---
title: "വിവാഹത്തിന് വിസമ്മതിച്ചതിന് ഇത്രയും ക്രൂരതയോ? കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ രണ്ട് ലക്ഷം ചെലവിട്ട് സൗണ്ട് പ്രൂഫ് റൂം ഒരുക്കി, പ്രതികൾ നടത്തിയത് മാസങ്ങൾ‍ നീണ്ട ഗൂഢാലോചന"
english_title: "Kilimanoor Attack: Soundproof Room Used To Brutally Assault Family Over Marriage Refusal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373090/kilimanoor-assault-soundproof-room-marriage-refusal"
published_at: "2026-07-18T08:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59d8673907e_thiruvananthapuram-kidnapping-father-son-marriage-dispute.jpg"
keywords: ["Kilimanoor Crime", "Kerala Police", "Domestic Violence", "Soundproof Room", "Attack"]
---

# വിവാഹത്തിന് വിസമ്മതിച്ചതിന് ഇത്രയും ക്രൂരതയോ? കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ രണ്ട് ലക്ഷം ചെലവിട്ട് സൗണ്ട് പ്രൂഫ് റൂം ഒരുക്കി, പ്രതികൾ നടത്തിയത് മാസങ്ങൾ‍ നീണ്ട ഗൂഢാലോചന

> **Lead Summary:** **തിരുവനന്തപുരം: **വിവാഹത്തിന് വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ കുടുംബാംഗങ്ങളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ മാസങ്ങളോളം ഗൂഢാലോചന നടത്തിയതായി പൊലീസ്.സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂർത്തിയാകാത്ത വീടാണ് ക്രൂരതയ്ക്കായി പ്രതികൾ തിരഞ്ഞെടുത്തത്.

## Article Content

**തിരുവനന്തപുരം: **വിവാഹത്തിന് വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ കുടുംബാംഗങ്ങളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ മാസങ്ങളോളം ഗൂഢാലോചന നടത്തിയതായി പൊലീസ്.സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂർത്തിയാകാത്ത വീടാണ് ക്രൂരതയ്ക്കായി പ്രതികൾ തിരഞ്ഞെടുത്തത്.

ആളൊഴിഞ്ഞ റബർ തോട്ടത്തിനു നടുവിലുള്ള വീടായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടില്ലെന്ന് ഉറപ്പിച്ചാണ് സ്ഥലം തിരഞ്ഞെടുത്തത്.മർദന വിവരം പുറത്തറിയാതിരിക്കാൻ വീടിനുള്ളിലെ ഒരു മുറിയിൽ ഗ്ലാസുകൾ ഉപയോഗിച്ച് സൗണ്ട് പ്രൂഫ് സംവിധാനവും പ്രതികൾ ഒരുക്കി.

ഇതിനായി ഏകദേശം 2 ലക്ഷം രൂപ ചെലവായതായാണ് പൊലീസിന്റെ നിഗമനം. റൂമിൽ മുൻപേ സ്ഥാപിച്ച ഇരുമ്പ് തൂണിലാണ് മേസ്തിരി അനിൽ കുമാറിനെ കെട്ടിയിട്ട് മർദിച്ചത്.അറ്റകുറ്റപ്പണിയുടെ പേരിൽ അനിൽ കുമാറിനെ ഒരു മാസം മുൻപ് ഇതേ വീട്ടിൽ എത്തിച്ചതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു.

അന്ന് വീട് കാണാനെത്തിയ അനിൽകുമാറിനോട് വീട്ടുടമ വിദേശത്താണെന്നും അവിടെ നിന്ന് പണം അയച്ചാൽ ജോലി തുടങ്ങാമെന്നും പറഞ്ഞ് തിരിച്ചയച്ചു.പിന്നീട് ഉടമ പണം അയച്ചുവെന്നും കരാർ തീരുമാനിക്കാമെന്നും പറഞ്ഞ് വ്യാഴ്ച രാവിലെ ഫോൺ സന്ദേശം അയച്ചു. ഇതനുസരിച്ച് സ്വന്തം സ്കൂട്ടറിൽ അനിൽകുമാർ വെള്ളല്ലൂർ വട്ടവിളയിലെ വീട്ടിലെത്തി.

വിവാഹത്തിന് വിസമ്മതിച്ചതിലെ വൈരാഗ്യത്തിലാണ് യുവതിയുടെ സഹോദരൻ അച്ചുവിനെയും പ്രതികൾ മർദിച്ചത്. പിന്നീട് അനിൽകുമാറിന്റെ ഭാര്യ സ്വപ്നയെയും വിളിച്ചു വരുത്താനായി മകനെ അയച്ചു. അക്രമി സംഘത്തിലെ ഒരാൾ ബൈക്കിൽ അച്ചുവിനെ അനുഗമിച്ചു. വീട്ടിനുള്ളിൽ കയറിയ സമയത്താണ് മകൻ അമ്മയെ വിവരം അറിയിച്ചത്. 

ഉടൻ സ്വപ്ന ചെറുന്നിയൂർ പ്രസിഡന്റിനെ ഫോണിൽ ബന്ധപ്പെട്ടു. വൈകിട്ട് ഏഴോടെ വർക്കല പൊലീസ് വട്ടവിളയിലെ വീട്ടിലെത്തിയാണ് അനിൽ കുമാറിനെ മോചിപ്പിച്ചത്. ക്രൂരമർദനമേറ്റ ഇയാളെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അനിൽകുമാറിനെയും മകനെയും ബന്ദിയാക്കിയ വീട്ടിൽ നിന്നു പടക്കം, കളിത്തോക്ക്, കരിമരുന്ന്, ബൈക്കിന്റെ കേബിൾ, ചങ്ങല എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതികളിൽ 4 പേരെ തിരിച്ചറിഞ്ഞതായി കിളിമാനൂർ പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.

കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രൂരമായ ആക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373090/kilimanoor-assault-soundproof-room-marriage-refusal)