---
title: "'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'; കോഴിക്കോട് മാനാഞ്ചിറ ഓപ്പൺജിമ്മിൽ കയറിയ കുട്ടിയെ അസഭ്യംപറഞ്ഞ് പരിശീലകൻ; അച്ഛനെയും കുഞ്ഞിനെയും പിടിച്ചുതള്ളി"
english_title: "Trainer Misbehaves With 3.5-Year-Old Boy And Father At Kozhikode Open Gym"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373083/kozhikode-mananthira-open-gym-trainer-misbehavior-complaint"
published_at: "2026-07-18T06:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ad65290f3b_kozhikode-mananthira-open-gym-trainer-misbehavior-complaint.jpg"
keywords: ["Kozhikode News", "Mananchira", "Open Gym", "Child Rights", "Sports Council"]
---

# 'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'; കോഴിക്കോട് മാനാഞ്ചിറ ഓപ്പൺജിമ്മിൽ കയറിയ കുട്ടിയെ അസഭ്യംപറഞ്ഞ് പരിശീലകൻ; അച്ഛനെയും കുഞ്ഞിനെയും പിടിച്ചുതള്ളി

> **Lead Summary:** **കോഴിക്കോട്: ** മാനഞ്ചിറയിലെത്തിയ അച്ഛനോടും മൂന്നരവയസുകാരനായ മകനോടും ഓപ്പൺ ജിമ്മിലെ ട്രെയിനർ മോശമായി പെരുമാറിയതായി പരാതി. അറിയാതെ ഓപ്പൺ ജിമ്മിൽ ഓടിക്കയറിയ കുട്ടിയെ പരസ്യമായി ചീത്തവിളിച്ചെന്നും അച്ഛനെയും കുട്ടിയെയും ജിമ്മിൽനിന്ന് പുറത്തേക്ക് പിടിച്ച് തള്ളിയതായും പരാതി . ട്രെയിനർ അനിൽകുമാറിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

## Article Content

**കോഴിക്കോട്: ** മാനഞ്ചിറയിലെത്തിയ അച്ഛനോടും മൂന്നരവയസുകാരനായ മകനോടും ഓപ്പൺ ജിമ്മിലെ ട്രെയിനർ മോശമായി പെരുമാറിയതായി പരാതി. അറിയാതെ ഓപ്പൺ ജിമ്മിൽ ഓടിക്കയറിയ കുട്ടിയെ പരസ്യമായി ചീത്തവിളിച്ചെന്നും അച്ഛനെയും കുട്ടിയെയും ജിമ്മിൽനിന്ന് പുറത്തേക്ക് പിടിച്ച് തള്ളിയതായും പരാതി . ട്രെയിനർ അനിൽകുമാറിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഒഴിവുസമയം ചെലവഴിക്കാനാണ് ഈസ്റ്റ്ഹിൽ സ്വദേശിയായ അച്ഛനും മകനും മാനാഞ്ചിറയിലെത്തിയത്. ഓപ്പൺ ജിം പരിസരത്തെത്തിയപ്പോൾ കുട്ടി അവിടേക്ക് പെട്ടെന്ന് ഓടി കയറുകയായിരുന്നു. കുട്ടികൾക്ക് പ്രവേശനമില്ലാത്തതിനാൽ അച്ഛൻ പിന്നാലെ ചെന്ന് കുട്ടിയെ എടുത്തു. അപ്പോഴേക്കും കുട്ടിക്കും പിതാവിനും നേരെ ആക്രോശിച്ച് ട്രെയിനറായ അനിൽകുമാറെത്തുകയായിരുന്നു.

ഭയന്നുവിറച്ച് കരഞ്ഞ കുഞ്ഞിനെയെടുത്ത് പുറത്തേക്കിറങ്ങാൻ ശ്രമിച്ച അച്ഛനെ ഇയാൾ പിടിച്ചു തള്ളി. ചെറിയകുട്ടിയാണ് മര്യാദയ്ക്ക് ഇടപെടണമെന്ന് അച്ഛൻ അനിൽകുമാറിനോട് പറഞ്ഞപ്പോൾ 'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'ന്നായിരുന്നു മറുപടി.

തുടർന്ന് അച്ഛൻ തൊട്ടടുത്തുള്ള സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തി പരാതി നൽകി. അധികൃതർ ട്രെയിനറെ ഇവിടേക്ക് വിളിച്ചുവരുത്തി. മനുഷ്യത്വപരമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ അവിടെവെച്ചും കയ്യേറ്റം ചെയ്യുമെന്ന രീതിയിലാണ് ഇയാൾ പെരുമാറിയതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

സ്പോർട്സ് കൗൺസിൽ അധികൃതരാണ് ഇയാളെ പിടിച്ചുമാറ്റിയത്. ടൗൺ പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മിഷനിലും ശനിയാഴ്ച കുടുംബം പരാതി നൽകും. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്‌പോർട്‌സ് കൗൺസിലിന്റെ മേൽനോട്ടത്തിലുള്ളതാണ് ഈ ഓപ്പൺ ജിം. പരാതി ലഭിച്ചിട്ടുണ്ട്, സംഭവം അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373083/kozhikode-mananthira-open-gym-trainer-misbehavior-complaint)