ***

***ആ കുറിപ്പിൽ ചരിത്രത്തിലാദ്യമായി ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശം വെച്ചിരിക്കുന്നതിന്റെ പിന്നിലെ താല്പര്യമെന്ത്? അദാനിക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ പോർട്ട് നേതൃസ്ഥാനത്ത് നിന്ന് മാറ്റാൻ വി ഡി സതീശൻ എന്തിനു തിടുക്കപ്പെട്ടു? കരാർലംഘനംനടത്തി ഓഹരിവില്പനയുമായി മുന്നോട്ടുപോകാനുള്ള ധൈര്യം അദാനിക്ക് എവിടെനിന്ന് കിട്ടി? തുടങ്ങിയ ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ***

***തുടർന്ന് ജൂലായ് 8ന് നടത്തിയ പത്രസമ്മേളനത്തിൽ ''സിപിഐ(എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണിത്ര താല്പര്യ''മെന്ന വിഡ്ഢിച്ചോദ്യം തന്റെ മഞ്ഞപത്രക്കാർക്കും വെട്ടുകിളികൾക്കും ഇട്ടുകൊടുത്ത്, ''എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്'' എന്ന പതിവ് പല്ലവി ആവർത്തിച്ച് രംഗം കാലിയാക്കുകയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി! പക്ഷേ ചോദ്യങ്ങൾ വാളുപോലെ ഇപ്പോഴും തൂങ്ങിയാടുന്നുണ്ട് ആ തലയ്ക്ക് മുകളിൽ!***

***''മുഖ്യമന്ത്രി അടിക്കടിക്ക് മൂകാംബിക ക്ഷേത്രത്തിൽ പോകുന്നത് മൃദുഹിന്ദുത്വസമീപനത്തിന്റെ ഭാഗമാണെന്നും ഹൈന്ദവ സമൂഹത്തെ പ്രീണിപ്പിക്കാനുമാണെന്ന്'' സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞതായി പച്ചക്കള്ളമാണ് തുടർന്ന് ജൂലായ് 15ന് നടത്തിയ പത്രസമ്മേളനത്തിൽ വിഡി സതീശൻ അവതരിപ്പിച്ചത്. ''താൻ മൂകാംബിക ഭക്തനാണെന്നും അടിക്കടി പോകുന്നത് തന്റെ അവകാശവുമാണെന്ന്'' തുടർന്ന് വിഡി സതീശൻ വൈകാരികമായി പ്രഖ്യാപിക്കുകയും ചെയ്തു. ***

***മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ആ വാർത്ത അതീവ പ്രാധാന്യത്തോടെയാണ് നൽകിയത്. ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത എം.എ. ബേബിയുടെ പ്രസ്താവനയെ എത്ര സൗകര്യപൂർവ്വമാണ് വളച്ചൊടിച്ച് തന്റെ മൂകാംബികായാത്രയ്ക്ക് മതപരമായ പരിവേഷം വിഡി സതീശൻ നൽകിയത്! കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിദ്വേഷപ്രചാരണത്തിന് ഒരു മുഖ്യമന്ത്രി തന്നെ ബോധപൂർവ്വം കരുക്കളൊരുക്കുന്ന അസാധാരണമായ കാഴ്ച!***

***ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻ.ഡി.എ. നേതാക്കളെയും എന്തിനാണ് കണ്ടത്, അതിന്റെ ചെലവ് ആരാണ് വഹിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമൊന്നും കിട്ടിയിട്ടില്ല, ചോദ്യം ഇപ്പോഴും പ്രസക്തമാണ്. നേരത്തേ ''കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് ഇന്ററസ്റ്റ്?'' എന്ന മറുചോദ്യമായിരുന്നുവെങ്കിൽ ഇപ്പോൾ ''ഭക്തന്റെ അവകാശം'' എന്ന ലളിതമായ ഉത്തരമായി അത് പരിണമിച്ചിരിക്കുന്നു!***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373114/kk-ragesh-criticizes-vd-satheesan-adani-meeting-chartered-flight)