---
title: " മാഷേ ഇത് കൂടിപ്പോയി....! പിടി പീരിയഡിൽ കളിക്കാൻ പോയ വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി"
english_title: "Palakkad Teacher Booked for Allegedly Beating Class 6 Students During PT Period"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373110/palakkad-kanjikode-school-teacher-beating-case-pt-period-new"
published_at: "2026-07-18T09:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b0088e9677_palakkad-kanjikode-school-teacher-beating-case-pt-period-new.jpg"
keywords: ["Palakkad News", "School Violence", "Teacher Assault", "Kerala Education", "Walayar Police"]
---

#  മാഷേ ഇത് കൂടിപ്പോയി....! പിടി പീരിയഡിൽ കളിക്കാൻ പോയ വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

> **Lead Summary:** **പാലക്കാട്: ** പിടി പീരിയഡിൽ കളിക്കാൻ പോയതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ കായികാധ്യാപകനായ സാദിഖിനെതിരെയാണ് കുട്ടികളും രക്ഷിതാക്കളും ചേർന്ന് പരാതി നൽകിയിട്ടുള്ളത്. 

## Article Content

**പാലക്കാട്: ** പിടി പീരിയഡിൽ കളിക്കാൻ പോയതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ കായികാധ്യാപകനായ സാദിഖിനെതിരെയാണ് കുട്ടികളും രക്ഷിതാക്കളും ചേർന്ന് പരാതി നൽകിയിട്ടുള്ളത്. 

കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വിളിപ്പിച്ചു വരുത്തുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. വിദ്യാർത്ഥികളെ തല്ലിയതിന് പുറമെ ഇയാൾ മാനസികമായി പീഡിപ്പിക്കുന്ന രീതിയിൽ മോശമായി സംസാരിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ വാളയാർ പോലീസ് അധ്യാപകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. സ്കൂൾ അധികൃതരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പോലീസ് ഉടൻ മൊഴിയെടുക്കും.

വിദ്യാർത്ഥികളെ ദേഹോപദ്രവം ഏൽപ്പിക്കൽ, അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് സാദിഖിനെതിരെ കേസെടുത്തത്. കുട്ടികളുടെ പരാതി ഗൗരവമായി എടുത്തിട്ടുണ്ടെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു. സ്കൂൾ ഭരണസമിതിയും സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. 

കേരളത്തിൽ സ്കൂളുകളിൽ ശാരീരിക ശിക്ഷ നിരോധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ കർശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373110/palakkad-kanjikode-school-teacher-beating-case-pt-period-new)