---
title: "എന്റെ തേങ്ങേ...സ്വർണത്തിന് പിന്നാലെ നീയും...! അടുക്കളകളെ ഞെട്ടിച്ച്  തേങ്ങാവില, ഒറ്റയടിക്ക്  കിലോയ്ക്ക് കൂടിയത് നാല് രൂപ"
english_title: "Coconut Price Hikes in Palakkad: Wholesale Rate Reaches Rs 54 Per Kg"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373106/palakkad-coconut-price-hike-tamilnadu-copra-rate-"
published_at: "2026-07-18T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5afa6897ee0_palakkad-coconut-price-hike-tamilnadu-copra-rate.jpg"
keywords: ["Coconut Price", "Palakkad News", "Kerala Market", "Copra Trade"]
---

# എന്റെ തേങ്ങേ...സ്വർണത്തിന് പിന്നാലെ നീയും...! അടുക്കളകളെ ഞെട്ടിച്ച്  തേങ്ങാവില, ഒറ്റയടിക്ക്  കിലോയ്ക്ക് കൂടിയത് നാല് രൂപ

> **Lead Summary:** **പാലക്കാട് : ** കർക്കടക കഞ്ഞിയുടെ ചൂടിലേക്ക് നാളികേരത്തിന്റെ പകുതി വിലകൂടി ചേരുമ്പോൾ സാധാരണക്കാരുടെ അടുക്കള ബജറ്റ് വീണ്ടും താളം തെറ്റുന്നു. തമിഴ്നാട്ടിൽ കൊപ്രക്കച്ചവടക്കാർ തേങ്ങാവില കുത്തനെ കൂട്ടിയതോടെ കേരളത്തിലും നാളികേര വില കുതിച്ചു കയറുന്നു.

## Article Content

**പാലക്കാട് : ** കർക്കടക കഞ്ഞിയുടെ ചൂടിലേക്ക് നാളികേരത്തിന്റെ പകുതി വിലകൂടി ചേരുമ്പോൾ സാധാരണക്കാരുടെ അടുക്കള ബജറ്റ് വീണ്ടും താളം തെറ്റുന്നു. തമിഴ്നാട്ടിൽ കൊപ്രക്കച്ചവടക്കാർ തേങ്ങാവില കുത്തനെ കൂട്ടിയതോടെ കേരളത്തിലും നാളികേര വില കുതിച്ചു കയറുന്നു.

ഒറ്റ ദിവസം കൊണ്ട് മാത്രം കിലോയ്ക്ക് 4 രൂപയാണ് വർധിച്ചത്. ഇതോടെ മൊത്തവില 52 – 54 രൂപയായി ഉയർന്നു. ചില്ലറവിപണിയിൽ നിലവിൽ വില 60 രൂപ വരെ എത്തിയിട്ടുണ്ട്. വില കൂടിയതിന് പുറമെ കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങാവരവിലും നേരിയ കുറവുണ്ടായിട്ടുണ്ട്.

തമിഴ്നാട്ടിലെ കൊപ്രവ്യാപാരികൾ കിലോയ്ക്ക് 50 രൂപ നിരക്കിൽ തെങ്ങിൻതോപ്പിലെത്തി നേരിട്ടാണ് ഇപ്പോൾ നാളികേരം എടുക്കുന്നത്. ഇതിലും ഉയർന്ന തുക നൽകിയാൽ മാത്രമേ കേരളത്തിലെ വ്യാപാരികൾക്ക് അവിടെ നിന്ന് തേങ്ങ ലഭിക്കൂ എന്ന സാഹചര്യമാണ് നിലവിലുള്ളത്.

തമിഴ്നാട്ടിലെ പൊള്ളാച്ചി, ആനമല, അവിനാശി മേഖലകളിൽ നിന്നാണ് പാലക്കാട് വഴി കേരളത്തിലേക്ക് പ്രധാനമായും തേങ്ങയെത്തുന്നത്. ജില്ലയ്ക്കകത്തു നിന്നുള്ള നാളികേര ലഭ്യത കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നു. രാമായണമാസം ആരംഭിച്ചതോടെ വിപണിയിൽ നാളികേര വിൽപന വലിയ തോതിൽ വർധിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോൾ ആവശ്യം ഇനിയും ഉയരുമെന്നും, അതുകൊണ്ട് തന്നെ വില കുറയാൻ സാധ്യതയില്ലെന്നും വ്യാപാരികൾ വിലയിരുത്തുന്നു. ഏപ്രിൽ പകുതിക്ക് ശേഷം പാലക്കാട്ട് നാളികേര വില 50 രൂപയ്ക്ക് മുകളിൽ പോയിരുന്നില്ല. ഒരു ഘട്ടത്തിൽ മൊത്തവില 35 രൂപ വരെയായി ഇടിഞ്ഞിരുന്ന സ്ഥാനത്താണ് ഇപ്പോൾ വില വീണ്ടും കുതിച്ചുയരുന്നത്.****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373106/palakkad-coconut-price-hike-tamilnadu-copra-rate-)