---
title: "കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ പൂട്ടുതകർത്ത് അരലക്ഷത്തിലേറെ രൂപ കവർന്നു"
english_title: "Theft Reported Again Near Kannur Old Bus Stand, Two Shops Targeted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373087/kannur-old-bus-stand-theft-two-shops-looted"
published_at: "2026-07-18T07:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5721d849dfd_kottayam-vaikom-theft-case-elderly-woman-catches-thief.jpg"
keywords: ["Kannur Theft", "Old Bus Stand", "Yogasala Road", "Kannur Police", "Traders Protest"]
---

# കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ പൂട്ടുതകർത്ത് അരലക്ഷത്തിലേറെ രൂപ കവർന്നു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും മോഷണം. യോഗശാല റോഡിന് സമീപത്തെ രണ്ട് കടകളാണ് മോഷ്ടാക്കൾ കേന്ദ്രീകരിച്ചത്.യോഗശാല റോഡിലെ കെ. റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഐപിഎച്ച് ബുക്സ്റ്റാളിന്റെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും മോഷണം. യോഗശാല റോഡിന് സമീപത്തെ രണ്ട് കടകളാണ് മോഷ്ടാക്കൾ കേന്ദ്രീകരിച്ചത്.യോഗശാല റോഡിലെ കെ. റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഐപിഎച്ച് ബുക്സ്റ്റാളിന്റെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.

മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ കവർന്നാണ് ഇവർ കടന്നുകളഞ്ഞത്.ഇതിന് സമീപത്തെ കെപി സ്വാലിഹിന്റെ ഉടമസ്ഥതയിലുള്ള സ്വാലിഹ് ഹോളിഡെയ്സ് ടൂർസ് ആന്റ് ട്രാവൽസിന്റെ ഷട്ടറും തകർത്തു. ഇവിടെ നിന്ന് മേശവലിപ്പിലുണ്ടായിരുന്ന 2,100 രൂപയും മോഷ്ടാക്കൾ കൊണ്ടുപോയി.കടയുടെ പുറത്ത് സ്ഥിരമായി നാടോടികൾ കിടന്നുറങ്ങാറുണ്ടെന്ന് കടയുടമകൾ പറഞ്ഞു.

സംഭവമറിഞ്ഞ് കണ്ണൂർ ടൗൺ എസ്ഐ ടിഎം വിപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.രാത്രി പട്രോളിംഗ് ശക്തമല്ലാത്തതിനാലാണ് നഗരത്തിൽ മോഷണങ്ങൾ വർധിക്കുന്നതെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.

പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി മോഷണം നടക്കുന്നതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെവി സലീം പ്രതിഷേധിച്ചു. ഈ കാര്യത്തിൽ കോർപറേഷൻ അധികൃതരും പൊലീസും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

> "പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം വ്യാപകമാണ്. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം" കെവി സലീം പറഞ്ഞു.ഒരു മാസം മുൻപ് കണ്ണൂർ പ്രസ് ക്ലബ് റോഡിലെ ആറ് കടകളിൽ മോഷണം നടന്ന് പണവും സാധനങ്ങളും കവർന്ന കേസിലെ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്. പ്രദേശത്തെ വ്യാപാരികൾക്ക് ഇത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373087/kannur-old-bus-stand-theft-two-shops-looted)