---
title: "ഡൽഹിയിൽ നാടകീയ രംഗങ്ങൾ: സോനം വാങ്ചുക്കിനെ പൊലീസ് ബെഡ്ഷീറ്റിൽ മൂടി അറസ്റ്റ് ചെയ്ത് നീക്കി; ജന്തർ മന്തറിൽ വൻ സംഘർഷം"
english_title: "Sonam Wangchuk Detained by Delhi Police After 21 Days of Hunger Strike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373096/delhi-police-detains-sonam-wangchuk-jantar-mantar-hunger-strike"
published_at: "2026-07-18T08:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5af0fcc899a_delhi-police-detains-sonam-wangchuk-jantar-mantar-hunger-strike.jpg"
keywords: ["Sonam Wangchuk", "Jantar Mantar Protest", "Delhi Police", "Dharmendra Pradhan", "CJPI"]
---

# ഡൽഹിയിൽ നാടകീയ രംഗങ്ങൾ: സോനം വാങ്ചുക്കിനെ പൊലീസ് ബെഡ്ഷീറ്റിൽ മൂടി അറസ്റ്റ് ചെയ്ത് നീക്കി; ജന്തർ മന്തറിൽ വൻ സംഘർഷം

> **Lead Summary:** **ന്യൂഡൽഹി: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തീർത്തും സമാധാനപരമായി മുന്നോട്ട് പോയ സമരപ്പന്തലിലേക്ക് പൊലീസും കേന്ദ്രസേനയും ഇരച്ചുകയറി അപ്രതീക്ഷിത നടപടി സ്വീകരിക്കുകയായിരുന്നു.

## Article Content

**ന്യൂഡൽഹി: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തീർത്തും സമാധാനപരമായി മുന്നോട്ട് പോയ സമരപ്പന്തലിലേക്ക് പൊലീസും കേന്ദ്രസേനയും ഇരച്ചുകയറി അപ്രതീക്ഷിത നടപടി സ്വീകരിക്കുകയായിരുന്നു.

ഇതോടെ ജന്തർ മന്തർ വലിയ സംഘർഷാവസ്ഥയിലേക്ക് വഴിമാറി. വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. സിജെപി (സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്) സ്ഥാപകൻ അഭിജീത് ദീപ്‌കെ അടക്കമുള്ള പ്രമുഖ നേതാക്കൾ സമരസ്ഥലത്ത് ഇല്ലാത്ത സമയം നോക്കിയായിരുന്നു പൊലീസിന്റെ നീക്കം.

സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം വാങ്ചുക്കിനെ പരിശോധിക്കാനിരിക്കെയാണ് സുരക്ഷാസേന സമരപ്പന്തൽ വളഞ്ഞത്. വലിയ പൊലീസ് സന്നാഹത്തോടെ, വെളുത്ത ബെഡ്ഷീറ്റ് കൊണ്ട് പൂർണ്ണമായി മൂടിയാണ് സോനം വാങ്ചുക്കിനെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്.

ഇതിന് പിന്നാലെ സിജെപി പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ നേതാവ് അഭിജീത് ദീപ്‌കെ നിലവിൽ വീട്ടുതടങ്കലിലാണെന്നും പ്രവർത്തകർ ആരോപിച്ചു. തുടർച്ചയായ 21-ാം ദിവസമാണ് സോനം വാങ്ചുക്കിന്റെ നിരാഹാര സമരം പിന്നിടുന്നത്. 20 ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാരം 9.5 കിലോയോളം കുറഞ്ഞത് ആരോഗ്യനിലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി സമരപ്പന്തലിൽ വാങ്ചുക്കിന് നേരെ ചില സാമൂഹികവിരുദ്ധർ വസ്തുക്കൾ വലിച്ചെറിഞ്ഞ് ആക്രമണത്തിന് ശ്രമിച്ചതായി അഭിജീത് ദീപ്‌കെ വെളിപ്പെടുത്തിയിരുന്നു. നിരന്തരം അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

കഴിഞ്ഞ ജൂൺ 20-നാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ സമരം ആരംഭിച്ചത്. ജൂൺ 27 മുതൽ സോനം വാങ്ചുക്കും ഇതിന്റെ ഭാഗമായി നിരാഹാരം തുടങ്ങി. സിജെപിയുടെ സമരം 27-ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് പൊലീസിന്റെ ഈ നാടകീയ നീക്കം.

കോൺഗ്രസ് നേതാവ് ശശി തരൂർ, സി.പി.ഐ.എം, സി.പി.ഐ നേതാക്കൾ ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ സമരപ്പന്തലിലെത്തി നേരത്തെ വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373096/delhi-police-detains-sonam-wangchuk-jantar-mantar-hunger-strike)